മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള നാവിക് സംവിധാനം നടപ്പായില്ല

Sunday 7 October 2018 2:43 am IST

കൊല്ലം: കേരള തീരത്തുനിന്ന് ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും നയിക്കാന്‍ ഐഎസ്ആര്‍ഒയുമായി ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ നാവിക് സംവിധാനം വെള്ളത്തില്‍ വരച്ച വരയായി. മത്സ്യബന്ധന ബോട്ടുകളില്‍ ഘടിപ്പിക്കുന്ന നാവിക്  റിസീവര്‍ ഉപയോഗിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലേക്ക് സന്ദേശം നല്‍കാനാവുന്ന സംവിധാനമാണ്  പ്രാവര്‍ത്തികമാകാത്തത്. മത്സ്യത്തൊഴിലാളികള്‍ക്ക് അപകടസാധ്യതാ വിവരങ്ങള്‍ ലഭ്യമാക്കാക്കാനാണ്   നാവിക്  ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. ആസൂത്രണത്തിലെ പോരായ്മ മൂലം പ്രായോഗികമായ രീതിയില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. 

കടലില്‍ 1500 കിലോമീറ്റര്‍ അകലെവരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് സന്ദേശം ലഭിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തനം. മത്സ്യ ലഭ്യതാ പ്രദേശങ്ങള്‍ കണ്ടെത്താനും  അതതു ദിവസങ്ങളിലെ വില അറിയാനുമുള്ള സംവിധാനവും നാവിക്കില്‍ ഉണ്ട്. 

ബോട്ടുകളില്‍ സ്ഥാപിക്കാന്‍  ഐഎസ്ആര്‍ഒ വികസിപ്പിച്ച ഉപകരണങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാങ്ങിയപ്പോള്‍ ഉണ്ടായ നഷ്ടവും ലക്ഷങ്ങളാണ്. ഓഖി ദുരന്തത്തിന് ശേഷം മറ്റൊരു ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പെത്തിയപ്പോഴും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ട ആധുനിക സംവിധാനങ്ങളൊന്നും ഇത്തരത്തില്‍ നടപ്പാകുന്നില്ല. 

കടലില്‍ പോകുന്നവരുടെ എണ്ണം അറിയാനുള്ള മൊബൈല്‍ ആപ്‌ളിക്കേഷന്‍ സംവിധാനം പരാജയപ്പെട്ടു. ഇപ്പോള്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയ ശേഷവും ഉള്‍ക്കടലില്‍ എത്രപേരുണ്ടെന്നത് ഫിഷറീസ് വകുപ്പിന് ഒരു നിശ്ചയവുമില്ല. മത്സ്യ ബന്ധനത്തൊഴിലാളികള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിന്റെ സോഫ്റ്റ്‌വെയറുകള്‍ ചെയ്യാത്തതാണ് പരാജയപ്പെടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

രഞ്ജിത്ത് മുരളി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.