ഭാസ്‌കര്‍റാവു ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Saturday 6 October 2018 6:40 am IST
"ഭാസ്‌കര്‍റാവു ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം കൊച്ചി എളമക്കര ഭാസ്‌കരീയത്തില്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്‍ നിര്‍വഹിക്കുന്നു."

കൊച്ചി: കേരളത്തിലെ ആദ്യ പ്രാന്തപ്രചാരക് കെ. ഭാസ്‌കര്‍ റാവുവിന്റെ ഒരുവര്‍ഷത്തെ  ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഭാസ്‌കര്‍റാവു സ്മാരക സമിതിയുടെ നേതൃത്വത്തില്‍ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ ഉദ്ഘാടനം ചെയ്തു. 

കേരളത്തിന്റെ സംഘചരിത്രത്തില്‍ മറക്കാനാകാത്തതായിരുന്നു ഭാസ്‌കര്‍ റാവുവിന്റെ കാലഘട്ടമെന്നും സൗഹൃദങ്ങളിലൂടെ സംഘത്തെ വളര്‍ത്തിയെടുക്കാന്‍ ഭാസ്‌കര്‍ റാവുവിനായെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ പ്രവര്‍ത്തകരുടെ മനസില്‍ പ്രതിഷ്ഠ നേടിയെടുക്കുന്നതില്‍ ഭാസ്‌കര്‍ റാവു വിജയിച്ചു. കേരളം മുഴുവന്‍ യാത്ര ചെയ്ത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ പ്രവര്‍ത്തനമികവ് കേരളത്തിലുണ്ടാക്കുന്നതില്‍  വിജയിച്ചു. മുതിര്‍ന്ന പ്രചാരകന്മാര്‍ക്കെല്ലാം മാതൃകയായിരുന്നു ഭാസ്‌കര്‍റാവുവെന്നും പി.ഇ.ബി. മേനോന്‍ കൂട്ടിച്ചേര്‍ത്തു. 

ഭാസ്‌കര്‍റാവു സ്മാരക സമിതി ചെയര്‍മാന്‍ സി.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.ജി. വേണുഗോപാല്‍, ആര്‍എസ്എസ് എറണാകുളം ജില്ലാ സംഘചാലക് അഡ്വ.വിജയകുമാര്‍, എം.മോഹന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രീയ സേവാപ്രമുഖ് പി.ആര്‍. ശശിധരന്‍ ജന്മശതാബ്ദിയുടെ വീക്ഷണത്തെക്കുറിച്ച് സംസാരിച്ചു. 

രാവിലെ 11ന് ആരംഭിച്ച യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സജി നാരായണന്‍, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍,  ഭാസ്‌കര്‍റാവു സ്മാരക സമിതി ട്രസ്റ്റി കെ.ആര്‍. ഉമാകാന്തന്‍ എന്നിവര്‍ സംസാരിച്ചു. ഒരുവര്‍ഷത്തെ  ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് യോഗത്തില്‍ രൂപരേഖയായി. മുതിര്‍ന്ന പ്രചാരകന്മാരും ഭാസ്‌കര്‍റാവുവിനൊപ്പം പ്രവര്‍ത്തിച്ചവരുമടക്കം നിരവധിയാളുകള്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.