കണ്ണൂര്‍: പ്രളയത്തിന് ശേഷം കലപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കുന്നതിലൂടെ കലാകാരന്മാര് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് കേരള(സവാക്) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ അരങ്ങിന്റെ രോദനം സംഘടിപ്പിച്ചു. ഉത്സവാഘോഷങ്ങളും കലാപരിപാടികളും ഒഴിവാക്കിയതിനാല്‍ രണ്ട് മാസത്തിലധികമായി കലാകാരന്മാര് പട്ടിണിയും പരിവട്ടവുമായി ഉഴലുകയാണ്. ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ കലാകാര കുടുംബങ്ങള്‍ക്ക് ധനസഹായവും പലിശരഹിത വായ്പയും അനുദിക്കണമെന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് കലാകാരന്മാര് ആവശ്യപ്പെട്ടു. സവാക് സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.വി.വത്സന് അധ്യക്ഷത വഹിച്ചു. വനിതാ സമിതി സംസ്ഥാന പ്രസിഡണ്ട് ബിന്ദു സജിത്ത് കുമാര്‍, സവാക് സംസ്ഥാനകമ്മറ്റിയംഗം ആര്‍ട്ടിസ്റ്റ് ശശികല, ജില്ലാ സെക്രട്ടറി ഹരിദാസ് ചെറുകുന്ന്, ഭാരവാഹികളായ കണ്ണൂര്‍ രത്നകുമാര്‍, എം.വി.ജി.നമ്പ്യാര്‍, ഗ്രീഷ്മലത, ബാബു കിഷോര്‍ എന്നിവര്‍ സംസാരിച്ചു. മൊടപ്പത്തി നാരായണന്, ഒ.മോഹനന്, സാജിദ് അഹമ്മദ്, പ്രേമലത കൊറ്റാളി എന്നിവര്‍ കലപരിപാടികള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: