കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍,ഡീസല്‍ വില രണ്ടര രൂപ കുറച്ചു. ആശ്വാസകരം. മറ്റ് സംസ്ഥാനങ്ങളില്‍ അഞ്ചുരൂപ കുറയും. കേരളം നികുതികുറക്കാന്‍ തയ്യാറല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി! കേന്ദ്രം ഇതുവരെ വര്‍ധിപ്പിച്ച മുഴുവന്‍ വിലയും കുറച്ചാല്‍ മാത്രമേ സംസ്ഥാനം നികുതി കുറക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവത്രേ! ചിലതു കുറിക്കട്ടെ, ഇടതുസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കാന്‍ തന്നെ ഉറച്ചിരിക്കുകയാണോ? നവകേരള നിര്‍മിതിക്ക് ജനം സര്‍വതും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുകയാണ്. തിരിച്ച് ജനങ്ങളെ സഹായിക്കേണ്ട കടമ ജനാധിപത്യ സര്‍ക്കാരിനില്ലേ? 300 കോടി നികുതിവരുമാനം കുറയുമെന്ന ന്യായം നിരത്തുന്നത് ലജ്ജാകരമല്ലേ? ദുരിതാശ്വാസ നിധിയില്‍ നിന്നും പലരുടേയും കടം തീര്‍ക്കാന്‍ പണം ദുരുപയോഗം ചെയ്യുന്നത് ശരിയോ? സര്‍ക്കാര്‍ സമൂഹത്തിന് ബാധ്യതയാകരുത്.
ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
കുടിവെള്ള പൈപ്പുകള്‍ പൊട്ടിയൊലിക്കുന്നു
സംസ്ഥാനത്ത് റോഡിലെ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതിനെ തുടര്‍ന്ന് പലയിടത്തും റോഡുകള്‍ തകരുന്ന കാഴ്ചയാണുള്ളത്. പുതിയതായി നന്നാക്കിയ റോഡുകള്‍ പോലും ഇത്തരത്തില്‍ തകരുകയാണ്. പലപ്പോഴും ഈ വിവരങ്ങള്‍ വാട്ടര്‍ അതോറിറ്റിയെ അറിയിച്ചാലും അവരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകാറില്ല. വെള്ളം പൊട്ടിയൊലിക്കുന്നതിനെത്തുടര്ന്ന് പല പ്രദേശത്തും കുടിവെള്ള ദൗര്‍ലഭ്യവും സംഭവിക്കുന്നുണ്ട്. റോഡുകളിലേക്ക് ജലം ഒഴുകുന്നത് മൂലം കുഴികള്‍ രൂപപ്പെട്ട് അപകടങ്ങള്‍ ഉണ്ടാകുന്നതും നിത്യ സംഭവമാണ്. വാട്ടര്‍ അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചാല്‍ ഒരുപരിധിവരെ ഇതിനൊരു പരിഹാരമാകും. പലയിടത്തും കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നത് ഇരുപത് വര്‍ഷത്തിലധികം പഴക്കം ചെന്ന പൈപ്പുകളാണ്. ഉദ്ഘാടന സമയത്ത് സ്ഥാപിച്ച പൈപ്പുകള്‍ പിന്നീട് മാറ്റിയിട്ടില്ല. പൈപ്പ് പൊട്ടുമ്പോഴൊക്കെ അതേ പൈപ്പ് തന്നെ അറ്റകുറ്റപ്പണികള്‍ നടത്താറാണ് പതിവ്. ഇതിനായി റോഡ് വെട്ടിപ്പൊളിക്കുന്നതും പലയിടത്തും കാണാം.
ശ്രീലക്ഷ്മി, നെയ്യാറ്റിന്‍കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: