എന്ത് പറ്റി നമ്മുടെ കോടതികള്‍ക്ക്?

Tuesday 9 October 2018 3:01 am IST

ലോകത്ത് ഏറ്റവും അധികം അധികാരം കയ്യാളുന്ന കോടതിയാണ് നമ്മുടെ സുപ്രീംകോടതി. നൂറുകോടിയിലധികം വരുന്ന ജനങ്ങളുടെമേല്‍ അതിന് പരമാധികാരം ഉണ്ട്. ആ കോടതി പ്രസ്താവിക്കുന്ന വിധി രാജ്യമൊട്ടാകെയുള്ള നിയമമാണ്. എല്ലാവരും അനുസരിച്ചേ മതിയാകൂ. ഭരണഘടനയുടെ 142-ാം അനുച്ഛേദമനുസരിച്ച് പരിപൂര്‍ണ നീതി (complete justice) നടപ്പാക്കാന്‍ നിലവിലുള്ള വിവിധ വിധിന്യായങ്ങളില്‍ ആ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിപുലമായ അധികാരം കയ്യാളുന്നത് കൊണ്ടായിരിക്കണം ഇന്നിപ്പോള്‍ രാജ്യത്തെ കാര്യമായി സ്പര്‍ശിക്കുന്ന എല്ലാ വിഷയങ്ങളിലും സുപ്രീംകോടതി ഇടപെട്ട് തുടങ്ങിയിരിക്കുന്നു.  ഈ ഇടപെടലുകള്‍ പലപ്പോഴും ഭരണഘടനാ സംബന്ധമായ കാര്യങ്ങളിലും കോടതിക്ക് നീക്കിവെയ്ക്കപ്പെട്ട വിഷയങ്ങളില്‍നിന്ന് അകന്നുകൊണ്ടും മറ്റുമേഖലകളിലേയ്ക്ക് അതിക്രമിച്ചു കയറിക്കൊണ്ടുമാണെന്നുള്ള ആശങ്ക നിയമവൃത്തങ്ങളില്‍ ഭയം ജനിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

മറ്റെല്ലാ സ്ഥാപനങ്ങളേയും പോലെ ഒരിക്കലും തെറ്റുപറ്റാത്തതല്ല നമ്മുടെ സുപ്രീംകോടതിയും. അന്തിമമായ കോടതിയായതുകൊണ്ടാണ് സുപ്രീംകോടതി വിധികള്‍ തെറ്റുപറ്റാത്തതാണെന്ന് ജനങ്ങള്‍ കരുതാന്‍ ബാധ്യസ്ഥരാവുന്നത്. ഈ സാഹചര്യത്തില്‍ ദൂരവ്യാപകമായ ഫലമുളവാക്കുന്ന വിധികള്‍ പ്രസ്താവിക്കുന്നതിനു മുന്‍പ് ഗഹനമായ വിചിന്തനവും പരിജ്ഞാനവും അനിവാര്യമാണ്. നിര്‍ഭാഗ്യവശാല്‍ അവശ്യം പാലിക്കേണ്ട ആരോഗ്യകരമായ കാഴ്ചപ്പാടും സ്വയം നിയന്ത്രണവും പലപ്പോഴും നമ്മുടെ ഏറ്റവും ഉയര്‍ന്ന കോടതി പാടേ വിസ്മരിക്കുന്നതാണ് കാണുന്നത്.

ഭരണഘടനയുടെ 32-ാം അനുഛേദം അനുസരിച്ച് മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അപ്പോള്‍ മാത്രം ഏതു പൗരനും സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാവുന്നതാണ്. ഈ അധികാരം നിര്‍വഹിക്കുന്നതിന് ചില സ്വയം നിര്‍മിത പരിമിതികളും മാനദണ്ഡങ്ങളും സുപ്രീംകോടതി തന്നെ ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതികളെ സമീപിച്ചശേഷമേ സുപ്രീംകോടതിയിലേക്ക് വരാവൂ എന്ന നിരവധി വിധികള്‍ നിലവിലുണ്ട്. നിര്‍ഭാഗ്യവശാല്‍ സ്വയം ആവിഷ്‌കരിച്ച ഈ തത്ത്വങ്ങളൊക്കെയും ആവിഷ്‌കാരത്തിന്റെ സൃഷ്ടികര്‍ത്താക്കള്‍ തന്നെ വിസ്മരിക്കുന്നതായിട്ടാണ് കാണുന്നത്. ഉദാഹരണത്തിന്, കുപ്രസിദ്ധമായ നിരാറാഡിയ ടേപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയും ഉടന്‍തന്നെ അദ്ദേഹം അപേക്ഷിച്ച മാതിരി താല്‍ക്കാലിക കല്‍പ്പന കോടതി നല്‍കുകയും ചെയ്തു. വ്യാവസായിക രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന അഴിമതികളിലേയ്ക്കും അതില്‍ ഇടനിലക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും വെളിച്ചം വീശാന്‍ ആ ടേപ്പുകള്‍ ഉപയുക്തമായിരുന്നു. എന്നാല്‍ അവയുടെ ഉള്ളടക്കത്തെ ഭയക്കുന്ന ടാറ്റ ഏറ്റവും പ്രഗത്ഭനായ ഒരു അഭിഭാഷകന്‍ വഴി രാജ്യത്തെ ഏറ്റവും ഉന്നത കോടതിയെ നേരിട്ട് സമീപിക്കുകയും ത്വരിതഗതിയില്‍ അദ്ദേഹത്തിനനുകൂലമായ ഉത്തരവ് സമ്പാദിക്കുകയുമുണ്ടായി. സുപ്രീംകോടതിയോടുള്ള എല്ലാ ആദരവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ചോദിക്കട്ടെ  രത്തന്‍ ടാറ്റയുടെ ഏതു മൗലികാവകാശമാണ് ടേപ്പുകളില്‍ ലംഘിക്കപ്പെട്ടത്? ലംഘിച്ചു എന്ന് ആരോപിക്കുന്നതാകട്ടെ ഒരു സ്വകാര്യ വ്യക്തിയും. സ്വകാര്യ വ്യക്തികള്‍ക്കെതിരെ റിട്ട് അധികാരം ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് സുസ്ഥിതമായ നിയമം. ടാറ്റയുടെ കാര്യത്തില്‍ മാത്രം ഇതെങ്ങനെ ലംഘിക്കപ്പെടും? അതുപോലെതന്നെ കര്‍ണാടക നിയമസഭ സമ്മേളിക്കുന്ന വിഷയത്തില്‍ രണ്ടു സാമാജികര്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയും അസാധാരണമായി രാത്രി കോടതി ചേര്‍ന്ന് പിന്നീട് നിയമസഭാ നടപടികളില്‍ ഇടപെട്ടുകൊണ്ട്- വിശ്വാസപ്രമേയം നേരത്തെ പരിഗണനക്ക് എടുക്കണമെന്ന് കല്‍പന പുറപ്പെടുവിക്കുകയുണ്ടായി. ആ സാമാജികരുടെ ഏതു മൗലികാവകാശമാണ് അനുഛേദനത്തിന്റെ പരിരക്ഷ കിട്ടാന്‍മാത്രം ഉല്ലംഘിക്കപ്പെട്ടത്? 

