നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

Friday 5 October 2018 4:09 am IST

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റതിന് പിന്നാലെ കേസുകളില്‍ കര്‍ശന നിലപാടുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ആക്ടിവിസ്റ്റ് മേലങ്കി അണിഞ്ഞ് സുപ്രീംകോടതിയില്‍ രാഷ്ട്രീയ പ്രസംഗം നടത്തുന്ന ചില മുതിര്‍ന്ന അഭിഭാഷകര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുന്ന മൂന്നു ഉത്തരവുകളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്നലെ പുറപ്പെടുവിച്ചത്. ശബ്ദമുയര്‍ത്തിയും സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ചും കോടതിയെ വരുതിയില്‍ നിര്‍ത്താനുള്ള ചില അഭിഭാഷകരുടെ സംഘടിത ശ്രമം ഇനി സുപ്രീംകോടതിയില്‍ അനുവദിക്കില്ലെന്ന സന്ദേശവും അദ്ദേഹം നല്‍കി. ഇന്നലെ ഒന്നാം നമ്പര്‍ കോടതിയില്‍ നിന്ന് പുറപ്പെടുവിച്ച മൂന്നു സുപ്രധാന വിധികള്‍ ഇവയാണ്;

 ഏഴ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകാമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാടു കടത്തലിനെതിരെ അഡ്വ. പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളി. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ട കോടതിയുടെ ഉത്തരവാദിത്വത്തെപ്പറ്റി അറിയാമെന്നും അതാരും ഓര്‍മ്മപ്പെടുത്തേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പ്രശാന്ത് ഭൂഷണോട് പറഞ്ഞു. 

വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് എതിരായ കേസില്‍ ഗുജറാത്ത് പോലീസിനെതിരെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ്  തള്ളി.  പോലീസ് നടപടി ചോദ്യം ചെയ്ത ശ്വേതാഭട്ടിന്റെ ഹര്‍ജിയാണ് തള്ളിയത്. ഇരുപത് വര്‍ഷം മുമ്പത്തെ കേസിലാണ് ഭട്ടിനെതിരെ പരാതി ഉയര്‍ന്നത്. ഇതില്‍ ഇടപെടാനാവില്ലെന്ന് ഗൊഗോയ് പറഞ്ഞു. 

മതവികാരം വ്രണപ്പെടുത്തിയാല്‍ ജാമ്യമില്ല

ന്യൂദല്‍ഹി: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ അഭിജിത്ത് അയ്യര്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ഒറീസയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലെ ശില്‍പ്പങ്ങള്‍ക്കെതിരെ വീഡിയോയിലൂടെയായിരുന്നു അയ്യരുടെ പരിഹാസം. ഒറിയ ജനതയുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസെടുക്കുകയായിരുന്നു. ഇതില്‍ ജാമ്യം തേടിയാണ് അയ്യര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തിയാല്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അയ്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ജയിലാണ് ഏറ്റവും സുരക്ഷിതമെന്ന് ചീഫ് ജസ്റ്റിസ് പരിഹസിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.