ന്യൂദൽഹി: കോൺഗ്രസ് ഐടി സെൽ അംഗത്തിനെതിരെ ലൈംഗിക പീഡനാരോപണവുമായി മുൻ സഹപ്രവർത്തക രംഗത്ത്. ചിരാഗ് പട്നായിക്കിനെതിരെയാണ് മുൻ സഹപ്രവർത്തക പീഡനാരോപണവുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയിൽ പോലീസ് ചിരാഗിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
ഇന്ത്യൻ പീനൽ കോഡ് 354എ, 509എ എന്നീ വകുപ്പുകൾ ചുമത്തി നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ന്യൂദൽഹി ഡെപ്യൂട്ടി കമ്മീഷണർ മധുർ വർമ പറഞ്ഞു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ ടീമിൽ പങ്കെടുക്കുന്ന കാലയളവിലാണ് മുൻ സഹപ്രവർത്തകയ്ക്ക് നേർക്ക് ചിരാഗ് അപമര്യാദയായി പെരുമാറിയത്.
കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ടീമിന്റെ മാനേജരാണ് ചിരാഗ് പട്നായിക്കിപ്പോൾ. അതേ സമയം സംഭവത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ അധ്യക്ഷയായ ദിവ്യ സ്പന്ദന മാധ്യമപ്രവർത്തകരെ അറിയിച്ചു. പരാതികൾ സ്വീകരിക്കുന്ന സമിതി മുൻ ജീവനക്കാരിയിൽ നിന്നും കത്ത് മുഖാന്തരമോ വാക്കാലോ യാതൊരു തരത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ലെന്ന് ദിവ്യ സ്പന്ദന വ്യക്തമാക്കി. യുവതിയുടെ ഔദ്യോഗികമായ പരാതിക്കായി കാത്തിരിക്കുകയാണെന്ന് അധ്യക്ഷ പറഞ്ഞു.
യുവതിയുടെ പരാതിയിൽ ദൽഹി പോലീസ് ഉടൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പരാതിക്കരിയുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ബിജെപി എംപി മീനാക്ഷി ലേഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: