ഭരണഘടന നോക്കി ആചാരങ്ങളെ നിര്‍വചിക്കരുത്

Saturday 6 October 2018 2:39 am IST
കോടതി വിധിക്ക് നിര്‍ണയിക്കാവുന്നതാണോ ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളും ഭക്തരുടെ വിശ്വാസങ്ങളും? സംശയമാണ്. ലോകത്തെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിലൊന്നാണ് ഹിന്ദുസംസ്‌കാരം. അറിഞ്ഞും കേട്ടും ആക്രമിച്ചും വന്നെത്തിയ മറ്റു മതങ്ങളെയും സംസ്‌കാരങ്ങളെയും സ്വാംശീകരിച്ച മറ്റൊരു സംസ്‌കാരം ലോകത്തുണ്ടോ? നൂറ്റാണ്ടുകള്‍ പിന്തുടര്‍ന്ന എത്രയോ പ്രാകൃതമായ ആചാരങ്ങളെയും മാമൂലുകളെയും ആധുനിക ഭാരതം നിസാരമായി തിരസ്‌കരിച്ചു.

ശബരിമലയും അയ്യപ്പനും ഭക്തിയേക്കാളുപരി  മലയാളികളുടെ വികാരമാണ്. മണ്ഡലകാലം കേരളമൊട്ടാകെ വ്രതവിശുദ്ധിയുടെ കാലവുമാകുന്നു. വിവേചനങ്ങള്‍ക്കെതിരെ നിയമങ്ങളും വിളംബരങ്ങളും വരും മുമ്പേ ഭക്തന്റെ ജാതിയും മതവും സമ്പത്തും തനിക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച അയ്യപ്പന്റെയും  ശബരിമലയുടെയും ചരിത്രപരമായ മൂല്യം അളവുകോലുകള്‍ക്കപ്പുറമുള്ളതാണ്. 

തന്നെ തേടിയെത്തുന്ന ഭക്തനോട്  'അത് നീയാകുന്നു' എന്ന് പ്രഖ്യാപിക്കുന്നതാണ് ശബരീശന്റെ ഭക്തി മന്ത്രം.  അനന്യമായ ആചാരങ്ങളും കീഴവഴക്കങ്ങളും വ്രതവിശുദ്ധിയുമെല്ലാം ശബരിമലതീര്‍ത്ഥാടകരും അവരുടെ കുടുംബങ്ങളും നാടും നാട്ടുകാരും നൂറ്റാണ്ടുകളായി അംഗീകരിച്ചിരിക്കുന്നു. ഇങ്ങിനെയാരു വ്രതവിശുദ്ധി പേറുന്നൊരു തീര്‍ത്ഥാടനം വേറെങ്ങുമുണ്ടാകാനിടയില്ല. ആ സവിശേഷത കൊണ്ടുമാത്രമാണ് തീര്‍ത്ഥാടകരുടെ ഇഷ്ടക്ഷേത്രമായി ശബരിമല മാറുന്നത്. അവിടത്തെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതിവിധി ആഘോഷമാക്കുന്നവരും വിധി ഉടന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരുമൊക്കെ ശബരിമലയുടെ പവിത്രതയും ചരിത്ര പ്രാധാന്യവും തിരിച്ചറിയണം. വിശ്വാസികളുടെ മനസ് അറിയണം. സുപ്രീം കോടതി വിധി എന്നതു മാത്രമാകരുത് മാനദണ്ഡം.

കോടതി വിധിക്ക് നിര്‍ണയിക്കാവുന്നതാണോ ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളും ഭക്തരുടെ വിശ്വാസങ്ങളും? സംശയമാണ്. ലോകത്തെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിലൊന്നാണ് ഹിന്ദുസംസ്‌കാരം. അറിഞ്ഞും കേട്ടും ആക്രമിച്ചും വന്നെത്തിയ മറ്റു മതങ്ങളെയും സംസ്‌കാരങ്ങളെയും സ്വാംശീകരിച്ച മറ്റൊരു സംസ്‌കാരം ലോകത്തുണ്ടോ? നൂറ്റാണ്ടുകള്‍ പിന്തുടര്‍ന്ന എത്രയോ പ്രാകൃതമായ ആചാരങ്ങളെയും മാമൂലുകളെയും ആധുനിക ഭാരതം നിസാരമായി തിരസ്‌കരിച്ചു.

