ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ണതയിലേക്ക്; നഷ്ടപരിഹാരമായി 45 കോടി വിതരണം ചെയ്തു

Tuesday 9 October 2018 5:11 pm IST

 

കണ്ണൂര്‍: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നിര്‍ദ്ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ണതയിലേക്കടുക്കുന്നു. കാസര്‍കോട് ജില്ലയിലെ നീലേശ്വരം മുതല്‍ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി വരെ നീണ്ടുകിടക്കുന്ന 110 കിലോമീറ്റര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 3 എ, 3 ബി സ്‌പ്രെഡുകളാണ് കണ്ണൂര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ കടവത്തൂര്‍ മുതല്‍ പെരളം വില്ലേജിലെ പുത്തൂര്‍ വരെയുള്ള 83 കിലോമീറ്ററിലും പൈപ്പ് വിന്യാസം പൂര്‍ത്തിയായി. ഇതില്‍ 73 കിലോമീറ്റര്‍ നീളത്തില്‍ വെല്‍ഡിംഗ് പൂര്‍ത്തിയാക്കി പൈപ്പ് ഭൂമിക്കടിയിലേക്ക് താഴ്ത്തി. 

2017 ആഗസ്തില്‍ ജില്ലയില്‍ ആരംഭിച്ച പദ്ധതി പ്രവൃത്തിയുടെ ഭാഗമായുള്ള സര്‍വേ നടപടികള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 83 കിലോമീറ്റര്‍ നീളത്തില്‍ 20 മീറ്റര്‍ ഭൂമിയുടെ ഉപയോഗാവകാശമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് 10 മീറ്റര്‍ ഉടമകള്‍ക്ക് തിരികെ നല്‍കും. ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്ന 20 മീറ്റര്‍ ഭൂമിയിലെയും വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇനത്തില്‍ കണ്ണൂര്‍ ഓഫീസിനു കീഴില്‍ ആകെ 45.44 കോടി രൂപ വിതരണം ചെയ്തു. ജില്ലയില്‍ ആകെയുള്ള 5042 പേരില്‍ 4184 പേര്‍ക്ക് തുക നല്‍കാനായി. ഏറ്റെടുത്ത പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും മറ്റുമുള്ള നഷ്ടപരിഹാര വിതരണവും ആരംഭിച്ചിട്ടുണ്ട്. പൈപ്പ് സ്ഥാപിക്കുന്ന 10 മീറ്റര്‍ ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

കുറുമാത്തൂരില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ഇന്റര്‍മീഡിയറ്റ് പിഗ്ഗിംഗ് സ്റ്റേഷന്റെ നിര്‍മാണവും പൂര്‍ത്തിയായി. വ്യാവസായിക-ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രധാന ലൈനില്‍ നിന്ന് ഗ്യാസ് എടുത്ത് വിതരണം ചെയ്യുന്ന സെക്ഷന്‍ വാള്‍വ് സ്റ്റേഷനുകളുടെ നിര്‍മാണവും 80 ശതമാനം പൂര്‍ത്തിയായി. 50 സെന്റ് വീതം സ്ഥലത്ത് അഞ്ചിടങ്ങളിലാണ് ജില്ലയില്‍ എസ്‌വി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഇവയ്ക്കാവശ്യമായ സ്ഥലമെടുപ്പ് നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയില്‍ ജനുവരിയോടെ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.