രാജ്‌കോട്ടില്‍ കുല്‍ദീപും ചരിത്രം കുറിച്ചു

Sunday 7 October 2018 2:49 am IST

രാജ്‌കോട്ട്: അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷാ, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവര്‍ക്ക് പിന്നാലെ  കുല്‍ദീപ് യാദവും രാജ്‌കോട്ടില്‍ ചരിത്രം കുറിച്ചു. വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ചു വിക്കറ്റ് നേടിയതോടെയാണ് കുല്‍ദീപ് ചരിത്ര പുസ്തകത്തില്‍ ഇടം പിടിച്ചത്. അഞ്ചു വിക്ക്റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ചൈനാമാന്‍ ബൗളറാണ് കുല്‍ദീപ്.

ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ ക്രിക്കറ്ററെന്ന ബഹുമതിയും കുല്‍ദീപിന് സ്വന്തമായി. 2017 ല്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ ചൈനാമന്‍ ബൗളര്‍ ലക്ഷണ്‍ സന്ദകന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ കുല്‍ദീപിന്റെ പന്തുകളെ നേരിടാന്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ വിഷമിച്ചു. ഓരോ ഇടവേളകളിലും കുല്‍ദീപ് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യം ഷായ് ഹോപ്പിനെ വീഴ്ത്തി വിക്ക്റ്റ് കൊയ്ത്ത് തുടങ്ങിയ കുല്‍ദീപ് ഷിംറോണ്‍ ഹെറ്റ്‌മെയറെയും സുനില്‍ അംബ്രിസിനെയും ഒരു ഓവറില്‍ പുറത്താക്കി. ഇതോടെ സന്ദര്‍ശകരുടെ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിഞ്ഞു.

റൊസ്റ്റണ്‍ ചെയ്‌സായിരുന്നു അടുത്ത ഇര. കുല്‍ദീപിന്റെ പന്തില്‍ ചെയ്‌സ് അശ്വിന്റെ കൈപ്പിടിയിലൊതുങ്ങി. വിന്‍ഡീസിന്റെ ടോപ്പ് സ്‌കോററായ പവലിനെ (83) പൃഥ്വി ഷായുടെ കൈകളിലെത്തിച്ചതോടെ ടെസ്റ്റില്‍ കുല്‍ദീപിന് ആദ്യ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമായി. 

ആദ്യ ദിനത്തില്‍ പൃഥ്വി ഷാ സെഞ്ചുറിനേടിയതോടെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി. രണ്ടാം ദിനത്തില്‍ നൂറ് കടന്ന കോഹ്‌ലി ഏറ്റവും വേഗത്തില്‍ 24-ാം സെഞ്ചുറി നേടുന്ന ലോകത്തെ രണ്ടാമത്തെ ക്രിക്കറ്ററായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.