മഹാസഖ്യത്തിന്റെ കാര്യം കഷ്ടത്തിലായി

Tuesday 9 October 2018 3:00 am IST

ജനിക്കും മുന്‍പേ മരിച്ചുപോയ അവസ്ഥയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പാടിപ്പുകഴ്ത്തിയ രാഷ്ട്രീയ മഹാസഖ്യത്തിന്. ബിജെപിയെ എങ്ങനെയും തോല്‍പിക്കാന്‍ മോഹിച്ച്, മാസങ്ങള്‍ക്കുമുന്‍പ് ഒരു ചെറിയ തെരഞ്ഞെടുപ്പു നേട്ടത്തിന്റെ ആവേശത്തിലാണ് അവര്‍ ഒന്നിച്ചത്. കാര്യമായ മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ അതു പൊട്ടിത്തകരുകയും ചെയ്തു. കര്‍ണാകടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ മറികടന്ന് സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളേക്കാള്‍ അംഗസംഖ്യകുറഞ്ഞ ജെഡിഎസ്സിന് മുന്നില്‍ മുഖ്യമന്ത്രിസ്ഥാനം അടിയറവച്ച് കോണ്‍ഗ്രസ് ഭരണം പങ്കിട്ട വേദിയിലായിരുന്നു മഹാഗഡ്ബന്ധന്‍ എന്ന് അവര്‍ വിശേഷിപ്പിച്ച സഖ്യത്തിന്റെ ഉദയം. മിനി പൊതു തെരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ തകര്‍ച്ചയും സംഭവിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 

ഒരേവേദിയില്‍ കൈകോര്‍ത്ത് നിന്നവര്‍ പലവഴിക്കു പിരിഞ്ഞു. എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നവര്‍ എന്ന് സ്വയം നടിച്ച കോണ്‍ഗ്രസ് ഒറ്റയ്ക്കായി. മായാവതിയുടെ ബിഎസ്പി ആദ്യമേ പെട്ടിമടക്കി സ്ഥലംവിട്ടു. ഒറ്റയ്ക്കു പൊരുതുമെന്നാണ് തത്ക്കാലം തീരുമാനം. പിന്നാലെ അഖിലേഷ് യാദവിന്റെ എസ്പി കളമൊഴിഞ്ഞു. ഇപ്പഴിതാ സിപിഎമ്മും പറയുന്നു കോണ്‍ഗ്രസ്സിന്റെ കൂടേയ്ക്കു തങ്ങളില്ലെന്ന്. അഥവാ അവര്‍ ഉണ്ടായാലും കാര്യമായ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നതു വേറെ സത്യം. പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് ആദ്യം പ്രഖ്യാപിച്ച നേതാവാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പിന്നെയതു മാറ്റി. ആരുവേണമെങ്കില്‍ പ്രധാനമന്ത്രിയായിക്കോട്ടെ ബിജെപിയെ ഒന്നു തോല്‍പിച്ചാല്‍ മതി എന്നായി. ഇപ്പോള്‍ കൂടെ നില്‍ക്കാന്‍ ദേശീയ സ്വഭാവമുള്ള ഒരു പാര്‍ട്ടിയും ഇല്ലാതായപ്പോള്‍ കൂടെക്കൂട്ടാന്‍  പ്രാദേശിക പാര്‍ട്ടികളെ അന്വേഷിക്കുന്ന തിരക്കിലാണു കോണ്‍ഗ്രസും രാഹുലും. അഞ്ചില്‍ നാലു സംസ്ഥാനങ്ങളും ബിജെപിയുടെ പ്രധാന എതിരാളി കോണ്‍ഗ്രസ്സായിരിക്കും. അതേസമയം സ്വന്തം തട്ടകത്തിനു പുറത്തു സ്വാധീനം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മറ്റു പാര്‍ട്ടികള്‍. അതിനാല്‍ത്തന്നെ മറ്റു കക്ഷികളെ തന്ത്രപൂര്‍വം കൂടെനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്സാണ്. പക്ഷേ, അതിനു പറ്റിയൊരു തലയെടുപ്പുള്ള നേതാവ് അവര്‍ക്കില്ലാതെ പോയി. 

വ്യക്തമായ പദ്ധതികളോ പരിപാടികളോ കാഴ്ചപ്പാടോ ഇല്ലെന്നതാണ് പ്രതിപക്ഷത്തെ ഈ പറഞ്ഞ ഐക്യനിര തുടക്കം മുതലേ നേരിട്ട പ്രശ്‌നം. ആകെയുള്ളൊരു പരിപാടി രാഹുല്‍ പറഞ്ഞതുപോലെ ബിജെപി വിരുദ്ധത മാത്രം. ഉയര്‍ത്തിക്കാട്ടാനൊരു ബദല്‍ നേതാവുമില്ല. ഇന്ത്യ പോലുള്ളൊരു മഹാരാജ്യം ഭരിക്കാന്‍ അതുമതിയാകില്ലെന്നതു മനസ്സിലാക്കാന്‍ പോന്ന പക്വതയോ കാഴ്ചപ്പാടോ നേതൃത്വമോ ഉള്ളൊരു പാര്‍ട്ടിയും ഇല്ലെന്നത് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ്സിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും പിടിവാശി കാണിക്കുന്നെന്നുമാണു മായാവതിയുടെ ആരോപണം. മായാവതിയേക്കുറിച്ച് അഖിലേഷിനും ഇതേ അഭിപ്രായം തന്നെ. എല്ലാവര്‍ക്കും നോട്ടം പ്രധാനമന്ത്രി കസേരയിലാകുമ്പോള്‍ പരസ്പര വിശ്വാസം കുറയുന്നതു സ്വാഭാവികം മാത്രം. 

അതേസമയം കൃത്യമായ ലക്ഷ്യബോധം ഒരു പാര്‍ട്ടിയേയോ മുന്നണിയേയോ എങ്ങനെ കെട്ടുറപ്പില്‍ നിലനിര്‍ത്തുമെന്നതിനും അതു ഭരണത്തെ എങ്ങനെ കരുത്തുറ്റതാക്കുമെന്നതിനു തെളിവാണ് കേന്ദ്രത്തിലെ എന്‍ഡിഎ. അഞ്ചു വര്‍ഷം തികയാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും അപസ്വരങ്ങളില്ലാതെയും അഴിമതിയില്ലാതെയും കെട്ടുറപ്പോടെ നില്‍ക്കുന്ന ഭരണ സംവിധാനത്തിന്റെ അടിത്തറ കരുത്തുറ്റ നേതൃത്വവും കൃത്യമായ ലക്ഷ്യബോധവുമാണ്. പ്രതിപക്ഷത്ത് ഇല്ലാത്തതും അതുതന്നെ. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ മാത്രം ഒരു പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാനാവില്ലല്ലോ. ഡിസംബര്‍ പകുതിയോടെ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും പൂര്‍ത്തിയാകും. പിന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് വലിയ ദൂരമില്ലതാനും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.