ട്രയംഫ് മിസൈല്‍ ഇന്ത്യ സ്വന്തമാക്കും; കരാര്‍ ഈയാഴ്ച

Thursday 4 October 2018 2:43 am IST

മോസ്‌കോ: യുഎസ് ഉപരോധത്തിന് വഴങ്ങാതെ ഇന്ത്യ ഈ ആഴ്ച റഷ്യയില്‍ നിന്നും എസ്-400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഒപ്പുവയ്ക്കുമെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നും നാളെയും ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ വക്താവ് യുറേ യുഷ്‌കോവ് വ്യക്തമാക്കി.

റഷ്യയുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍ എതിരാളിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നവര്‍ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തുന്ന കാറ്റ്‌സ ഉപരോധം ഇന്ത്യക്കുമേലും ഏര്‍പ്പെടുത്തുമെന്നാണ് യുഎസിന്റെ ഭീഷണി. യുഎസ് ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്ന് ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് തയാറാക്കിയ നിയമമാണ് കാറ്റ്സ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട് (സിഎഎടിഎസ്എ). 

യുഎസ് ഇക്കാര്യം വ്യക്തമാക്കിയതിനു പിന്നാലെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും റഷ്യയുമായുള്ള പ്രതിരോധ മേഖലയിലെ ബന്ധം ദൃഢമാണെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. 500 കോടി ഡോളറിന്റെ  അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ്-400 ട്രയംഫ്. അഞ്ച് ട്രയംഫ് മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്.

2007ലാണ് ഈ മിസൈല്‍ റഷ്യ വികസിപ്പിച്ചത്. 400 കിലോമീറ്റര്‍ ചുറ്റളവിലുള്ള 300 ലക്ഷ്യങ്ങള്‍ ഒരേ സമയം തിരിച്ചറിയാനും 36 ശത്രു വിമാനങ്ങളെ ഒരേ സമയം വീഴ്ത്താനും കഴിവുള്ളതാണ് എസ്-400 മിസൈല്‍. ഇതുതന്നെയാണ് റഷ്യയുമായുള്ള ഇടപാട് അമേരിക്കയുടെ പ്രതിരോധ വിപണിക്ക് വെല്ലുവിളിയാകുന്നതും. റഷ്യയുടെ പക്കല്‍ നിന്ന് യുദ്ധക്കപ്പലുകള്‍ വാങ്ങുന്നതിനുള്ള മറ്റൊരു കരാര്‍ കൂടി ഇരുരാജ്യങ്ങളും ഒപ്പിടുമെന്നും ഒദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.