പ്ലാസ്റ്റിക് സംസ്‌കരണം: ക്ലീന്‍ കേരള കമ്പനിയുമായി പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കരാര്‍

Tuesday 9 October 2018 5:10 pm IST

 

കണ്ണൂര്‍: ഹരിതകേരളം മിഷന്‍ മാലിന്യനിര്‍മാര്‍ജനത്തിനായി ബ്ലോക്ക് തലത്തില്‍ ആരംഭിക്കുന്ന ആര്‍ആര്‍എഫ് (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി) കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ക്ലീന്‍ കേരള കമ്പനിയുമായി കരാറിലേര്‍പ്പെടുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്തായി പാനൂര്‍. ഇതോടെ ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ എംസിഎഫില്‍ (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) ശേഖരിക്കപ്പെടുന്ന മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ആര്‍ആര്‍എഫിലേക്ക് മാറ്റി സംസ്‌കരിക്കുന്നതിന് വഴിയൊരുങ്ങി. ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ക്ലീന്‍ കേരള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുധീഷ് തൊടുവയില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.അനൂപിന് കൈമാറി. ചടങ്ങില്‍ ബ്ലോക്ക്് സെക്രട്ടറി ടി.വി.സുഭാഷ്, ഇ.ഒ.പ്രദീപ് കുമാര്‍, ജി.ഇ.ഒ.സന്തോഷ് കുമാര്‍, എച്ച്‌സി അബ്ദുള്‍ ഖാദര്‍, ഇ.ഒ.സുലൈഖ തുടങ്ങിയവര്‍ പങ്കെടുത്തു. 

പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജ്ജനം കാര്യക്ഷമമായ രീതിയില്‍ നടത്തുന്നതിനായാണ് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൊകേരി ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് വള്ളിയാലയില്‍ മാലിന്യ നിര്‍മാര്‍ജ്ജന കേന്ദ്രം ആരംഭിച്ചത്. 41 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കേന്ദ്രത്തില്‍ പ്ലാസ്റ്റിക്ക് പൊടിച്ചെടുക്കുന്നതിനുള്ള ഷ്രെഡിംഗ് മെഷീനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടുക്കി വയ്ക്കുന്നതിനുള്ള ബെയ്‌ലിംഗ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്. 

ചൊക്ലി, പന്ന്യന്നൂര്‍, മൊകേരി, കതിരൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളാണ് ഇവിടെ എത്തിക്കുന്നത്. ഇവിടെ നിന്ന് പൊടി രൂപത്തിലാക്കുന്ന പ്ലാസ്റ്റിക്ക്് റോഡ് ടാര്‍ ചെയ്യുന്നതിനായി ഉപയോഗിക്കും. കുടുംബശ്രീ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തകരാണ് വീടുകളില്‍ ചെന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനായി ഒരു വീട്ടില്‍ നിന്നും നിലവില്‍ 30 രൂപയാണ് ഈടാക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.