'ഒന്നി'ൽ തുടരാൻ ഇന്ത്യ

Thursday 4 October 2018 2:50 am IST

രാജ്‌കോട്ട്: ഇംഗ്ലണ്ടിലെ വേഗമേറിയ പിച്ചുകളില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ നാട്ടില്‍ പരമ്പര ലക്ഷ്യമിട്ട് ഇറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളുളള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്ക് നിലനിര്‍ത്താനുളള ഒരുക്കത്തിലാണ് കോഹ്‌ലിയും കൂട്ടരും. 

രണ്ട് ടെസ്റ്റുകളിലും വിജയം വരിച്ചാല്‍ ഇന്ത്യക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരാം. നിലവില്‍ 115 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. പരമ്പര 0-2 ന് തോറ്റാല്‍ ഇന്ത്യയുടെ പോയിന്റ് 108 ആയി കുറയും. കൂടാതെ ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമൊരുങ്ങുകയും ചെയ്യും. പാക്കിസ്ഥാനെതിരായ പരമ്പര 2-0 ന് നേടിയാല്‍ ഓസ്‌ട്രേലിയ ഒന്നാം റാങ്കിലേക്ക് ഉയരും.

അതേസമയം വെസ്റ്റ് ഇന്‍ഡീസ് 2-0 ന് പരമ്പര ജയിച്ചാലും റാങ്കിങ്ങ് മെച്ചപ്പെടുത്താനാകില്ല. എട്ടാം സ്ഥാനത്ത് തന്നെ തുടരും.  പാക്കിസ്ഥാന്‍- ഓസീസ് പരമ്പര ഞായറാഴ്ച യുഎഇ യില്‍ ആരംഭിക്കും.

ഏഷ്യാ കപ്പിനുശേഷം ടീമില്‍ തിരിച്ചെത്തിയ നായകന്‍ വിരാട് കോഹ്‌ലിക്ക് വിന്‍ഡീസിനെതിരായ പരമ്പര നിര്‍ണായകമാണ്. ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കോഹ് ലിക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കണം. ഇംഗ്ലണ്ടില്‍ ടീം 1-4 ന് തകര്‍ന്നടിഞ്ഞെങ്കിലും ബാറ്റിങ്ങില്‍ കോഹ്‌ലി തിളങ്ങി. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിനെക്കാള്‍ ഒരു പോയിന്റിനാണ് മുന്നിട്ടുനില്‍ക്കുന്നത്.

കോഹ്‌ലി തിരിച്ചെത്തിയതോടെ ഇന്ത്യയുടെ ബാറ്റിങ്ങ് ശക്തമായി. അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പൃഥ്വി ഷാ ഇന്ന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. കെ.എല്‍ രാഹുലിനൊപ്പം ഷാ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങും. പതിനാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ഷാ 1418 റണ്‍സ് നേടി. 56.72 ശതമാനമാണ് ശരാശരി. 76.69 ശതമാനമാണ് സ്‌ട്രൈക്ക് റേറ്റ്. 

സ്വന്തം മണ്ണില്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ സമനില നേടിയും ബംഗ്ലാദേശിനെ 2-0 ന് കീഴടക്കിയുമാണ് ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ നേരിടാന്‍ എത്തുന്നത്. 2014 ല്‍ ബോര്‍ഡും കളിക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള പര്യടനം ഉപേക്ഷിച്ചതിനുശേഷം ഇതാദ്യമായാണ് വിന്‍ഡീസ് ഇന്ത്യയിലെത്തുന്നത്.

ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും  എതിരെ കാഴ്ചവെച്ച പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസ്. ഏറ്റവും മികച്ച പേസറായ കെമാര്‍ റോച്ച് ആദ്യ ടെസ്റ്റില്‍ കളിക്കാത്തത് വിന്‍ഡീസിന് തിരിച്ചടിയായി.  അമ്മൂമ്മ മരിച്ചതിനെ തുടര്‍ന്ന് കെമാര്‍ നാട്ടിലേക്ക് മടങ്ങി. രണ്ടാം ടെസ്റ്റിന് മുമ്പ് തിരിച്ചെത്തും.

ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ ഇന്ത്യയും വിന്‍ഡീസും 45 ടെസ്റ്റ് കളിച്ചു. ഇതില്‍ പതിനൊന്നില്‍ ഇന്ത്യയും പതിനാലില്‍ വിന്‍ഡീസും വിജയിച്ചു. ഇരുപത് മത്സരം സമനിലയായി. മൊത്തം 94 ടെസ്റ്റുകളില്‍ ഇരു ടീമുകളും പോരടിച്ചു. ഇതില്‍ മുപ്പതിലും വിന്‍ഡീസാണ് വിജയക്കൊടി പാറിച്ചത്. ഇന്ത്യ പതിനെട്ട് മത്സരം വിജയിച്ചു. 46 മത്സരങ്ങള്‍ സമനിലയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.