സംഘത്തെ തിരിച്ചറിയണമെങ്കില്‍....

Saturday 6 October 2018 2:25 am IST
1942-ലെ ആര്‍എസ്എസ് പരിശീലന ക്യാമ്പില്‍ അന്നത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കര്‍ നടത്തിയ പ്രസംഗം... ബ്രിട്ടീഷുകാരെ സഹായിക്കുന്നവരെ അദ്ദേഹം വിമര്‍ശിച്ചത്, പിറ്റേന്ന് ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ സ്വയംസേവകര്‍ അവരുടേതായ ചുമതല വഹിക്കണമെന്നും വേണ്ടിവന്നാല്‍ ജീവന്‍ പോലും സമര്‍പ്പിക്കാന്‍ തയ്യാറാവണം എന്നും ആര്‍എസ്എസ് പ്രമേയം പാസ്സാക്കിയത്... ഇതൊക്കെ ചരിത്രരേഖകളിലുണ്ട്.

ആര്‍എസ്എസ് നേതാക്കള്‍ എഴുതിയ ചില പുസ്തകങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി ആ  സംഘടന എന്തെന്ന് അറിയാന്‍. ആര്‍എസ്എസിനെക്കുറിച്ച് എത്രയോ രേഖകള്‍, ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. ഇക്കാര്യത്തില്‍ എനിക്ക് ശുപാര്‍ശ ചെയ്യാനുള്ളത് മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ബൗദ്ധികാചാര്യനുമായ ആര്‍. ഹരി എഴുതിയ ' ആര്‍എസ്എസും ഉണരുന്ന ഹിന്ദുത്വവും' എന്ന ഗ്രന്ഥമാണ്. അതില്‍ സംഘ സ്ഥാപനകാലത്തെ ചിത്രം വ്യക്തതയോടെ വരച്ചുവെച്ചിട്ടുണ്ട്. ഡോ. ഹെഡ്‌ഗെവാര്‍ അന്ന് മനസ്സില്‍ കണ്ട ചിത്രം അതിലൂടെ വ്യക്തം. ലോകമാന്യ തിലകന്റെ നേതൃത്വത്തില്‍ നടക്കുന്ന പൗരുഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ മാര്‍ഗ്ഗത്തിലൂടെയുള്ള സമരരീതി; അതിനായി ഭഗവദ് ഗീതയെ അദ്ദേഹം ആശ്രയിച്ചത്; രണ്ടാമതായി, ഗാന്ധിജിയും അനുയായികളും സ്വീകരിച്ച അഹിംസയില്‍ അധിഷ്ഠിതമായ സമരരീതികള്‍; അഹിംസ സിദ്ധാന്തം താന്‍ ലക്ഷ്യമിട്ട വിധത്തില്‍ പ്രവൃത്തി പഥത്തിലെത്തിക്കാന്‍ ഗാന്ധിജിക്കാവതിരുന്ന കാലഘട്ടം.

ഗാന്ധിജിയുടെ അനുയായി ഗാന്ധിജി മാത്രമായിരുന്നു എന്ന് പറയാം; ആ മഹാത്മാവിന്റെ അഹിംസ ആത്മധൈര്യമില്ലാത്ത അനുയായികളുടെ കയ്യില്‍ ജാഡ്യമായി (  passivism ) അധഃപതിച്ചു എന്നും ആ സ്ഥിതിയെ വിശകലനം ചെയ്തുകൊണ്ട് ആര്‍. ഹരി വിശദീകരിക്കുന്നുണ്ട്. മൂന്നാമതായി ഡോക്ടര്‍ജി അന്ന് കണ്ടത് വിപ്ലവകാരികളെയാണ്. നാലാമത്, സര്‍ സി. ശങ്കരന്‍ നായരെപ്പോലുള്ള ഭരണഘടനവാദികള്‍. ഇവരെ നാലുകൂട്ടരേയും അവരുടെ ചിന്തകളെയും ഡോക്ടര്‍ജി വിലയിരുത്തിയിരുന്നു. ആരെയും വെറുത്തില്ല. എന്നാലവരുടെ സീമകള്‍ മനസ്സിലാക്കി. അതിനൊപ്പമാണ് നിസ്സഹകരണ സമരത്തിന്റെ കൂട്ടിനായി ഖിലാഫത് പ്രസ്ഥാനത്തെയും ഗാന്ധിജി പിന്തുണച്ചത് സൂചിപ്പിച്ചത്. ആ 'സമരാങ്കണത്തില്‍ വെച്ചുപോലും ഗാന്ധിജിയുടെ സഹ മഹാരഥികളായിരുന്ന ആലി സഹോദരന്മാര്‍ ഗാന്ധിത്തൊപ്പി ധരിച്ചിരുന്നില്ല' എന്നതും ഡോക്ടര്‍ജി കണ്ടത് ആര്‍.ഹരി ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