വിശ്വഗുരുവായ ശ്രീനാരായണഗുരുദേവന്‍ തന്നെ, കേരളത്തില്‍ നിലനിന്ന എത്രയോ അനാചാരങ്ങള്‍ അവസാനിപ്പിച്ചു. സതിയും ദേവദാസി സമ്പ്രദായവുമെല്ലാം ഇല്ലാതാക്കിയപ്പോള്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്തവരാണ് ഭാരതീയര്‍. ഇപ്പോഴും ചില അനാചാരങ്ങളുടെ അവശിഷ്ടങ്ങള്‍ പലരീതിയില്‍ പല പേരില്‍ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടെന്നതു യാഥാര്‍ത്ഥ്യമാണ്. ഇതൊക്കെയുമായി താരതമ്യം ചെയ്താല്‍ തീര്‍ത്തും നിര്‍ദോഷമായ ഒരു പ്രായനിയന്ത്രണം മാത്രമാണ് ശബരിമലയിലുള്ളത്. അത് അയ്യപ്പസങ്കല്‍പത്തിന്റെ അടിസ്ഥാന പ്രമാണവുമാണ്. കാനനവാസന്റെ യഥാര്‍ത്ഥ ഭക്തര്‍ ആ നിഷേധം അനുഗ്രഹമായി കരുതുന്നവരാണ്. അതിലേക്ക് ആര്‍ത്തവവും ഭരണഘടനാ ലംഘനവുമൊക്കെ വലിച്ചുകൊണ്ടുവന്ന് ഭരണഘടനാ തത്വങ്ങളെ ഇഴകീറി പരിശോധിക്കേണ്ട കാര്യമില്ലായിരുന്നു. ആര്‍ത്തവത്തെ ഹൈന്ദവര്‍ മോശപ്പെട്ടതായി കാണുന്നുവെന്ന പ്രചാരണങ്ങള്‍ ദുരുദ്ദേശപരമാണ്.

പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നത് ആഘോഷമായി കാണുന്നവരാണ് നാം. ആര്‍ത്തവകാലത്ത് വീട്ടില്‍ നിലവിളക്ക് പോലും കത്തിക്കാത്തവരാണ് ഹൈന്ദവ സ്ത്രീകള്‍. അതാരും അടിച്ചേല്‍പ്പിക്കുന്നതല്ല. സ്വയം നിയന്ത്രണമാണ്. ഒരു ക്ഷേത്രകവാടത്തിലും ആര്‍ത്തവക്കാരെ പരിശോധിക്കാന്‍ ആള്‍ക്കാരില്ല. എന്നിട്ടും എന്തിനാണ് ഇങ്ങിനെയൊരു ചര്‍ച്ച തന്നെ?

ഭരണഘടന അടിസ്ഥാനമാക്കി മതാചാരങ്ങളെ നിര്‍വചിക്കാന്‍ തുടങ്ങിയാല്‍ എവിടെ ചെന്നെത്തുമെന്ന് ആലോചിക്കണം. ഇസ്ലാം മതത്തിലെ ബഹുഭാര്യാത്വം, സുന്നത്ത്, തലാക്ക്, മസ്ജിദുകളിലെ സ്ത്രീനിരോധനം,  ക്രൈസ്തവരിലെ പൗരോഹിത്യവിവേചനം, കാനോനിക നിയമങ്ങള്‍ തുടങ്ങിയവയൊക്കെ നിയമയുദ്ധത്തിലേക്കെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ കാണിക്കുന്ന വാശിയും ശുഷ്‌കാന്തിയും ഉണ്ടാവില്ലെന്ന് നിസംശയം പറയാം. ഷാബാനു കേസും മുത്തലാക്കുമൊക്കെ അതിന് ഉദാഹരണങ്ങളാണ്.

ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരില്‍ കേരളത്തിലെ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെവരെ ഹൈന്ദവരെ ഒട്ടാകെ പ്രകോപിപ്പിക്കുന്ന നിലപാടുകളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തങ്ങള്‍ക്കിഷ്ടമല്ലാത്ത കോടതി വിധികള്‍ മറികടക്കാന്‍ നിയമനിര്‍മ്മാണങ്ങളുള്‍പ്പടെ പലവിധ തന്ത്രങ്ങള്‍ പയറ്റിയ, പയറ്റിക്കൊണ്ടിരിക്കുന്നവരാണ് ശബരിമല പ്രശ്നത്തിലെ കോടതിവിധിയെ ഉടനടി നടപ്പാക്കാന്‍ കച്ചകെട്ടിയിറങ്ങുന്നത്. അത്രയ്ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് മിനിമം അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കാന്‍ ഇത്രയും കാലം കേരളം ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ തയ്യാറാകണമായിരുന്നു.  അവിടെ വൃത്തിയുള്ള  ടോയ്‌ലറ്റ് പോലും സാധാരണ ഭക്തര്‍ക്ക് ഒരുക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ ആദര്‍ശവാദികളാകുന്നത്. സന്നിധാനത്തെ ദശലക്ഷക്കണക്കിന് ലിറ്റര്‍ കക്കൂസ് മാലിന്യമുള്‍പ്പടെ പമ്പയിലേക്ക് ഒഴുക്കിവിടുന്ന ഭരണകര്‍ത്താക്കള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തിയുടെ പിന്നാമ്പുറം വേറെയാണ്.

ദേവസ്വം ബോര്‍ഡുകളിലെ ശാന്തിനിയമനത്തില്‍ ജാതി വിവേചനം പാടില്ലെന്ന സുപ്രീം കോടതി വിധി 2002ല്‍ ഉണ്ടായതാണ്. അത് നടപ്പാക്കാന്‍ തുനിയാതിരുന്നവരാണ് കേരളത്തിലെ ഇടതു-വലതു സര്‍ക്കാരുകളും ദേവസ്വം ബോര്‍ഡുകളും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാെഴികെയുള്ള സര്‍ക്കാര്‍ നിയന്ത്രിതമായ മറ്റ് നാല് ദേവസ്വം ബോര്‍ഡുകളും ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശബരിമലയില്‍ത്തന്നെ മേല്‍ശാന്തി നിയമനം ബ്രാഹ്മണര്‍ക്ക് മാത്രമാണ്. അതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും താന്ത്രിക വിധികളും ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിധിയെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇപ്പോഴും നിയമയുദ്ധം നടത്തുന്നുണ്ട്.

സ്വതവേ സമാധാന പ്രിയരായ ഹൈന്ദവ സമൂഹത്തിലേക്ക് അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞു ഈ സംഭവം. മണ്ഡല കാലം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. വിവിധ ഭാഷക്കാരായ ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന ശബരീശ സന്നിധിയെ സര്‍ക്കാര്‍ സമീപനം സംഘര്‍ഷഭരിതമാക്കിയേക്കാം. ശബരിമലയും അയ്യപ്പനും ശരാശരി മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്. നിലയ്ക്കല്‍ സമരം അത് വ്യക്തമാക്കിയതുമാണ്.

ജനവികാരം അറിയാനും അതിനനുസരിച്ച് പ്രായോഗികവും യുക്തിഭദ്രമായ നിലപാടുകള്‍ സ്വീകരിക്കാനും കഴിവുള്ളവരാകണം ജനാധിപത്യത്തിലെ ഭരണാധികാരികള്‍. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചതാണ്. അതെങ്ങിനെ ആ സംസ്ഥാനം മറികടന്നുവെന്ന് കേരള സര്‍ക്കാര്‍ അന്വേഷിക്കണം. ശബരീശ സന്നിധിയില്‍ വീണ്ടുവിചാരമില്ലാതെ ഉടനടി സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ വാശിപിടിക്കുന്നത് നല്ല നീക്കമല്ല. അവധാനതയോടെ, കാര്യങ്ങള്‍ വിലയിരുത്തി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുകൂട്ടി ചര്‍ച്ചകള്‍ നടത്തി ഭക്തരുടെ ആശങ്കകള്‍ അകറ്റാനുള്ള നടപടി സ്വീകരിക്കണം. നിയമനിര്‍മാണവും ആലോചിക്കണം. കോടതി വിധി മറികടക്കാന്‍ രണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി നിയമം നിര്‍മ്മിച്ചവരല്ലേ നമ്മള്‍? ശബരിമലയുടെ കാര്യത്തിലും അതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കണം. പുന:പരിശോധനാ ഹര്‍ജി നല്‍കണം. എല്ലാ സാദ്ധ്യതകളും അടയുകയാണെങ്കില്‍ മാത്രം സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയാകും ഉചിതം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.