കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം

Saturday 6 October 2018 3:06 am IST

പാലക്കാട്: ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി പാലക്കാട് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് കോട്ടമൈതാനത്തിനടുത്തുള്ള കദളീവനം ഹാളില്‍ സംസ്ഥാന സമിതി യോഗം നടക്കും. രണ്ടായിരം പ്രതിനിധികള്‍ പങ്കെടുക്കും. നാളെ രാവിലെ 10ന് ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡപത്തില്‍ സ്വാമി ചിദാനന്ദപുരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രജ്ഞ പ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ നന്ദകുമാര്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പി.എം. ഗോപി, ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.

ക്ഷേത്രങ്ങളുടെ അടിസ്ഥാന വിശ്വാസത്തെയും സങ്കല്‍പ്പത്തെയും ചോദ്യം ചെയ്യുന്ന ശബരിമല യുവതീ പ്രവേശനത്തെ സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ സമിതി പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കും. ശബരിമലയെ സഘര്‍ഷഭൂമിയാക്കി മാറ്റാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കണം ഇരുവരും നിഷേധാത്മക നിലപാട് തിരുത്തി വിധിക്കെതിരെ പുനഃപരിശോധന പെറ്റീഷന്‍ നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ വിമുക്തമായ ഏകീകൃത ദേവസ്വം ബോര്‍ഡ് രൂപീകരിക്കുക, അന്യാധീനപ്പെട്ട ദേവസ്വം ഭൂമി അടക്കമുള്ള സ്വത്ത് വീണ്ടെടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍, ഉപാധ്യക്ഷന്‍ സി.കെ. കുഞ്ഞ്, ഓഡിറ്റര്‍ പി.ജി. നാഗപ്പന്‍ നായര്‍, സ്വാഗത സംഘം കണ്‍വീനര്‍ വി. കാശിവിശ്വനാഥന്‍, ജില്ലാ സെക്രട്ടറി വിനോദ് കേരളശ്ശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.