കണ്ണൂര്‍ മെഡി. കോളേജ് പ്രവേശന ക്രമക്കേട്; അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

Friday 5 October 2018 1:17 am IST

ന്യൂദല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശന ക്രമക്കേട് സംബന്ധിച്ച അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. മെഡിക്കല്‍ പ്രവേശന മേല്‍നോട്ട സമിതിക്കാണ് അന്വേഷണ ചുമതല. നേരത്തെ സിബിഐ അന്വേഷണത്തിന് നിര്‍ദേശിക്കുമെന്ന് കോടതി പരാമര്‍ശം നടത്തിയെങ്കിലും പ്രവേശന മേല്‍നോട്ട സമിതിയുടെ അന്വേഷണം മതിയെന്ന് വിധിക്കുകയായിരുന്നു. 

2016-17 അധ്യയന വര്‍ഷം ക്രമവിരുദ്ധമായി പ്രവേശനം നേടിയ 150 വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ തുക ഇരട്ടിയാക്കി തിരികെ കൊടുക്കണമെന്നും കോടതി വിധിച്ചിരുന്നതാണ്. എന്നാല്‍ പത്തുലക്ഷം രൂപ മാത്രമേ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയുള്ളൂവെന്നാണ് കോളേജ് അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തുകയായിരുന്നു. മുപ്പത് ലക്ഷവും അമ്പതു ലക്ഷവും നല്‍കിയവര്‍ വരെയുണ്ടെന്നും ഇരുപത് ലക്ഷം തിരികെ നല്‍കി കോളേജ് അധികൃതര്‍ പറ്റിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ ആരോപിച്ചിരുന്നു. 

ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയോ എന്ന് പരിശോധിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് തലവരിപ്പണം വാങ്ങിയോ എന്നതു സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. നടപ്പു വിദ്യാഭ്യാസവര്‍ഷം കോളേജിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശന അനുമതി നല്‍കേണ്ടതില്ലെന്നും കോടതി തീരുമാനിച്ചു. പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.