ഇങ്ങനെയൊക്കെ പറയാമോ മുഖ്യമന്ത്രീ; തെറ്റ് തിരുത്തണം: അഭിഭാഷക ഉഷാ നന്ദിനി

Tuesday 9 October 2018 12:29 pm IST

കൊച്ചി: ശബരിമലക്കേസിലെ സുപ്രീം കോടതി നടപടികളുടെ വിശദാംശത്തില്‍ നുണ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസില്‍ കക്ഷിയായിരുന്ന അഭിഭാഷക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെളിപ്പെടുത്തല്‍ ഒന്നുകില്‍ നുണയാണ്, അല്ലെങ്കില്‍, ഈ നിലപാടിന്റെ പേരില്‍ സര്‍ക്കാര്‍ റിവ്യൂഹര്‍ജി കൊടുക്കണം, അഭിഭാഷകയായ ഉഷാ നന്ദിനി ആവശ്യപ്പെടുന്നു. 

''ശബരിമല ക്ഷേത്രത്തിന്റെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടത് വര്‍ഷങ്ങളായി തുടരുന്ന ആചാരമായതിനാലും, അത് വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാലും, ജനങ്ങള്‍ സ്വീകരിച്ചതിനാലും, ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സുപ്രീം കോടതിയെ ഓര്‍മ്മിപ്പിച്ചു,'' എന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. എന്നാല്‍ സുപ്രീം കോടതി നടപടിയില്‍ ഒരു ഘട്ടത്തിലും അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് ഉഷ നന്ദിനി വിശദീകരിക്കുന്നു. 

ബ്രൂവറീ വിഷയത്തില്‍ തെറ്റ് തിരുത്തിയത് പോലെ, വിശ്വാസികളോട് അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റും സര്‍ക്കാര്‍ തിരുത്തണമെന്നാണ് ആവശ്യം. 

ഉഷ നന്ദിനിയുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം: 

 ''മൂന്ന് നേരം അരിയാഹാരം കഴിക്കുന്ന മലയാളികളോട് ഇങ്ങനെ ഒക്കെ പറയാമോ മുഖ്യമന്ത്രി ?

ശബരിമല സ്ത്രീ നിയന്ത്രണങ്ങളും ആയി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വായിച്ച വാര്‍ത്തകുറിപ്പില്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടുകള്‍ വിശദീകരിച്ചിട്ടുണ്ട്.

വാര്‍ത്തകുറിപ്പില്‍ 'സര്‍ക്കാര്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്' എന്ന തലകെട്ടില്‍ കുറെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അതില്‍ നാല്, അഞ്ച് പോയിന്റുകള്‍ ഇവയാണ്.

പോയിന്റ് നാല്: ഈ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു. ശബരിമല ക്ഷേത്രത്തിന്റെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടത് വര്‍ഷങ്ങളായി തുടരുന്ന ആചാരമായതിനാലും, അത് വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാലും, ജനങ്ങള്‍ സ്വീകരിച്ചതിനാലും, ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതി വിധി നിലവിലുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.

അഞ്ച്: ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു അപേക്ഷ സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഹിന്ദു ധര്‍മ്മശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മീഷന്‍ നിയോഗിച്ച് അവരോട് പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതില്‍ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം.

ശബരിമല സ്ത്രീ പ്രവേശന കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആയത് സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ആണ്. ജൂലൈ 19 നും, ആഗസ്ത് ഒന്നിനുമാണ് ജയ്ദീപ് ഗുപ്ത ഈ കേസില്‍ വാദിച്ചത്. ഈ രണ്ട് ദിവസങ്ങളിലും ജയ്ദീപ് ഗുപ്ത ഇത്തരം ഒരു വാദം സുപ്രീം കോടതിയില്‍ ഉന്നയിച്ചിട്ടില്ല എന്നതാണ് സത്യം. ശബരിമല കേസിലെ വാദം നടന്ന എല്ലാ ദിവസങ്ങളിലുംകോടതിയില്‍ ഹാജരുണ്ടായിരുന്ന, ഒരു ഹിന്ദുമത വിശ്വാസി എന്ന നിലയില്‍ കേസില്‍ കക്ഷി ചേര്‍ന്ന ഒരു അഭിഭാഷക ആയ എനിക്ക് ഒരു പക്ഷേ ഇംഗ്‌ളീഷ് മനസിലാകാഞ്ഞിട്ടായിരിക്കാം അദ്ദേഹം കോടതിയില്‍ പറഞ്ഞ കാര്യങ്ങളേക്കുറിച്ച്‌സംശയം ഉണ്ടായത്..സംശയം നീക്കാനായി മൂന്ന് നിഷ്പക്ഷ സോഴ്‌സുകളെ ഞാന്‍ ആശ്രയിച്ചു..

കോടതിയില്‍ നിന്ന് അപ്പപ്പോള്‍ വാദങ്ങള്‍ ലൈവ് ആയി ട്വീറ്റ് ചെയ്യുന്ന 'ലൈവ് ലോ'യിലും, 'ബാര്‍ ആന്‍ഡ് ബെഞ്ചി'ലും ആണ് ആദ്യം നോക്കിയത്. ജയ്ദീപ് ഗുപ്ത നടത്തിയ പ്രധാന വാദങ്ങള്‍ ഒക്കെ 'ലൈവ് ലോ'യും 'ബാര്‍ ആന്‍ഡ് ബെഞ്ചും' ട്വീറ്റ് ചെയ്തിട്ടിട്ടുണ്ട്. എന്നാല്‍ ജൂലൈ 19 നോ, ആഗസ്ത് ഒന്നിനോ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ഉള്‍പ്പെടുന്ന കമ്മീഷനെ കുറിച്ച് ഒന്നും പരാമര്‍ശിച്ച് കണ്ടില്ല.

അവര്‍ക്കും അതി പ്രധാനമായ ഈ വാര്‍ത്ത ഒരു പക്ഷേ എന്നെപ്പോലെ തന്നെ മനസിലാകാത്തത് ആണെന്ന് കരുതി... ആ സംശയം കാരണം കോടതി വാദങ്ങള്‍ ഫേസ് ബുക്കില്‍ ലൈവ് ആയി പോസ്റ്റ് ചെയ്യുന്ന റിപ്പോട്ടര്‍ ടി വി യിലെ ബാലഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ നോക്കി. അവിടെയും ജയ്ദീപ് ഗുപ്ത ഇങ്ങനെ പറഞ്ഞതായി ഒരു വരി പോലും കണ്ടില്ല. വാദങ്ങള്‍ മാത്രം അല്ല കോടതിയിലെ ഓരോ ചലനങ്ങളും സൂക്ഷ്മം എഴുതുന്ന ബാലുവിന് ജയ്ദീപ് ഗുപ്ത ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മിസ് ആകും എന്ന് സ്വപ്നത്തില്‍ പോലും വിശ്വസിക്കാന്‍ വയ്യ.

അവസാനം സംശയം തീര്‍ക്കാനായി മനോരമ, മാതൃഭൂമി പത്രങ്ങള്‍ നോക്കി. ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ ദിനപത്രങ്ങളും നോക്കി. അവിടെയും ഇങ്ങനെ ഒരു വാര്‍ത്ത ഇല്ല. എന്തിന് ഏറെ പറയുന്നു ദേശാഭിമാനി ലേഖകന്‍ പോലും കേള്‍ക്കാത്ത കാര്യം ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അവകാശപ്പെട്ടത്. ഒരു കമ്മീഷനെ കുറിച്ചും ജയ്ദീപ് ഗുപ്ത കോടതിയില്‍ കമ എന്ന് മിണ്ടിയിട്ട് ഇല്ല.

2007 ല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ നാലാം പാരയില്‍ സര്‍ക്കാര്‍ ഇങ്ങനെ ഒരു കമ്മീഷനെ വെക്കുന്ന കാര്യംപറഞ്ഞിരുന്നു. ഇത്തരംഒരു നിര്‍ദേശം മുന്നോട്ട് വച്ചിട്ടുള്ളതായി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ബഹുമാന്യ ആയ ഒരു ജഡ്ജി വ്യകത്മാക്കിയിട്ടുമുണ്ട്. എന്നാല്‍ 2007 ലെ സര്‍ക്കാര്‍ സത്യവാങ് മൂലത്തിലെ ഈ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ കേസിന്റെ വാദ സമയത്ത് ഒരിക്കലും കോടതിയില്‍ ശക്തമായി ആവശ്യപ്പെട്ടിട്ടില്ല. ഇത് കോടതിയില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാവുന്ന സത്യം ആണ്.

ഇനി ഞാന്‍ പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലുംതെറ്റുള്ളതായി അങ്ങേയ്ക്ക് തോന്നിയാല്‍ സ്വന്തം നിലയ്ക്ക് അന്വേഷണമാകാം.

ഇത്തരമൊരു കമ്മീഷനെ വെയ്കുന്നതുമായി ബന്ധ പ്പെട്ട സര്‍ക്കാരിന്റെ നിലപാട് കോടതിയെ വാദം നടന്ന സമയത്ത് അറിയിക്കാത്തതിനാല്‍ തന്നെ സര്‍ക്കാര്‍ തീര്‍ച്ചയായുംറിവ്യൂ ഹര്‍ജി നല്‍കേണ്ടതാണ്.

മൂന്ന്‌നേരം അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് അല്ലെങ്കില്‍ സര്‍ക്കാരിന്റെ നിലപാട് കാപട്യം നിറഞ്ഞത് ആണെന്ന് തോന്നിയാല്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല. ബ്രൂവറീ വിഷയത്തില്‍ തെറ്റ് തിരുത്തിയത് പോലെ, വിശ്വാസികളോട് അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റും സര്‍ക്കാര്‍ തിരുത്തണം.''

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.