അതായത് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അന്ന് ഗാന്ധിജിക്കൊപ്പമായിരുന്നില്ല. മാത്രമല്ല മാപ്പിള ലഹളയുടെ മഹാ ദുരന്തം പേറേണ്ടിവന്നത് ഹിന്ദുസമൂഹമാണ് താനും. ഇതൊക്കെയാണ് മറ്റൊരു ദേശീയ പ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഡോക്ടര്‍ജിയെ ചിന്തിപ്പിച്ചത്. 'അനാദികാലം മുതല്‍ ഇവിടെ ജീവിച്ചുപോന്ന ഹിന്ദു സമാജമാണ് ഇവിടുത്തെ ദേശീയ സമാജം. അതിന്റെ ചുമലുകളിലാണ് ഈ ദേശത്തിന്റെ ചുമതല... അതിന്റെ ബലവും ദൗര്‍ബല്യവുമാണ് ഇവിടുത്തെ ദേശത്തിന്റെ ബലവും ദൗര്‍ബല്യവും. അതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുസമാജത്തെ ഉണര്‍ത്താനും സംഘടിപ്പിക്കാനും ചൈതന്യവും പ്രാപ്തിയും ആത്മവിശ്വാസവും ഉള്ളതാക്കാനും അദ്ദേഹം തീര്‍ത്തും നിശ്ചയിച്ചു...അങ്ങനെ 1925 ല്‍ ഹിന്ദുത്വമാണ് ദേശീയത്വം എന്ന സ്വയം സിദ്ധമായ സിദ്ധാന്തം സ്വീകരിച്ചുകൊണ്ട് ആ സമാജത്തെ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. (കേശവ: സംഘ നിര്‍മ്മാതാ- പുറം: 26-27). എന്താണിത് കാണിക്കുന്നത്; ഇത് ചരിത്രമല്ലേ; സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ വിരിഞ്ഞ പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നതിന് ഇതിനേക്കാള്‍ വലിയ സാക്ഷ്യപത്രം വേണോ?.

അതിനുശേഷം 1930- ലെ വന സത്യഗ്രഹത്തില്‍ ഡോ.ഹെഡ്‌ഗേവാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചത്, 1930 ജനുവരി 26 'സ്വാതന്ത്ര്യ ദിന'മായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ചപ്പോള്‍ അതെ ദിവസം രാജ്യമെമ്പാടുമുള്ള ആര്‍എസ്എസ് ശാഖകളില്‍ ഒരു ചടങ്ങ് എന്ന നിലക്ക് തന്നെ ദേശീയപതാകയെ വന്ദിക്കാന്‍ തീരുമാനിച്ചത്, നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള ദേശീയ ബോധത്തില്‍ അടിയുറച്ച  സ്വാതന്ത്ര്യ സമര നേതാക്കള്‍ സംഘ നേതൃത്വവുമായി പുലര്‍ത്തിയിരുന്ന ആത്മബന്ധം... ഡോക്ടര്‍ജി ജീവന്‍ വെടിഞ്ഞതിന് തലേന്ന് നേതാജി അദ്ദേഹത്തെ നാഗപ്പൂരില്‍ ചെന്ന് കണ്ടതുമൊക്കെ.... ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. 

1942-ലെ ആര്‍എസ്എസ് പരിശീലന ക്യാമ്പില്‍ അന്നത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കര്‍ നടത്തിയ പ്രസംഗം... ബ്രിട്ടീഷുകാരെ സഹായിക്കുന്നവരെ അദ്ദേഹം വിമര്‍ശിച്ചത്, പിറ്റേന്ന് ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ സ്വയംസേവകര്‍ അവരുടേതായ ചുമതല വഹിക്കണമെന്നും വേണ്ടിവന്നാല്‍ ജീവന്‍ പോലും സമര്‍പ്പിക്കാന്‍ തയ്യാറാവണം എന്നും ആര്‍എസ്എസ് പ്രമേയം പാസ്സാക്കിയത്... ഇതൊക്കെ ചരിത്രരേഖകളിലുണ്ട്. ക്വിറ്റ് ഇന്ത്യ സമരകാലഘട്ടത്തില്‍ തനിക്ക് അഭയം നല്‍കിയത് ദല്‍ഹിയിലെ ആര്‍എസ്എസ് നേതാക്കളാണ് എന്ന് അരുണ അസഫ് അലിയും അച്യുത് പട് വര്‍ദ്ധനുമൊക്കെ പറഞ്ഞതും ഓര്‍ക്കുക. 

വി.ഡി സവര്‍ക്കറെയും ശ്യാമപ്രസാദ് മുഖര്‍ജിയെയും കടന്നാക്രമിക്കാനും ലേഖകന്‍ തയ്യാറായിട്ടുണ്ട്. സവര്‍ക്കര്‍ ജയില്‍ മോചിതനായത് സംബന്ധിച്ച്, അദ്ദേഹത്തെ ഒരിക്കലും കണ്ടുകൂടാതിരുന്ന,  നെഹ്റൂയിസ്റ്റുകള്‍   ഉയര്‍ത്തിയിരുന്ന അതെ വാദഗതികള്‍ തന്നെയാണിത്. ഒരു കാര്യം മതി, സവര്‍ക്കറുടെ ദേശീയബോധവും സമര തീഷ്ണതയും തിരിച്ചറിയാന്‍. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പണ്ഡിറ്റ് നെഹ്റുവിന് വീട്ട് തടങ്കലും അതിനായി അദ്ദേഹം തിരഞ്ഞെടുത്ത വസതിയും ആധുനിക സൗകര്യങ്ങളും ബ്രിട്ടീഷുകാര്‍ നല്‍കി. സവര്‍ക്കറെ അയച്ചത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലിലെ കടുത്ത നരക യാതനകളിലേക്കാണ്. എന്തുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഈ വിവേചനം കാണിച്ചത് ? സവര്‍ക്കര്‍ ഒരു ധീര സമര നായകനായിരുന്നു എന്നത് തന്നെയല്ലേ? 

ശ്യാമപ്രസാദ് മുഖര്‍ജിക്കെതിരെ ഉയര്‍ത്തുന്നത് ഹിന്ദുമഹാസഭാ ബന്ധമാണ്. അതിനൊപ്പം ക്വിറ്റ് ഇന്ത്യ സമരകാലഘട്ടത്തില്‍ ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു എന്നും മറ്റുമുള്ള  കള്ളത്തരങ്ങളും. ക്വിറ്റ് ഇന്ത്യ സമരം തന്നെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തട്ടിപ്പായിരുന്നു എന്ന് കരുതുന്നവര്‍ അക്കാലത്തു തന്നെ കോണ്‍ഗ്രസ്സിലും ദേശീയ പ്രസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. നേതാജി ബോസിനെതിരെ നെഹ്രുവിയന്‍ നേതാക്കള്‍ പറഞ്ഞു നടന്നതുപോലെയെന്നേ ഇതിനെക്കുറിച്ച് പറയേണ്ടൂ. ഡോ. മുഖര്‍ജി അത്രമോശക്കാരനായിരുന്നു എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് 1947-ല്‍ കേന്ദ്രമന്ത്രിസഭയിലേക്ക് നെഹ്റു ക്ഷണിച്ചത്?

