സംസ്ഥാനത്ത് കുടിവെള്ള വിതരണത്തിനും കുടുംബശ്രീ

Saturday 6 October 2018 7:15 am IST

കൊല്ലം: സംസ്ഥാനത്ത് ഇനി കുടിവെള്ളവിതരണത്തിനും കുടുംബശ്രീ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കുടുംബശ്രീ മുഖേന റിവേഴ്‌സ് ഓസ്‌മോസിസ്(ആര്‍ഒ)പ്ലാന്റ് സ്ഥാപിച്ചാണ് ശുദ്ധീകരിച്ച വെള്ളം വിപണനം ചെയ്യേണ്ടത്. ഈ വര്‍ഷാവസാനത്തോടെ അന്‍പത് പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം. 

കുടുംബശ്രീ യൂണിറ്റുകള്‍ ആര്‍ഒ പ്ലാന്റ് സ്ഥാപിച്ച് ശുദ്ധജലവിപണനം നടത്തണമെന്ന് നേരത്തെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. ആര്‍ഒ പ്ലാന്റ് സ്ഥാപിക്കാന്‍  കുടുംബശ്രീ എടുക്കുന്ന ബാങ്ക്‌ലോണിന്റെ തിരിച്ചടവ് പൂര്‍ത്തിയായതിനുശേഷം വരുമാനം തദ്ദേശസ്വയംഭരണസ്ഥാപനവുമായി തുല്യമായി വീതിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത്  പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ പദ്ധതി നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച്ച പുതിയ ഉത്തരവ് ഇറക്കിയത്. ഇതുപ്രകാരം പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലവും കെട്ടിടവും ലൈസന്‍സും തദ്ദേശസ്വയംഭരണ സ്ഥാപനം ലഭ്യമാക്കണം.

ലാഭത്തിന്റെ ഒരുവിഹിതം തദ്ദേശസ്വയംഭരണസ്ഥാപനത്തിന് നല്‍കണം. ഇതിന്റെ നിരക്ക് തദ്ദേശസ്വയംഭരണസ്ഥാപനവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമെങ്കില്‍ കുടുംബശ്രീ യൂണിറ്റുകള്‍ ബാങ്ക് ലോണ്‍ എടുക്കണം. അതിന്റെ പലിശ സബ്‌സിഡിയായി കുടുംബശ്രീ നല്‍കണം.

ആര്‍ഒ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ (പരമാവധി 25.5 ലക്ഷംരൂപ) പകുതി തദ്ദേശഭരണസ്ഥാപനം വഹിക്കണമെന്നും ബാക്കി തുക കുടുംബശ്രീ യൂണിറ്റുകള്‍ കണ്ടെത്തണമെന്നുമായിരുന്നു നേരത്തെ നല്‍കിയ നിര്‍ദേശം. കോര്‍പ്പറേഷനുകളില്‍ നാല് വീതം പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നാണ് ഉത്തരവ്. നിലവില്‍ കൊല്ലത്ത് ഒരുയൂണിറ്റും കൊച്ചിയില്‍ നാല് യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറത്തും ആര്‍ഒ പ്ലാന്റ് സ്ഥാപിച്ച് ശുദ്ധജലവിപണനം കുടുംബശ്രീ നടത്തുന്നുണ്ട്. കൊല്ലത്ത് ഇരുപത് ലിറ്റര്‍ ക്യാനിലാണ് കുടിവെള്ളം വീടുകളിലെത്തിക്കുന്നത്. ഇരുപത്തിഅഞ്ച് രൂപയാണ് ക്യാനൊന്നിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈടാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.