സര്‍ക്കാരിനെതിരെ ബിഎംഎസ് രാപ്പകല്‍ സമരത്തിലേക്ക്

Tuesday 9 October 2018 2:36 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ബിഎംഎസ് രാപ്പകല്‍ സമരത്തിന്. നാളെ രാവിലെ 11 മുതല്‍ 11ന് രാവിലെ 11 വരെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും കൂട്ടധര്‍ണ സംഘടിപ്പിക്കുമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവനും വൈസ് പ്രസിഡന്റ് ബി. ശിവജി സുദര്‍ശനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 വെട്ടിക്കുറച്ച സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം ഒപ്പിടുക, വെട്ടിക്കുറച്ച ക്ഷേമാനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, പ്രളയാനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉറപ്പാക്കുക, പ്രളയത്തിന്റെ മറവിലുള്ള നിര്‍ബന്ധിത പിരിവ് അവസാനിപ്പിക്കുക, പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍ പെടുത്തുക, കെഎസ്ആര്‍ടിസിയെ സ്വകാര്യസഹകരണമേഖലയ്ക്ക് തീറെഴുതാനുള്ള നീക്കം അവസാനിപ്പിക്കുക, വിലവര്‍ധന തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. 

 രാഷ്ട്രീയാന്ധതമൂലം ആയുഷ്മാന്‍ ഭാരതില്‍ ഒപ്പുവയ്ക്കാതെ സര്‍ക്കാര്‍ ജനങ്ങളോട് ക്രൂരത കാട്ടുകയാണ്. പ്രളയദുരിതാശ്വാസ വിതരണത്തില്‍പ്പോലും രാഷ്ട്രീയവിവേചനമാണ്. അംഗവൈകല്യമുള്ളവര്‍, വൃദ്ധര്‍, വിധവകള്‍, ഭര്‍ത്താവില്ലാതെ കുട്ടികളുള്ള മാതാപിതാക്കള്‍, അശരണരായവര്‍ തുടങ്ങിയവര്‍ക്ക് ലഭിച്ചിരുന്ന സാമൂഹ്യപെന്‍ഷന്‍ നിര്‍ത്തലാക്കി. ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ കോടികള്‍ ഉള്ളപ്പോള്‍ ക്ഷേമപദ്ധതി പ്രകാരമുള്ള എല്ലാ പെന്‍ഷനുകളും നിബന്ധനകളുടെ പേരില്‍ അട്ടിമറിക്കാന്‍ നോക്കുകയാണ്. 2740 കോടി രൂപ നികുതിയിനത്തില്‍ കിട്ടാനും 6000 കോടിയുടെ നികുതി തുകയ്ക്ക് സ്റ്റേയും ഉള്ളപ്പോഴാണ് പെന്‍ഷന്‍കാരെ പോലും ഒഴിവാക്കാതെ നിര്‍ബന്ധ പിരിവ് നടത്തുന്നത്. സര്‍ക്കാര്‍ നഗ്‌നമായ മനുഷ്യാവകാശലംഘനങ്ങളാണ് നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലാഅധ്യക്ഷന്‍ കെ.കെ. മനോഷ്‌കുമാര്‍, സെക്രട്ടറി കെ. ജയകുമാര്‍, ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്‍. തമ്പി എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.