ശബരിമല കേസ്സിലും വിവേചനത്തിന് പാത്രീഭൂതരായ ഒരു വ്യക്തിയും കോടതിയെ സമീപിച്ചിട്ടില്ലെന്നുള്ളത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എടുത്തുപറയുന്നുണ്ട്. നിയമലംഘനം ചൂണ്ടിക്കാണിക്കാന്‍ ഇല്ലാത്തവരുടെ ഹര്‍ജിയിലാണിപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന വിധിയുണ്ടായത്. ഈ സ്ഥിതി അഭികാമ്യമാണോ? നിയമവ്യവസ്ഥയ്ക്ക് നിരക്കുന്നതാണോ? നിയമക്കോടതികള്‍ക്ക് എല്ലാ കേസ്സിലും നിയമവ്യവസ്ഥ കര്‍ശനമായി പാലിക്കേണ്ട ചുമതല ഇല്ലേ? റോസ്റ്റര്‍ നിര്‍ണയത്തിലും ലോയ കേസ്സിലും അതേപോലെതന്നെ മൗലികാവകാശ ലംഘനമോ അതിന്റെ അടുത്തുപോലും എത്താതെ നിരവധി കേസ്സുകളും ഈ രീതിയില്‍ സുപ്രീംകോടതി പരിഗണനാ വിഷയമാക്കുകയും വിലപ്പെട്ട സമയം പാഴാക്കുകയും ചെയ്യുന്നുണ്ട്.

ആ സമയം സാധാരണ വ്യവഹാരികള്‍ക്ക് അവകാശപ്പെട്ടതാണ്. ജയില്‍ ശിക്ഷയും മരണ ശിക്ഷയും വിധിക്കപ്പെട്ട നിരവധി ഹതഭാഗ്യര്‍ സുപ്രീംകോടതി വ്യവഹാരികളുടെ നീണ്ട ക്യൂവിലുണ്ട്. അവരില്‍ പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നത് സ്വാതന്ത്ര്യവും ഒരുപക്ഷേ ജീവനുമാണ്. അത്തരം കേസ്സുകള്‍ക്ക് മുന്‍ഗണന കൊടുക്കാതെ ആഡംബര വിഷയങ്ങളില്‍ മാത്രം ഇടപെട്ടുകൊണ്ട് ഭരണഘടനാ ബെഞ്ചുകളുടെ സമയംപോലും കവര്‍ന്നെടുക്കാന്‍ ചില വ്യവഹാരികളെ മാത്രം അനുവദിക്കുന്നത് അങ്ങേയറ്റം ആക്ഷേപകരവും ദുഃഖകരവുമാണ്. വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന സിവില്‍ തര്‍ക്കങ്ങളും സുപ്രീംകോടതിയിലുണ്ട്. അവയിലുള്‍പ്പെട്ടിരിക്കുന്നത് സാധാരണക്കാരുടെ വേദനകളും ആശങ്കകളുമാണ്. ത്വരിതമായ നീതി നിഷേധിക്കപ്പെട്ടവരുടെ നീണ്ട നിരയില്‍ ഉള്‍പ്പെടാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍.  വ്യവസായ പ്രമുഖന്മാരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും അവകാശങ്ങള്‍ക്കൊപ്പമെങ്കിലും പരിഗണിക്കപ്പെടാന്‍ ഈ വിഭാഗത്തില്‍പ്പെട്ട നിര്‍ഭാഗ്യവാന്മാര്‍ക്കും അവകാശമില്ലേ? എന്നാല്‍ സാധാരണ സിവില്‍-ക്രിമിനല്‍ കേസ്സുകള്‍ മാധ്യമശ്രദ്ധപോലും ആകര്‍ഷിക്കുന്നില്ല.

ഇതുകൊണ്ടായിരിക്കുമോ ഈ വിഭാഗത്തില്‍പ്പെട്ട കേസ്സുകള്‍ക്ക് അവഗണനാ രീതിയിലുള്ള മുന്‍ഗണനാക്രമം കിട്ടാതിരിക്കുന്നത്? ഈ കാര്യം ഈ പംക്തികളിലൂടെ തന്നെ മുന്‍പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഹൈക്കോടതികളും ഈ കാഴ്ചപ്പാട് അവലംബിക്കുന്നതാണ് കാണുന്നത്. കേരള ഹൈക്കോടതിയില്‍ ഒരു സ്വകാര്യ സംഘടന സൗന്ദര്യമത്സരം നടത്തുന്നതിന് എതിരെ റിട്ട് ഹര്‍ജി വരുകയും മത്സരം സ്റ്റേ ചെയ്യുകയും ഉണ്ടായി. സ്വകാര്യ സംഘടനയ്ക്ക് എതിരായി എങ്ങനെയാണ് റിട്ട് അധികാരം ഉപയോഗിക്കുക? സര്‍ക്കാര്‍ വക്കീലന്മാര്‍പോലും ഈ വാദം ഉന്നയിച്ചിട്ടില്ല. ഇന്ന് ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ നിയമിക്കണം എന്നും മറ്റും പറഞ്ഞ് റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നു. കോടതികളുടെ സമയത്തിന്റെ സിംഹഭാഗം  ഇത്തരം കേസ്സുകള്‍ വൃഥാവിലാക്കുന്നു. എന്നിട്ടും നിങ്ങള്‍ക്ക് കോടതിയില്‍ വരാന്‍ നിയമപ്രകാരം എന്ത് അവകാശമാണ് ഉള്ളത് എന്ന പ്രസക്ത ചോദ്യം മാധ്യമ ശ്രദ്ധ കിട്ടുന്ന ഇത്തരം കേസുകളില്‍ ജഡ്ജിമാര്‍ ചോദിച്ചു കാണുന്നില്ല. ഈ കാഴ്ചപ്പാടിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു പുരുഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്ത്രീകള്‍ക്ക് എതിരായി വിവേചനം ഉണ്ടെന്ന് പറഞ്ഞ് വകുപ്പ് റദ്ദാക്കിയത്. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഫയല്‍ ചെയ്യുന്ന മിക്ക പൊതുതാല്‍പര്യഹര്‍ജികളിലും മൗലികാവകാശങ്ങളുടെ ലംഘനം വേണമെന്നുള്ള നിഷ്‌കര്‍ഷ പാലിക്കപ്പെടുന്നില്ല. അതുകാരണം നീതിക്കുവേണ്ടി ദീര്‍ഘകാലം കാത്തിരിക്കേണ്ടിവരുന്ന വ്യവഹാരികള്‍ക്ക് നീക്കിവയ്‌ക്കേണ്ട സമയം ഇത്തരം വ്യവഹാരങ്ങള്‍ ആസ്വദിക്കുന്നതുപോലെയാണ് തോന്നുന്നത്. അല്ലെങ്കില്‍ ശബരിമല സ്ത്രീ പ്രവേശന കേസ്സില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതിന് എത്രയോ മുമ്പുള്ള മതപരമായ നിയന്ത്രണമായി നിലനില്‍ക്കുന്ന ആചാരമാണ് സുപ്രീം കോടതി നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. പന്തളം രാജകുടുംബം ഒരു സ്വകാര്യ സ്ഥാപനമാണ്. അതിന് എതിരായി റിട്ട് അധികാരം ഉപയോഗിക്കാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. ദേവസ്വം ബോര്‍ഡിന് എതിരെമാത്രമാണ് അത്തരം ഹര്‍ജികള്‍ നിലനില്‍ക്കുക. എന്നിട്ടും പന്തളം രാജകുടുംബം ദീര്‍ഘകാലമായി തന്ത്രിമാരുടെ ഉപദേശത്തോടുകൂടി അനുവര്‍ത്തിച്ചു വരുന്ന ഒരു അനുഷ്ഠാനമാണ് ഭരണഘടനാ വിരുദ്ധമായി കോടതി പ്രഖ്യാപിച്ചത്.

അങ്ങനെ പ്രഖ്യാപിച്ച ബെഞ്ചിലെ അഞ്ച് ജഡ്ജിമാരുടെയും സത്യസന്ധതയോ കഴിവോ ആരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല. മറിച്ച്, സുപ്രീം കോടതിയിലെ ഇന്നുള്ള ജഡ്ജിമാരില്‍ പ്രഗത്ഭനായ ഒരാളാണ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍. അദ്ദേഹം ഒരു പാഴ്‌സി പുരോഹിതന്‍ കൂടിയാണ്. ഹിന്ദുക്കള്‍ ശവശരീരത്തിന് ആദരവ് കൊടുക്കുമ്പോള്‍ പാഴ്‌സികള്‍ ശവശരീരം കഴുകന്‍മാര്‍ക്ക് തിന്നാന്‍ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഈ സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ തയ്യാറാകുമോ? ക്രിസ്ത്യാനികള്‍ക്ക് ഇടയില്‍ സ്ത്രീകള്‍ പുരുഷന്മാരോട് കുമ്പസരിക്കുന്ന സമ്പ്രദായം സ്ത്രിവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ നമ്മുടെ സുപ്രീം കോടതി തയ്യാറാകുമോ? മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കാതിരിക്കുന്നത് തുല്യതാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. 

അപ്പോള്‍ ഹിന്ദുക്കള്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അനീതികള്‍ മാത്രം നിയമത്തിന്റെ വലയത്തിനുള്ളില്‍ കൊണ്ടുവരാന്‍ ഹിന്ദു സമൂഹത്തിനോട്  സുപ്രീംകോടതിക്ക് എന്താണ് ഇത്ര അസാധാരണ പ്രതിപത്തി? പക്ഷപാതം?

സ്വയം പരിഷ്‌കരണത്തിന് എല്ലാകാലത്തും മുന്നോട്ട് വന്നിട്ടുള്ള സമൂഹമാണ് ഹിന്ദുവിന്റേത്. സ്ത്രീ സമൂഹത്തെ എന്നും ആദരിച്ചും ആരാധിച്ചും പോന്നിട്ടുള്ളവരാണ് ഹിന്ദുക്കള്‍. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയും വിദ്യാദേവതയായ സരസ്വതിയും ശക്തിയുടെ പ്രതീകമായ ദുര്‍ഗ്ഗയും അവരുടെ നിത്യാരാധനാ ദൈവങ്ങളാണ്. സ്ത്രീകള്‍ക്കെതിരായ  വിവേചനത്തിന് ഒരു ഹിന്ദുവും എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന്  തോന്നുന്നില്ല. പക്ഷെ വിവേചനവും നിയന്ത്രണവും രണ്ടാണ്. കാര്യകാരണ സഹിതമുള്ള ആചാരങ്ങള്‍ വേണ്ടെന്ന് വെയ്ക്കുന്നത് അതുണ്ടാക്കിയവര്‍ തന്നെയാണ് ചെയ്യേണ്ടത്. ദുരാചാരങ്ങള്‍ ഒക്കെ എതിര്‍പ്പ് കൂടാതെ അവസാനിപ്പിക്കാന്‍ ഔല്‍സുക്യം പ്രകടിപ്പിക്കുന്ന സമൂഹമാണിത്. പക്ഷെ ദുരാചാരവും വിശ്വാസപ്രമാണങ്ങളും ചടങ്ങുകളും സമ്പ്രദായങ്ങളും പാടേ ഭിന്നമാണ്. അവ പരിഷ്‌കരിക്കാന്‍ പരിഷ്‌കരണം ആവശ്യമായ ഇടത്ത് മുന്നോട്ടുവരേണ്ടത് ഹിന്ദുക്കള്‍ തന്നെയാണ്. കോടതികളല്ല. കോടതികള്‍ ഇടപെടുന്നുണ്ടെങ്കില്‍ രാജ്യത്തെ സകലമാന സ്ത്രീകളുടെയും കാര്യത്തില്‍ മതജാതി ഭേദമില്ലാതെ ഇടപെടണം. അതിന് ചങ്കൂറ്റമില്ലെങ്കില്‍ സഹിഷ്ണുതയ്ക്കു ക്ഷമയ്ക്കും വിശാലമനഃസ്ഥിതിയ്ക്കും മാതൃകയായ ഒരു മത വിഭാഗത്തെ മാത്രം ശരവ്യമാക്കുന്നത് മതേതര ജനാധിപത്യത്തിന്റെ മൂന്നു നെടുംതൂണുകളിലൊന്നായ ജുഡീഷ്യറിയ്ക്കും ബാധകമാണ്.

അഡ്വ. കെ. രാംകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.