സര്‍ക്കാരിന് വേണ്ടത് ക്ഷേത്രസമ്പത്ത്: സ്വാമി അയ്യപ്പദാസ്

Monday 8 October 2018 3:27 am IST

പാലക്കാട്: ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്ര ഭണ്ഡാരങ്ങളില്‍ കാണിക്കക്ക് പകരം തുളസിയിലകള്‍ നിക്ഷേപിക്കണമെന്നും സര്‍ക്കാരിന് വേണ്ടത് ക്ഷേത്ര സമ്പത്ത് മാത്രമാണെന്നും അയ്യപ്പ സേവാസമാജം അഖില ഭാരതീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്. കേരള ക്ഷേത്ര സംരക്ഷണ സമിതി 52-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരിനെ പടിയിറക്കേണ്ട സമയം ആസന്നമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 പ്രൊഫ. കൃഷ്ണവര്‍മ രാജ അധ്യക്ഷത വഹിച്ചു. ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി, ജില്ലാ സെക്രട്ടറി വിനോദ് കല്ലേക്കുളങ്ങര എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ടുകിടക്കുന്ന ഭൂമികള്‍ എത്രയും വേഗം പിടിച്ചെടുത്ത് അതത് ക്ഷേത്ര സമിതികളെ ഏല്‍പ്പിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപടി സ്വീകരിക്കണം, ദേവസ്വം ബോര്‍ഡ് പിടിച്ചെടുത്ത ക്ഷേത്രങ്ങള്‍ തിരിച്ചേല്‍പ്പിക്കണം, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തി റിവ്യു പെറ്റീഷന്‍ നല്‍കി വിധി പുനപ്പരിശോധിക്കാന്‍ നടപടി സ്വീകരിക്കണം അല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭത്തിന് കേരള ക്ഷേത്രസംരക്ഷണ സമിതി നേതൃത്വം നല്‍കും എന്നീ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. 

സംസ്ഥാന അധ്യക്ഷനായി പ്രൊഫ. കൃഷ്ണവര്‍മ രാജ, ജനറല്‍ സെക്രട്ടറിയായി കെ. നാരായണന്‍കുട്ടി, ഖജാന്‍ജിയായി ഇ. കുഞ്ഞിരാമന്‍ നായര്‍ എന്നിവരുള്‍പ്പെട്ട എഴുപതംഗ പ്രവര്‍ത്തക സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.