അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് എറിക്‌സണ്‍

Thursday 4 October 2018 2:41 am IST

ന്യൂദല്‍ഹി: വായ്പാത്തുക തിരിച്ചു നല്‍കിയില്ലെന്നാരോപിച്ച് സ്വീഡിഷ് ടെലികോം ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ്‍ കോടതിയലക്ഷ്യത്തിന് റിലയന്‍സ് കമ്മ്യൂണിക്കേഷനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. കമ്പനിക്ക് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തിരികെ നല്‍കാനുള്ള 550 കോടി നല്‍കുന്നതില്‍ ബോധപൂര്‍വം വീഴ്ചവരുത്തി എന്നാരോപിച്ചാണ് അനില്‍ അംബാനിയും കമ്പനിയുടെ രണ്ട് സീനിയര്‍ എക്‌സിക്യൂട്ടീവുകളും ഇന്ത്യ വിട്ട് പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് എറിക്‌സണ്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. രാജ്യത്തെ നിയമത്തിന് വില കല്‍പിക്കാത്ത ഇക്കൂട്ടര്‍ നിയമത്തെ നിന്ദിച്ചു. കോടതിയുടെ അനുവാദമില്ലാതെ ഇവര്‍ ആരും രാജ്യം വിടരുത്. നീതിക്ക് വേണ്ടി ഈ നടപടികള്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്നും എറിക്‌സണ്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.   

അതേസമയം ബാധ്യത തീര്‍ക്കാന്‍ 60 ദിവസം കൂടി ആവശ്യപ്പെട്ട് റിലയന്‍സ് അധികൃതര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കുമെങ്കിലും എറിക്‌സണ്‍ ഇതംഗീകരിച്ചിട്ടില്ല. എറിക്‌സണ്‍ അനില്‍ അംബാനി ഗ്രൂപ്പിനെതിരെ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിച്ചേക്കും. 

റിലയന്‍സ് കമ്മ്യൂണിക്കേഷന് 45,000 കോടിയുടെ കടബാധ്യതയുള്ള സമയത്താണ് എറിക്‌സണുമായി സാമ്പത്തിക ഇടപാടുണ്ടാകുന്നത്. ഇടപാടിനത്തില്‍ 1600 കോടിയാണ് അനില്‍ അംബാനി ഗ്രൂപ്പ് നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ കോടതിയുമായി ചേര്‍ന്നുണ്ടാക്കിയ ധാരണയില്‍ തിരിച്ചു നല്‍കാനുള്ള തുക 550 കോടിയില്‍ ഉറപ്പിച്ചു. സെപ്തംബര്‍ 30ന് മുമ്പ് നല്‍കാനായിരുന്നു കരാര്‍. എന്നാല്‍ കാലാവധി അവസാനിച്ചിട്ടും തുക തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ രണ്ടാമതും കോടതിയെ സമീപിച്ചിരിക്കുന്നത്. 

കടബാധ്യതകള്‍ തീര്‍ക്കുന്നതിനായി റിലയന്‍സിന്റെ രാജ്യത്തെ ആസ്തികള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയ്ക്ക് 25,000 കോടി രൂപയ്ക്ക് വിറ്റിരുന്നു.എന്നാല്‍ ടെലികോം വകുപ്പുമായി ബാങ്കിലെ ഈടിനെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സ്‌പെക്ട്രം കൈമാറ്റത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. എറിക്‌സണുമായുള്ള തര്‍ക്കം വീണ്ടും കോടതിയിലെത്തുന്നതോടെ കമ്പനി കൂടുതല്‍ നിയമക്കുരുക്കിലാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.