കര്‍ഷകര്‍ക്കുള്ള സ്വര്‍ണവായ്പയ്ക്ക് കര്‍ശന വ്യവസ്ഥകളുമായി സര്‍ക്കാര്‍

Tuesday 9 October 2018 2:46 am IST

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന കര്‍ഷകര്‍ക്കുള്ള സ്വര്‍ണവായ്പ ലഭിക്കാനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇനി സ്വര്‍ണവായ്പ വേണമെങ്കില്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണം. കുറഞ്ഞ ഭൂമിയുള്ളവര്‍ക്ക് കാര്‍ഷികവായ്പകള്‍ കിട്ടില്ല. നിലവിലെ വായ്പകള്‍ കൃഷി ഭവനുകള്‍ വഴി പരിശോധിക്കും. ബാങ്കിംഗ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

യഥാര്‍ഥ കര്‍ഷകര്‍ക്കാണോ കാര്‍ഷിക വായ്പ ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. കേന്ദ്രസര്‍ക്കാരിന്റെ പലിശയിളവ്  ഇതിനുനണ്ട്. യഥാര്‍ഥ കര്‍ഷകര്‍ക്കല്ല വായ്പ ലഭിക്കുന്നത് എന്ന് പരാതികള്‍  ലഭിക്കാറുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കൃഷിവകുപ്പ് പരാതി നല്‍കും. ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടും. ഇതിന് മുന്നോടിയായി കൃഷിവകുപ്പ് തന്നെ അര്‍ഹരായവര്‍ക്ക് അല്ലാതെ വായ്പ കിട്ടുന്നുണ്ടോ എന്ന് പരിശോധന നടത്തും.  ഓരോ കൃഷിഭവനും കീഴിലുള്ള കര്‍ഷകരില്‍ കേന്ദ്രസര്‍ക്കാരിന്റെ പലിശയിളവ് ആര്‍ക്കൊക്കെയാണ് ലഭിക്കുന്നത് എന്നത് പരിശോധിക്കും, മന്ത്രി പറഞ്ഞു.

ആകെ വായ്പ കൊടുക്കുന്നതിന്റെ 16 ശതമാനം പേര്‍ക്ക് മാത്രമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളത്. സ്വര്‍ണവായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി എടുക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ വായ്പ  എടുക്കുന്നവര്‍ കൃഷിക്കാരാണെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി  കൃഷി ഓഫീസര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് കൂടിയുണ്ടെങ്കിലേ വായ്പ നല്‍കാവൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ 10 സെന്റ് ഭൂമിയുടെ നികുതിയടച്ച രേഖ ഉണ്ടെങ്കില്‍  വായ്പ ലഭിക്കും. അക്കാര്യത്തില്‍ കൃത്യമായ ഒരു പരിശോധന കൂടിയേ തീരു. കര്‍ശനമായ വ്യവസ്ഥകള്‍ ഇക്കാര്യത്തില്‍ പാലിക്കണം, മന്ത്രി  പറഞ്ഞു. 

പ്രളയദുരിതത്ത തുടര്‍ന്ന് മൊറട്ടോറിയം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക വായ്പാ പുനഃക്രമീകരണം നവംബര്‍ 15 നുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ വായ്പകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്. ഈ മാസം 31നുള്ളില്‍ കൃഷിഭവന്‍ തലത്തില്‍ കര്‍ഷകരുടെയും ബാങ്ക് മാനേജര്‍മാരുടെയും യോഗം വിളിക്കും. കര്‍ഷകര്‍ ബാങ്കില്‍ പോയി ഒപ്പിട്ടു നല്‍കേണ്ടതുണ്ട്. മീറ്റിംഗുകളിലൂടെ ഇക്കാര്യങ്ങള്‍ അവരിലേക്കെത്തിക്കാനാണ് ശ്രമിക്കുന്നത്. വായ്പയുടെ പുനഃക്രമീകരണം വായ്പയെടുത്ത തീയതിയനുസരിച്ചാണ് ചില ബാങ്കുകള്‍ നടത്തുന്നത്. അതുകൊണ്ട്  കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കില്ല. അതിനാല്‍ വര്‍ഷം അടിസ്ഥാനപ്പെടുത്തി പുനഃക്രമീകരണം നടത്തണമെന്ന പൊതുവായ ഒരു തീരുമാനം എടുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.