1943ല്‍ ബംഗാള്‍ പട്ടിണിയില്‍ അമര്‍ന്നപ്പോള്‍ അരലക്ഷം സമൂഹ അടുക്കളകളാണ് ഡോ.മുഖര്‍ജിയും കൂട്ടരും കൂടി സൃഷ്ടിച്ചത്. പിന്നീട് ബംഗാള്‍ വിഭജന വേളയില്‍ ഹിന്ദുക്കളുടെ രക്ഷിതാവായി രംഗത്തുണ്ടായിരുന്നതും അതെ മുഖര്‍ജി തന്നെയാണ് എന്നതൊക്കെ ലേഖകന്‍ മറക്കുന്നു. ഇന്ത്യയെ ഒന്നായി കാണാന്‍, അനുച്ഛേദം 370 എടുത്തുകളയണം എന്നാവശ്യപ്പെട്ടു സമരം ചെയ്ത് രക്തസാക്ഷിത്വം വരിക്കുകയാണ് ആ ധീര ദേശാഭിമാനി ചെയ്തത് എന്നാരെങ്കിലും ഓര്‍ക്കണ്ടേ? ദേശീയ ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്നവരെ താറടിച്ചു കാണിക്കാനുള്ള ഉദ്യമമാണ് ഈ ലേഖനം എന്ന് പറഞ്ഞത് അതുകൊണ്ടാണ്.

എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ ഒരു കുല്‍സിത നീക്കം എന്നതും പരിശോധിക്കണമല്ലോ. ഒന്ന്, സര്‍സംഘചാലകിന്റെ ദല്‍ഹി പരിപാടി ഉണ്ടാക്കിയ അലയടികള്‍. രണ്ട്, പരാജിതനായ ഒരു തെരഞ്ഞെടുപ്പ് 'പണ്ഡിതന്റെ' മാനസികാവസ്ഥ. മൂന്ന്, 1925ല്‍ തുടങ്ങിയ ഒരു പ്രസ്ഥാനം ഇന്ന് ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപതി മുതല്‍ ഉപരാഷ്ട്രപതി പ്രധാനമന്ത്രി പദങ്ങളില്‍ വരെ ആ സംഘ സംസ്‌കാരത്തിന്റെ വേരുകളുള്ളവര്‍ കയറിയിരിക്കുന്നത് കാണേണ്ടിവരുന്നു.

എത്രയോ മുഖ്യമന്ത്രിമാര്‍; ആയിരക്കണക്കിന് ഗ്രാമ പഞ്ചായത്തുകള്‍ സംഘ പ്രസ്ഥാനത്തിന്റെ കാവലാള്‍മാരുടെ നിയന്ത്രണത്തിലാണ്. 350ഓളം എംപിമാര്‍, 1,400ലേറെ എംഎല്‍എമാര്‍.  അടിത്തറയായി  60,000ലധികം സംഘ ശാഖകള്‍, 13,000ലേറെ വിദ്യാലയങ്ങള്‍, സമാജത്തിന്റെ എല്ലാ മേഖലകളിലും  സ്വാധീനം ചെലുത്തുന്ന നിലയിലേക്ക് ആ പ്രസ്ഥാനം വളര്‍ന്നു. അതൊക്കെ  കാണാതെ പോകാനാവുമോ? ഒരു ചെറിയ പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി അതില്‍നിന്ന് നിഷ്‌കരുണം പുറന്തള്ളപ്പെട്ട് അനാഥ പ്രേതത്തെപ്പോലെ നടക്കുന്ന ഒരാളെ അലട്ടുന്നത് ദുഃഖമാവുകയില്ല, മറിച്ച് ഒരുതരം മാറാരോഗമാവണം. അതാണ് ഈ 'ഹിന്ദു' ലേഖനത്തില്‍ നിഴലിക്കുന്നത്. ദേശീയ ബോധം പകരുകമാത്രമല്ല രാഷ്ട്രത്തെ ദേശീയപാതയിലൂടെ നയിക്കുന്നതും ഈ പ്രസ്ഥാനമാണ് എന്നത് തിരിച്ചറിയുമ്പോഴുള്ള വിഷമമാവണം അതൊക്കെ.

(അവസാനിച്ചു)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.