നാമജപത്തെയും ശരണംവിളിയെയും മുഖ്യമന്ത്രി ഭയപ്പെടുന്നു - എം.ടി രമേശ്

Tuesday 9 October 2018 2:44 pm IST
കേരളത്തിലെ വിശ്വാസികളുടെ മുന്നേറ്റത്തെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമത്തെ ശബരിമല സംരക്ഷണ യാത്ര ചെറുത്തുതോല്‍പ്പിക്കും.

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടതെന്ന്ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. നാമജപത്തെയും ശരണംവിളിയെയും എന്തുകൊണ്ട് മുഖ്യമന്ത്രി ഭയപ്പെടുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരിടത്തും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നു വന്നിട്ടില്ല. എന്നാല്‍ ശരണം വിളിയെയും നാമജപത്തെയും കലാപത്തിനുള്ള ആഹ്വാനമായാണ് മുഖ്യമന്ത്രി കാണുന്നതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം.ടി രമേശ് പറഞ്ഞു.

നാമജപത്തെ കലാപ ആഹ്വാനമായി കാണുന്നത് മുഖ്യമന്ത്രിക്ക് മനോ വൈകൃതം ഉള്ളതുകൊണ്ടാണെന്നും എം.ടി രമേശ് പറഞ്ഞു. പുനഃപരിശോധന ഹര്‍ജിയുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോയപ്പോള്‍ അവരെ അതില്‍ നിന്നും എന്തിന് വിലക്കിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടു . കേരളത്തിലെ വിശ്വാസികളുടെ മുന്നേറ്റത്തെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമത്തെ ശബരിമല സംരക്ഷണ യാത്ര ചെറുത്തുതോല്‍പ്പിക്കും. 

ഷിഗ്നാപൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ സാമൂഹ്യപരമായ ചില പ്രശ്നങ്ങളുടെ പേരിലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തിയിരുന്നത്. ഇത്തരം സാമൂഹ്യസമ്പ്രദായം അനുസരിച്ചിട്ടുള്ള ആചാരങ്ങളെ മാറ്റാന്‍ സാധിക്കും. എന്നാല്‍  ശബരിമലയിലേത് സാമൂഹ്യപരമായിട്ടുള്ള ഒരു ആചാരമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ശബരിലയ്ക്കെതിരെ കേസ് കൊടുത്തവരാരും മലയാളികളോ അയ്യപ്പ ഭക്തരോ അല്ല. ഇക്കാര്യം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിന്യായത്തില്‍ പറയുന്നുണ്ട്. ഇവര്‍ ഒരു ഘട്ടത്തില്‍ കേസില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊരു പൊതുപ്രശ്നമെന്നും കേസ് തുടരണമെന്നുമുള്ള നിലപാടായിരുന്നു കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചതെന്നും എം.ടി രമേശ് പറഞ്ഞു. 

എന്‍‌ഡി‌എ നടത്തുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും. ബുധനാഴ്ച രാവിലെ പന്തളത്ത് നിന്നും ആരംഭിക്കുന്ന യാത്ര തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴസൈ സൌന്ദരരാജന്‍ ഉദ്ഘാടനം ചെയ്യും. പന്തളം നിന്നും തുടങ്ങുന്ന യാത്ര വൈകുന്നേരത്തോടെ അടൂരില്‍ സമാപിക്കും. പതിനൊന്നാം തീയതി ആലപ്പുഴ ജില്ലയിലെ നൂറനാട് നിന്നും യാത്ര ആരംഭിച്ച് കായംകുളം ടൌണില്‍ അവസാനിക്കും. 

പന്ത്രണ്ടാം തീയതി രാവിലെ കൊല്ലം ജില്ലയിലെ ചവറയില്‍ നിന്നും യാത്ര തുടങ്ങും. വൈകുന്നേരത്തോടെ കൊല്ലം ടൌണില്‍ സമാപിക്കും. പതിമൂന്നിന് കൊല്ലത്ത് നിന്നും തുടങ്ങുന്ന യാത്ര കൊട്ടിയത്ത് അവസാനിക്കും. പതിനാലാം തീയതി തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ നിന്നും തുടങ്ങുന്ന യാത്ര കഴക്കൂട്ടത്ത് അവസാനിപ്പിക്കും. പതിനഞ്ചാം തീയതി അരലക്ഷം പേര്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ യാത്ര അവസാനിക്കും.

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ പിന്തുണ ഈ സമരത്തിനുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ബിജെപി നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.