ശബരിമല; പ്രതിഷേധം കനക്കുന്നു

Saturday 6 October 2018 6:45 am IST

കൊച്ചി: സുപ്രീം കോടതി വിധിയുടെ മറവില്‍ ശബരിമല ക്ഷേത്രത്തെയും അവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരായ പ്രതിഷേധം കത്തിപ്പടരുന്നു. കൂടുതല്‍ സംഘടനകളും ക്ഷേത്ര വിശ്വാസികളും, തിരക്കിട്ട് വിധി നടപ്പാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭത്തിന് ഇറങ്ങുകയാണ്. 

 വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍  ശബരിമല അയ്യപ്പസേവാ സമാജവും ക്ഷേത്ര സംരക്ഷണ സമിതിയും തീരുമാനിച്ചു.  വിധി നടപ്പാക്കുന്നത് തത്ക്കാലം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും  ഗവര്‍ണര്‍ക്കും നിവേദനവും വിഷയത്തില്‍ ഇടപെടണമെന്നപേക്ഷിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഭീമഹര്‍ജിയും നല്‍കുമെന്നു സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍. രാജന്‍ പറഞ്ഞു.

ബിജെപിയും ഹിന്ദുഐക്യവേദിയും വിശ്വഹിന്ദുപരിഷത്തും അടമുള്ള നിരവധി പരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ത്തന്നെ പ്രക്ഷോഭത്തിലുണ്ട്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, വിധി തിരക്കിട്ട് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പുനഃപരിശോധനാ ഹര്‍ജിയില്‍ വിധി വരുംവരെ കാത്തിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരപരിപാടികള്‍. 

 ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ പേട്ട സംഘം നാളെ നാമജപഘോഷയാത്ര നടത്തും. ഹിന്ദുഐക്യവേദി, വിശ്വഹിന്ദുപരിഷത്ത്, അയ്യപ്പസേവാസമാജം തുടങ്ങി വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ രൂപീകരിച്ച സേവ് ശബരിമല സംയുക്തസമിതിയുടെ നേതൃത്വത്തില്‍ നാളെ   വൈകിട്ട് നാലിനാണ് നാമജപഘോഷയാത്ര. അമ്പലപ്പുഴ  ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര അമ്പലപ്പുഴ കിഴക്കേ നടയില്‍ സമാപിക്കും. 

   പൊതുസമ്മേളനം പന്തളം കൊട്ടാരം നിര്‍വാഹകസമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ദീപപ്രകാശനം നിര്‍വഹിക്കും. ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. അമ്പലപ്പുഴ അയ്യപ്പഭക്തസംഘം പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണപിള്ള അധ്യക്ഷനാകും. ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന്  ചന്ദ്രശേഖരന്‍ നായര്‍ ആവശ്യപ്പെട്ടു. 

സുപ്രീം കോടതി തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കും. രണ്ട് ലക്ഷത്തിലധികം അയ്യപ്പഭക്തരെ അണിനിരത്തി വിപുലമായ സമ്മേളനങ്ങള്‍ നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.