ബസ് ചാര്‍ജ് വര്‍ധന; ഉടമകള്‍ രണ്ടു തട്ടില്‍

Saturday 6 October 2018 6:14 am IST

മാവേലിക്കര: ബസ്ചാര്‍ജ് വര്‍ധന സംബന്ധിച്ച് ബസ്സുടമകള്‍ക്ക് ഭിന്നാഭിപ്രായം. സ്വകാര്യബസ്സുകളുടെ വരുമാനസ്ഥിതി ദയനീയമാക്കുന്ന വിധത്തില്‍ ഇരുചക്രവാഹനങ്ങള്‍ പെരുകാനേ ചാര്‍ജ് വര്‍ധന വഴിവയ്ക്കൂ എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഇന്ധനവില വര്‍ധനവിന് ആനുപാതികമായി യാത്രാനിരക്ക് കൂട്ടണമെന്ന നിലപാടിലാണ് ഭൂരിഭാഗം ബസുടമകളും. ഡീസലിന്റെ അധികനികുതി ഒഴിവാക്കിത്തരാനും നികുതി ഇളവ് നല്‍കാനുമുള്ള അഭ്യര്‍ഥന സംസ്ഥാനസര്‍ക്കാര്‍ അവഗണിച്ചതോടെയാണ് നിലപാട് കടുപ്പിക്കുന്നത്. 

  സ്വകാര്യബസ്സുകളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയതിന് പ്രധാന കാരണമായി എതിര്‍വിഭാഗം ഉന്നയിക്കുന്നതില്‍ ഇരുചക്രവാഹനങ്ങളുടെ വര്‍ധനവുമുണ്ട്. ഒന്നര പതിറ്റാണ്ടിനിടയില്‍ ആറിരട്ടിയോളമാണ് ഇരുചക്രവാഹനങ്ങളുടെ എണ്ണം വര്‍ധിച്ചത്. അഞ്ചു മുതല്‍ പതിനാല് ലക്ഷം വരെയാണ് ഇരുചക്രവാഹനങ്ങളുടെ സംസ്ഥാനത്തെ വാര്‍ഷികവില്‍പ്പന. കുടുംബസമേതം ബസ് യാത്ര ഒഴിവാക്കി ആളുകള്‍ ഇരുചക്രവാഹനങ്ങളും സെക്കന്‍ഡ്ഹാന്‍ഡ് കാറുകളും സ്വന്തമാക്കിയതോടെയാണ് വരുമാനത്തില്‍ ഇടിവുണ്ടായതെന്നും ബസ്സുടമകള്‍ ചൂണ്ടിക്കാട്ടുന്നു. 

 അതേസമയം, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കിന്റെ കാര്യത്തില്‍ ഏകാഭിപ്രായമാണ്. മിനിമം ചാര്‍ജിന്റെ അമ്പത് ശതമാനം സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കണമെന്നാണ് ബസ്സുടമകളുടെ പക്ഷം. യാത്രാനിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും ലക്ഷ്യമിടുന്നു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി അമ്പത് ശതമാനം യാത്രക്കാരും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളാണെന്ന് ബസ്സുടമകള്‍ പറയുന്നു. വരുമാനവര്‍ധനവിന് കണ്‍സഷന്‍നിരക്ക് അമ്പത് ശതമാനമായി നിജപ്പെടുത്തിയേ തീരൂവെന്ന നിലപാടാണ് സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.