ആയുഷ്മാന്‍ ഭാരതിനെ കേരളം കൈവിട്ടതു കഷ്ടം

Wednesday 10 October 2018 1:05 am IST

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത്. 10.75 കോടി കുടുംബങ്ങളും 50 കോടി ഗുണഭോക്താക്കളും പദ്ധതിയുടെ പരിധിയില്‍ വരും. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപവരെയാണ്  പരിരക്ഷ ലഭിക്കുന്നത്. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ കണക്കാക്കാതെയാണ് പരിരക്ഷ. 

പക്ഷേ, നിര്‍ഭാഗ്യവശാല്‍ കേരളം ഈ പദ്ധതിയെ നിരാകരിക്കുകയാണ് ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഫലം ലഭിക്കേണ്ട 1.5 കോടിയോളം ജനങ്ങള്‍ കേരളത്തിലുണ്ട്. ജനങ്ങളെ നിരാശരാക്കാതെ ഗുണപ്രദമായിപദ്ധതി ലഭിക്കുന്നതിന് കേരള ഗവണ്‍മെന്റ് തയ്യാറാകേണ്ടതാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയെ നിരാകരിച്ച്, സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുലക്ഷം പരിരക്ഷയുള്ള ഇന്‍ഷുറന്‍സ് സ്‌കീമുമായി മുന്നോട്ട്‌പോകുമെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ബിഎംഎസ് ഇന്നു നടത്തുന്ന രാപകല്‍ സമരത്തില്‍, ആയുഷ്മാന്‍ ഭാരത് നടപ്പാക്കേണ്ട കാര്യവും ഉന്നയിക്കും.  

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പാക്കേണ്ടത്. ഇന്‍ഷുറന്‍സ് കമ്പനികളുമായി ധാരണപ്രകാരം 1100 രൂപ മുതല്‍ 2000 രൂപ വരെ ഒരു കുടുംബത്തിന് പ്രീമിയം എടുക്കേണ്ടതുണ്ട്. അതിന്റെ 60% കേന്ദ്രസര്‍ക്കാരും 40% സംസ്ഥാന സര്‍ക്കാരും വഹിക്കണം. ഇതിന് വേണ്ടി രാജ്യവ്യാപകമായി ഗവണ്‍മെന്റ്-പ്രൈവറ്റ് ഹോസ്പിറ്റലുകളുമായി  എംപാനല്‍ ചെയ്യും. 1350ല്‍ പരം രോഗങ്ങള്‍ക്ക് ഈ പരിരക്ഷ ലഭ്യമാണ്. രോഗവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദഗ്ദ്ധ, അതിവിദഗ്ദ്ധ (സ്‌പെഷ്യാലിറ്റി, സൂപ്പര്‍സ്‌പെഷ്യാലിറ്റി) ചികിത്സയാണ് ലഭ്യമാക്കുന്നത്. സാധാരണക്കാരന് അപ്രാപ്യമായ ഈ മേഖലയില്‍ ഈ പരിരക്ഷ ലഭ്യമാക്കുന്നത് വിപ്ലവകരമായ തീരുമാനമാണ്. 

പദ്ധതിയില്‍ അംഗമാകുന്നതിന് പ്രത്യേക അപേക്ഷ ഫോറമോ രജിസ്‌ട്രേഷനോ ഇല്ല. 2011ലെ സോഷ്യല്‍ ഇക്കണോമിക് കാസ്റ്റ്  സെന്‍സസ് പ്രകാരമുള്ള ഡാറ്റ അനുസരിച്ച് അര്‍ഹതപ്പെട്ടവരെ നിശ്ചയിച്ച് ബന്ധപ്പെട്ട ഗുണഭോക്താവിനെ അറിയിക്കും. ഇതിന് വേണ്ടി പ്രാദേശികമായി കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ ആരംഭിക്കും. അവിടെ സംശയ നിവാരണത്തിനും അര്‍ഹത പരിശോധിക്കാനുമുള്ള വ്യവസ്ഥകളുമുണ്ടാകും. ംംം.മയിവുാ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്ന് വിവരം ലഭിക്കും.  

ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍ സോഷ്യല്‍ ഹെല്‍ത്ത് സ്‌കീം ആരംഭിക്കും. ഈ സ്‌കീമിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ വിഹിതം അഡ്വാന്‍സായി നല്‍കും. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  2011 ലെ സോഷ്യല്‍ ഇക്കണോമിക്് കാസ്റ്റ് സെന്‍സ് അനുസരിച്ചുള്ള ഡാറ്റയില്‍ നിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. അതനുസരിച്ച്, സ്വന്തമായി വീടില്ലാത്തവര്‍, ഒറ്റമുറി വീട്ടില്‍ താമസിക്കുന്നവര്‍, ഓലമേഞ്ഞ വീട്ടില്‍  താമസിക്കുന്നവര്‍, സ്വന്തമായി സ്ഥലമില്ലാത്തവര്‍, എസ്‌സി- എസ്ടി വിഭാഗത്തില്‍പെടുന്നവര്‍, 16 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമായ പുരുഷന്മാരില്ലാത്ത കുടുംബങ്ങള്‍, വികലാംഗരുള്ള വീടുകള്‍, യാചകര്‍, ഗാര്‍ഹിക തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, നിര്‍മ്മാണതൊഴിലാളികള്‍, പ്ലംബര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, മോട്ടോര്‍തൊഴിലാളികള്‍, കൈവണ്ടി തൊഴിലാളികള്‍, റിക്ഷാതൊഴിലാളികള്‍, ഇലക്ട്രീഷ്യന്‍മാര്‍, മെക്കാനിക്ക്, അലക്കുകാര്‍, വാച്ച്മാന്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള ആളുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.  

