രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് വന്‍ജയം. ആദ്യ ടെസ്റ്റ് അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ ഇന്ത്യ ഇന്നിങ്സിനും 272 റണ്‍സിനും വിന്‍ഡീസിനെ പരാജയപ്പെടുത്തി. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ വിന്‍ഡീസിന് വീണ്ടും ബാറ്റിങ് തകര്‍ച്ച നേരിട്ടതോടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് വിന്‍ഡീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ടെസ്റ്റില്‍ ആദ്യമായാണ് കുല്‍ദീപ് അഞ്ച് വിക്കറ്റ് നേടുന്നത്.
ജഡേജ മൂന്നും അശ്വിന് രണ്ടും വിക്കറ്റ് വീഴ്ത്തി. 83 റണ്‍സെടുത്ത കീറോണ്‍ പവലാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസ് 181 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ 468 റണ്‍സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റുമായി അശ്വിനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.
സ്കോര്‍ : ഇന്ത്യ ഒന്നാം ഇന്നിങ്ങ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സ്. വിന്‍ഡീസ് ഒന്നാം ഇന്നിങ്ങ്സില്‍ 181, രണ്ടാം ഇന്നിങ്ങ്സില്‍ 196 ന് പുറത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: