കനത്ത മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത

Sunday 7 October 2018 2:55 am IST

തിരുവനന്തപുരം: ലക്ഷദ്വീപ്  തീരത്ത് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മൂലമുണ്ടായ ചുഴലിക്കറ്റ് ലുബാന്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതോടെ കേരളത്തില്‍ പ്രളയ ഭീതി ഒഴിഞ്ഞു. അതേസമയം സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  

ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങിയതോടെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകാം. 21 സെന്റീമീറ്റര്‍ മഴവരെ പെയ്യാന്‍ സാധ്യതയുണ്ട്. 

അതിനാല്‍ പത്തനംതിട്ട, തൃശൂര്‍, വയനാട്, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് തുടരും. പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാളെ മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ അതിശക്തമായ് മഴ പ്രവചിച്ചിട്ടുണ്ട്. 

ഇന്നലെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്.  

ദുരന്തനിവാരണ സേനയും സര്‍ക്കാരും റവന്യൂ, മത്സ്യബന്ധന, വൈദ്യുതി, ജലവിഭവ വകുപ്പ് ഓഫീസുകളും കനത്തമഴ പെയ്യാനിടയുള്ള ജില്ലകളില്‍ കളക്ടര്‍മാരും വീണ്ടും പ്രളയമുണ്ടായാല്‍ നേരിടാനുള്ള ഒരുക്കത്തിലാണ്. ചുഴലിക്കാറ്റ് കേരളത്തില്‍ അടിക്കില്ലെങ്കിലും അതിന്റെ ഫലമായി ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. മണിക്കൂറില്‍ നാല്‍പത് മുതല്‍ അന്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. 

ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവുമുണ്ട്. ഇത് തെക്കന്‍ ദിശയിലേക്ക് വന്നാല്‍ കേരളത്തില്‍ കടുത്ത നാശമുണ്ടാകാം. കേരളതീരത്തും ലക്ഷദ്വീപ് തീരത്തും അതിശക്തമായ കാറ്റുണ്ടാകാനും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.