കൊച്ചി: ‘മദ്യമേശക്കു ചുറ്റും’ ഒന്നിക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെവിക്കൊള്ളുമോ? ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ മണ്ടത്തരത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ വിശ്വാസികളെ ചതിക്കാന്‍ ചെന്നിത്തലയുടെ പാര്‍ട്ടി കൂട്ടു നില്‍ക്കുമോ? ബിജെപിക്കെതിരേ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുമോ? ചോദ്യം ഏറ്റവും പ്രസക്തമാണ്.
”നമ്മള് ഒന്നിച്ചു നില്‍ക്കേണ്ട ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ ഒരുതരത്തിലുള്ള ആശയക്കുഴപ്പങ്ങളും ഉണ്ടാകാന്‍ പാടില്ല,” എന്നാണ് മദ്യശാല അനുമതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞ യുക്തി. എന്നാല്‍ ഇതേ യുക്തി ശബരിമലക്കാര്യത്തിലാണ് ഏറെ ബാധകം. അവിടെ ഇത് പിണറായി നടപ്പാക്കുന്നുമില്ല.
മദ്യശാലക്കാര്യത്തില് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിശദീകരിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ റദ്ദാക്കലും നിലപാട് വ്യക്തമാക്കലും. ആരോപണം അടിസ്ഥാന രഹിതമാണെങ്കില്‍ പിന്നെ എന്തിന് റദ്ദാക്കി? അതായത്, വന്‍ അഴിമതിയും നടപടി ക്രമക്കേടും നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയാണ് മുഖ്യപ്രതിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചത് വാസ്തവമാണെന്ന് വ്യക്തമാകുന്നു.
ശബരിമലക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ഏറ്റവും വലിയ വിഭിന്ന വികാരം സംസ്ഥാനത്തുള്ളത്. യുവതികള്‍ക്ക് മലകയറാമെന്ന കോടതിവിധിക്കെതിരേയല്ല നാട്ടിലും വിദേശത്തും പോലും വിശ്വാസികളുടെ പ്രതിഷേധം. കള്ളഹര്‍ജി കൊടുപ്പിച്ച്, ഹര്ജിക്കാരന് അനുകൂലമായി നിലപാടെടുത്ത്, കോടതിയില്‍ കേസുതോറ്റ്, ആ വിധി നടപ്പാക്കി ജനവികാരം വ്രണപ്പെടുത്താന്‍ തിടുക്കംകൂട്ടുന്ന സംസ്ഥാനത്തെ ഇടതുപക്ഷ സര്കാരിനെതിരേയാണ്. ഈ വികാരം കൂടുതല്‍ ശക്തിപ്പെടാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും ‘വിധി നടപ്പാക്കാനുള്ള അസാധാരണ ധൃതി’യുമാണ്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് അനുകൂലമായ രാഷ്ട്രീയ മാറ്റം പോലും ഉണ്ടായിട്ടുണ്ട്. ഇത് ബിജെപി- സംഘപരിവാര്‍ അനുകൂലമാകാതിരിക്കാന്‍ ഒന്നിക്കണമെന്ന ആഹ്വാനമാണ് മുഖ്യമന്ത്രിയുടേത്. വാസ്തവത്തില്‍ ചെന്നിത്തലയോടാണ് ആഹ്വാനം. ചെന്നിത്തലയ്ക്കപ്പുറം അത് കോണ്‍ഗ്രസിനോടാണ്. അത് പെട്ടെന്ന് തോന്നിയതുമല്ല, ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി സഖ്യമെന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ ഒടുങ്ങാത്ത ചര്‍ച്ചയുടെ തുടര്‍ച്ചയാണ്. അതിന് ചെന്നിത്തല വഴങ്ങുമോ. വഴങ്ങിയേക്കും, കാരണം മദ്യ വിഷയത്തിലും ശബരിമല വിഷയത്തിലും ചെന്നിത്തലയുടെ പാര്‍ട്ടിയും കൂട്ടുകക്ഷിയാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: