ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ടീമിനു പുറത്ത്

Thursday 4 October 2018 7:29 pm IST

ലിസ്ബണ്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍നിന്നു പുറത്താക്കി. ഈ മാസം നടക്കുന്ന മത്സരങ്ങളില്‍നിന്നാണ് റോണോയെ ഒഴിവാക്കിയത്. താരത്തിനെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണു നടപടിയെന്നാണു സൂചന. 

ഇതോടെ ഈ മാസം പതിനൊന്നിനു നടക്കുന്ന പോളണ്ടിനെതിരായ യുവേഫ നേഷന്‍സ് ലീഗ് മത്സരവും മൂന്നു ദിവസത്തിനുശേഷം സ്‌കോട്‌ലന്‍ഡിനെതിരേ നടക്കുന്ന സൗഹൃദ മത്സരവും റൊണാള്‍ഡോയ്ക്കു നഷ്ടപ്പെടും. നവംബറില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിലും റൊണാള്‍ഡോയെ ഉള്‍പ്പെടുത്തില്ലെന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് റൊണാള്‍ഡോയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പരിശീലകന്‍ തയാറായില്ല. 154 മത്സരങ്ങളില്‍നിന്നായി പോര്‍ച്ചുഗലിനുവേണ്ടി 85 ഗോളുകള്‍ നേടിയ താരമാണ് റൊണാള്‍ഡോ.

അതേസമയം, റൊണാള്‍ഡോ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചിട്ടുണ്ട്. യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലില്‍ റൊണാള്‍ഡോ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. 

യുവന്റസ് താരമായ റൊണാള്‍ഡോ ആരോപണം നിഷേധിച്ചിട്ടുണ്ട്. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാന്‍ അവര്‍ ശ്രമിക്കുകയാണ് എന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം. 2009 ല്‍ ആണ് കേസിനാസ്പദമായ സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.