ജീവന്‍ വീണ്ടെടുത്ത് ചെറുതോണി പുഴ

Sunday 7 October 2018 2:41 am IST

ഇടുക്കി: ഇടുക്കി സംഭരണിയുടെ ഷട്ടര്‍ വീണ്ടും തുറന്നതോടെ  ചെറുതോണി പുഴയ്ക്ക് വീണ്ടും ജീവന്‍വച്ചു. ഇന്നലെ രാവിലെ മുതലാണ് ചെറുതോണി പുഴയിലൂടെ വീണ്ടും വെള്ളം ഒഴുകാന്‍ ആരംഭിച്ചത്. ഇതുവഴി കെഎസ്ഇബിയ്ക്ക് ഒരോ മണിക്കൂറിലും നഷ്ടപ്പെടുന്നത് 10 ലക്ഷം രൂപയുടെ വെള്ളം.

ജലശേഖരം 2391 അടിയിലും താഴെ എത്തിയതോടെ സപ്തംബര്‍ 7ന് ഉച്ചയ്ക്ക് 1.02ന് ആണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചത്. അതുവരെ സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുഴയിലേക്ക് ഒഴുക്കിവിട്ടിരുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 9ന് ഉച്ചയ്ക്ക് 12.32ന് (2398.5 അടി) ആണ് പരീക്ഷണാര്‍ഥം ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കുന്നത്. അന്ന് ഒഴുക്കി വിട്ടത് സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളം. പിന്നീട് ഷട്ടര്‍ അടയ്ക്കാനായില്ല. കാലവര്‍ഷം കനത്തത്തോടെ എല്ലാ ഷട്ടറുകളും തുറന്നു. 17 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കി വിട്ടു. ഇതിന് ശേഷം ഘട്ടംഘട്ടമായി ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ച് ഷട്ടര്‍ അടയ്ക്കുകയായിരുന്നു. 

നീണ്ട 29 ദിവസത്തിന് ശേഷമാണ് അണക്കെട്ടിന്റെ ഷട്ടര്‍ അന്ന് അടയ്ക്കുന്നത്. ഇത്രയും ദീര്‍ഘനാള്‍ അണക്കെട്ട് തുറന്ന് വയ്ക്കുന്നത് പദ്ധതി തുടങ്ങിയ ശേഷം ആദ്യമായിട്ടായിരുന്നു. ഇത്രയും ദിവസം സംഭരണി തുറന്ന് വച്ചതിലൂടെ ഒഴുക്കിക്കളഞ്ഞത് സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ മൊത്തം ശേഷിയുടെ മൂന്നില്‍ രണ്ട് ശതമാനം വെള്ളമാണ്. 1063 ഘനമീറ്റര്‍ വെള്ളം ഇതുവഴി ഒഴുകി അറബിക്കടലില്‍ എത്തി. അതായത് 1550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം. ശരാശരി 620 കോടിയുടെ വൈദ്യുതി ഇതുപയോഗിച്ച് ഉത്പാദിപ്പിക്കാനാകുമായിരുന്നു. 

മഴ കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ഷട്ടര്‍ താഴ്ത്താന്‍ കെഎസ്ഇബിയുടെ തീരുമാനം. വരും ദിവസങ്ങളിലെ മഴയുടെ കണക്ക് പരിശോധിച്ചാകും തുടര്‍ നടപടികള്‍. ജലനിരപ്പ് കുറവായതിനാല്‍ ഷട്ടര്‍ സാധാരണ പൊക്കുന്നതിലും 30 സെ.മീ. കൂടുതല്‍ ഉയര്‍ത്തിയാണ് ഇന്നലെ വെള്ളം തുറന്ന് വിട്ടത്.

മുല്ലപ്പെരിയാര്‍ 132.4 അടിയെത്തി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ  132.4 അടിയില്‍ എത്തി. അണക്കെട്ടിലേക്ക് സെക്കന്റില്‍ 3474 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത് 1578 വീതമാണ്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ പെരിയാറില്‍ 0.01 സെ.മീ. മഴ ലഭിച്ചപ്പോള്‍ തേക്കടയില്‍ മഴ പെയ്തിട്ടില്ല. അണക്കെട്ടിലാകെ ശേഖരിച്ചിരിക്കുന്നത് 10257 ദശലക്ഷം ഘനയടി വെള്ളമാണ്. വൃഷ്ടിപ്രദേശത്ത് ഇന്നലെ പകല്‍ മഴ കുറഞ്ഞെങ്കിലും വൈകിട്ടോടെ കൂടി. മൂന്ന് ദിവസം കൊണ്ട് 5.5 അടി വെള്ളമാണ് അണക്കെട്ടില്‍ കൂടിയത്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.