ഇന്ദ്രജാലം തീര്‍ത്ത സംവിധായകന്‍

Thursday 4 October 2018 9:28 am IST

ഒന്നുസംഭവിക്കുമ്പോള്‍ ചിലപ്പോള്‍ മറ്റൊന്നുകൂടി സംഭവിച്ചെന്നുവരാം. അതാണ് രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയും  സംഭവിച്ചത്. മോഹന്‍ലാല്‍ എന്ന താരരാജാവിന്റെ പിറവിയും മലയാളത്തിലെ ഏക്കാലത്തേയും വിജയചിത്രത്തിന്റെ ഉദയവും. മലയാള സിനിമയുടെ ഹിറ്റു ചാര്‍ട്ട്പരിശോധിക്കുമ്പോള്‍ കാണാം വ്യാകരണ ശാസ്ത്രങ്ങള്‍ തിരുത്തിക്കുറിച്ചതായിരുന്നു രാജാവിന്റെ മകന്‍. തമ്പി കണ്ണന്താനത്തെ മലയാള സിനിമയില്‍ സൂപ്പര്‍ സംവിധായകനായി അവരോധിച്ച സിനിമയാണിത്. താരങ്ങളുടെ പേരുനോക്കി സിനിമ കാണുന്നതുപോലെ സംവിധായകരെ കാണികള്‍ ശ്രദ്ധിക്കുന്ന അക്കാലത്ത് തമ്പി കണ്ണന്താനം എന്ന മുദ്രയും അവരില്‍ പതിയുകയായിരുനാനു. 

ചിലപ്പോള്‍ ഇന്ദ്രജാലംപോലെ അതിശയിപ്പിക്കും. മാന്ത്രികംപോലെ മാഞ്ഞുപോകും. ജീവിതം അങ്ങനെയാണ്. കണ്ണടയ്ക്കുന്നതിനിടയിലെ ആയുസുപോലെ ഒരു മിന്നര്‍പ്പിണര്‍. തമ്പി കണ്ണന്താനം യാത്രയാകുമ്പോള്‍ ഇത്രയുമൊക്കെ ആരും ഓര്‍ത്തുപോകും.സിനിമയില്‍ സജീവമായിരുന്നപ്പോള്‍ തമ്പി കണ്ണന്താനം എന്നപേര് ഹിറ്റ് ചിത്രങ്ങളുടെ മേല്‍വിലാസമായിരുന്നു.പാസ്‌പ്പോര്‍ട്ട്, മാന്ത്രികം, ഇന്ദ്രജാലം,രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്ക•ാര്‍, വഴിയോരക്കാഴ്ചകള്‍, ഒന്നാംന്‍, നാടോടി എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. ഡെന്നീസ് ജോസഫ്, മോഹന്‍ ലാല്‍, തമ്പി കണ്ണന്താനം എന്ന കൂട്ടുകെട്ട് 80-90 കളിലെ വിജയക്കുറിയായിരുന്നു. രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്ക•ാര്‍, വഴിയോരക്കാഴ്ചകള്‍, ഇന്ദ്രജാലം എന്നിവ ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ വന്‍ഹിറ്റുകളായി. സംവിധായകന്‍ ജോഷിയാണ് തമ്പിക്കുവേണ്ടി ഡെന്നീസിനോട് തിരക്കഥയുടെ കാര്യം പറഞ്ഞത്.താവളം, പാസ്‌പ്പോര്‍ട്ട് തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോഴായിരുന്നു ജോഷിയുടെ ഈ ആവശ്യം.രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസ് എന്ന അധോലോക നായകന്റെ വേഷത്തില്‍ മോഹന്‍ലാല്‍ പറയുന്ന ചില തീപ്പൊരി ഡയലോഗുകള്‍ അന്ന് കാണികള്‍ പറഞ്ഞു നടന്നിരുന്നത് വലിയ ഹരത്തോടെയായിരുന്നു. 

പഴയ സിനിമാക്കാരെപ്പോലെ കോടമ്പക്കത്തേക്കു വണ്ടികയറിയ ആളാണ് തമ്പി കണ്ണന്താനവും. ശശികുമാര്‍ തുടങ്ങിയ അന്നത്തെ വമ്പന്‍മാരുടെ കീഴില്‍ സിനിമ പഠിച്ചയാളാണ് ഈ കാഞ്ഞിരപ്പള്ളിക്കാരന്‍. അന്‍പതോളം സിനിമകളില്‍ അസോസിയേറ്റായി. 1983 ല്‍ ചെയ്ത താവളം ആയിരുന്നു ആദ്യസിനിമ. നിര്‍മാതാവായും നടനായും കൂടി മാറിയ തമ്പി കണ്ണന്താം പ്രായം വഴിമാറി ഒഴുകിയൊരു ചെറുപ്പത്തിനുടമയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.