ആകാശയാത്ര, അഭിമാനയാത്ര

Sunday 7 October 2018 2:32 am IST

ആകാശയാത്ര ആര്‍ക്കും അഭിമാനം നല്‍കുന്നതത്രേ. ബഹിരാകാശത്ത് ആകര്‍ഷണ-വികര്‍ഷണങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് പഞ്ഞിക്കെട്ടുപോലെ ഒഴുകി നടക്കാന്‍ സാധിക്കുന്നത് സ്വപ്‌നങ്ങളില്‍ മാത്രമാണ്. ആ സ്വപ്നം സാധ്യമാക്കുന്നതാണ് ആഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 2022-ല്‍ ഭാരതം അതിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ത്രിവര്‍ണപതാകയുമേന്തി ഭാരതമക്കള്‍ ബഹിരാകാശത്ത് സഞ്ചരിക്കും. അതോടെ മനുഷ്യന്റെ ബഹിരാകാശയാത്ര സഫലമാക്കിയ നാലാമത്തെ രാജ്യമാകും ഭാരതം. റഷ്യ, അമേരിക്ക, ചൈന എന്നിവയ്ക്കു പിന്നാലെ ഭാരതവും.

നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ആകാശയാത്ര ജനങ്ങളുടെ ആവേശമായിരുന്നു. രാജ്യങ്ങളുടെ അഭിമാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും പ്രതീകമായിരുന്നു. അതറിയണമെങ്കില്‍ ഒന്നര നൂറ്റാണ്ടു മുന്‍പ് ശാസ്ത്ര സാഹിത്യകാരനായ ജൂള്‍സ് വെര്‍ണെ എഴുതിയ 'ഫ്രം എര്‍ത്ത് ടു ദി മൂണ്‍' എന്ന നോവല്‍ വായിച്ചാല്‍ മതി.

അമേരിക്കയിലെ ബള്‍ട്ടിമൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഗണ്‍ ക്ലബ്' ഒരിക്കല്‍ ഒരു സ്വപ്‌നപദ്ധതിക്ക് രൂപം നല്‍കി. തന്റെ ക്ലബിനെയും രാജ്യത്തെയും അഭിമാനത്തിന്റെ പരകോടിയിലെത്തിക്കാനായി പ്രസിഡന്റ് ബാര്‍ബിക്കേന്‍ രൂപം നല്‍കിയ സ്വപ്‌ന പദ്ധതി. ചന്ദ്രനിലേക്ക് ഒരു ഗോളം അയയ്ക്കുക. പദ്ധതിക്ക് നിറം വച്ചതോടെ ഗോളത്തിനു പകരം മൂന്ന് യാത്രക്കാരെ അയയ്ക്കണമെന്നതായി പദ്ധതി. ഭൂമിയും ചന്ദ്രനും ഏറ്റവും അടുത്തുവരുന്ന നാള്‍ നോക്കി വേണം വിക്ഷേപണം. ആകാശത്തേക്ക് ആളെ അയയ്ക്കുന്നത് ചിന്തിക്കുകപോലും ചെയ്യാത്ത കാലത്താണ് ഈ യാത്ര ശാസ്ത്രകാരന്‍ രൂപപ്പെടുത്തുന്നതെന്നോര്‍ക്കുക.

ആകാശയാത്രക്കുള്ള തയ്യാറെടുപ്പുകളാണ് നോവലില്‍ ഉടനീളം. ശാസ്ത്രജ്ഞന്മാര്‍, എഞ്ചിനീയര്‍മാര്‍, കാലാവസ്ഥാ ഗവേഷകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ സഹായവുമായി ഒപ്പമുണ്ട്. വാര്‍പ്പിരുമ്പുകൊണ്ട് വാര്‍ത്തെടുത്ത 900 അടി നീളമുള്ള പീരങ്കിയിലാണ് ഉപഗ്രഹ വിക്ഷേപണം. ഫ്‌ളോറിഡയിലെ പാറ നിറഞ്ഞ ഭൂമിയില്‍ അഗാധമായ കുഴിയെടുത്ത് പീരങ്കി വാര്‍ത്തെടുക്കും. തൂക്കം 68940 ടണ്‍.  ചെലവ് വെറും 27 ലക്ഷം ഡോളര്‍. വെടിമരുന്നാണ് വേണ്ടത്. നാലു ലക്ഷം പൗണ്ട്. തീര്‍ന്നില്ല, ബഹിരാകാശവാഹനം നിര്‍മ്മിക്കണമല്ലോ. രണ്ടര ലക്ഷം മൈല്‍ യാത്ര ചെയ്യേണ്ടതാണ്. ചന്ദ്രനില്‍ത്തന്നെ പോയി വീഴണം. അതിനാല്‍ അന്നത്തെ അപൂര്‍വ്വ/അമൂല്യ ലോഹമായ അലുമിനിയം കൊണ്ടാവാം ആകാശവാഹനമെന്നും തീരുമാനിച്ചു. ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണവും കരുതി. ശുദ്ധവായു ഉറപ്പാക്കാനും ഏര്‍പ്പാടാക്കി. വെള്ളം മാത്രം കുറച്ച് മതി. കാരണം ചന്ദ്രനിലെ നല്ലവരായ മനുഷ്യര്‍ യാത്രികര്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കാതിരിക്കില്ല.

ലോകത്തെ എല്ലാ സര്‍ക്കാരുകളും ഈ ദൗത്യത്തിന് പണം നല്‍കി സഹായിച്ചുവത്രേ. ഒടുവില്‍ മൂന്നുപേരെ കയറ്റിയ വാഹനം കൃത്യദിവസം, കൃത്യസമയം ചന്ദ്രനെ നോക്കി വമ്പന്‍ സ്‌ഫോടനത്തോടെ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. പക്ഷേ നാലുനാള്‍ കഴിഞ്ഞാണ് ടെലസ്‌കോപ്പിലൂടെ ഗണ്‍ക്ലബ്ബുകാര്‍ ആ രഹസ്യം അറിഞ്ഞത്. വാഹനം ചന്ദ്രനിലെത്തിയില്ല. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലെത്തും മുന്‍പേ വേഗത കുറഞ്ഞു. അതോടെ ഭൂമിയുടെ ചെറിയൊരു ഉപഗ്രഹമായി മാറി ആ ചാന്ദ്രവാഹനം.

ഇതുപോലെ നിരവധി കഥകളാണ് ആകാശയാത്രയെപ്പറ്റി പേര്‍ത്തും പേര്‍ത്തും എഴുതപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് ഭാരതത്തിന്റെ കരുത്തിന്റെ പ്രതീകമായി ഭാരതീയരെ വഹിച്ചുകൊണ്ടുള്ള ആകാശയാനം കുതിച്ചുയരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഐഎസ്ആര്‍ഒയില്‍ അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ഏതാണ്ട് 9000 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ ഫോഴ്‌സ് മെഡിസിന്‍ തുടങ്ങിയവയുടെ സഹകരണമുണ്ടാവും.

ആകാശയാത്രികര്‍ക്കാവശ്യമായ സ്‌പേസ്‌സ്യൂട്ടുകളുടെ ഏകദേശരൂപം വരെ തയ്യാറായിക്കഴിഞ്ഞു. രണ്ട് ആകാശചാരികള്‍ 3.7 ടണ്‍ ഭാരമുള്ള ആകാശവാഹനത്തില്‍ 400 കിലോമീറ്റര്‍ ഉയരത്തില്‍, എട്ടുനാള്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് കന്നിയാത്ര നടത്തുന്ന 'ഗഗന്‍ യാന്‍' ഭൂമിയില്‍ ബംഗാള്‍ ഉള്‍ക്കടലിലെ നിര്‍ദ്ദിഷ്ട സ്ഥലത്താവും പറന്നിറങ്ങുക. ആകാശവാഹനത്തിന്റെ യാത്ര 'പീനിയ'യിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് കമാന്റ് സെന്റര്‍ കണ്ണില്‍ എണ്ണയൊഴിച്ച് നിരീക്ഷിക്കും.

'ഗഗന്‍ യാന്‍' 2022-ല്‍ ആകാശത്തേക്ക് പറന്നുയരുമ്പോള്‍ നമ്മുടെ അഭിമാനം മാത്രമല്ല ഉയരുക. ഭാരമില്ലാത്ത അവസ്ഥയില്‍ നടത്താവുന്ന നിരവധി അക്കാദമിക് ഗവേഷണങ്ങള്‍ക്കുകൂടിയാണത് വേദിയാവുക. അന്യരാജ്യങ്ങളുടെ സഹായവും നിയന്ത്രണവുമില്ലാതെ അതിസൂക്ഷ്മ നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്താന്‍ ഗഗന്‍യാന്‍ അവസരമേകും.

'ഗഗന്‍യാന്‍' പറന്നുയരുമ്പോള്‍  നാം ഓര്‍മ്മിക്കേണ്ട ഒരു വ്യക്തികൂടിയുണ്ട്. ബഹിരാകാശയാത്ര നടത്തിയ ആദ്യ ഭാരതീയന്‍ വിംഗ് കമാന്റര്‍ രാകേശ് ശര്‍മ്മ. 1984-ല്‍ സോവിയറ്റ് ബഹിരാകാശ സംയുക്ത പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം ബഹിരാകാശത്ത് പറന്നത്.

ഡോ. അനിൽകുമാർ വടവാതൂർ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.