ഇന്ത്യ ചരിത്രത്തില്‍ പൂര്‍ണ്ണമായും ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. സാധാരണക്കാരും പാവപ്പെട്ടവരും ദാരിദ്ര്യരേഖയ്ക്ക് താഴെ നില്‍ക്കുന്നവരുമായ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സമഗ്ര ക്ഷേമമമാണ് വിഭാവനം ചെയ്യുന്നത്. 

-വി.രാധാകൃഷ്ണന്‍, 

ബിഎംഎസ് ദേശീയ നിര്‍വ്വാഹകസമിതിയംഗം

പുലിവാല്‍ പിടിച്ച കേരള സര്‍ക്കാര്‍ !

ഗോവധ നിരോധനം, നഴ്സ്മാരുടെ ശമ്പളം, കലാലയ രാഷ്ട്രീയം, റോഡ് സൈഡ് സമ്മേളനങ്ങള്‍, വഴിവക്കിലെ ഫ്ളക്സ് ബോര്‍ഡുകള്‍ ഇവ സംബന്ധിച്ചു കോടതി വിധികള്‍ ഉണ്ട്. ഇവയൊക്കെ സര്‍ക്കാര്‍ എന്നു നടപ്പില്‍ വരുത്തുമെന്ന് ആര്‍ക്കുമറിയില്ല. ഇവിടെയെല്ലാം സര്‍ക്കാന്‍ കാര്യം മുറപോലെ എന്നതാണ് നയം. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നയം ശക്തവും സ്പഷ്ടവുമാണ്. എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണം. അതിന്റെ ഭാഗമായി അന്യസംസ്ഥാന വനിതാ പോലീസിനെ ശബരിമലയില്‍ കയറ്റും.

ശബരിമലയില്‍ കേറാന്‍ തുനിഞ്ഞിറങ്ങിയ 10- നും 50-നും ഇടയില്‍ പ്രായമുള്ള ചില ഫെമിനിസ്റ്റുകള്‍ ഉണ്ട്. മാസമുറ ആരംഭിക്കുമ്പോള്‍ അവര്‍ക്കു ശബരിമലയില്‍പോകണം, ഉദ്ദേശ്യം തൊഴുക എന്നതല്ല, അയ്യപ്പന്‍ ബ്രഹ്മചാരിയാണോയെന്നു ടെസ്റ്റു ചെയ്യണം.

ഭരണഘടനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കോടതിക്ക് ഇങ്ങനെയേ വിധിക്കാനൊക്കൂ.  പക്ഷെ അനേകായിരങ്ങളുടെ വിശ്വാസത്തെ കടന്നാക്രമിച്ചാല്‍ പ്രതിഷേധമുണ്ടാകുക സ്വാഭാവികം. നമുക്ക് നന്നാക്കിയെടുക്കാന്‍ ഒത്തിരി മേഖലകള്‍ ഉണ്ടായിരിക്കെ, ശബരിമല തന്നെ ആദ്യം ആകണമെന്നില്ല. കോടതി വിധിക്കെതിരെ സമരം പാടില്ലെന്നാണ് ഒരു മന്ത്രി പറയുന്നത്. ഇഷ്ടമില്ലാത്ത വിധിയുടെ പേരില്‍ ജഡ്ജിയെ നാടുകടത്തിയ പാര്‍ട്ടിയുടെ നേതാവിനാണ് ഇപ്പോള്‍ ഉള്‍വിളി ഉണ്ടായിരിക്കുന്നത്.

മതപരമായ  വിശ്വാസങ്ങളുടെ കാര്യത്തില്‍ യുക്തിചിന്തയ്ക്കോ ശാസ്ത്രീയ വിശകലനത്തിനോ അടിസ്ഥാനമില്ല. പലര്‍ക്കും വിശ്വാസമെന്നത് ജീവാമൃതം പോലെ. അതിന് കോട്ടം സംഭവിക്കുന്ന പ്രവൃത്തി ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിര്‍ക്കപ്പെടും. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ഇപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന സമരം സ്ത്രീകള്‍ക്കെതിരെയുള്ളതല്ല, മറിച്ച് വിശ്വാസ സംരക്ഷണത്തിന് വേണ്ടിയാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടണം. ഇതിനെതിരെയാണ്  നീക്കമെങ്കില്‍  സംഭവിക്കാവുന്ന അപകടം സര്‍ക്കാര്‍ കരുതുന്നതിലും വലുതായിരിക്കും.

- കെ എ സോളമന്‍, എസ്എല്‍ പുരം

പഠിക്കാത്ത വിധിയായി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി എല്ലാ തലങ്ങളും പഠിക്കാതെ പെട്ടെന്നുണ്ടായ തീരുമാനമായി പോയി. ആരാധനാ സ്വാതന്ത്ര്യമേ.ഒരര്‍ത്ഥത്തില്‍ മൗലികാവകാശമാകുന്നുള്ളൂ 1 ദര്‍ശന സ്വാതന്ത്ര്യം മൗലികാവകാശവുമല്ല? കേരള ഗവണ്‍മെന്റിന്റെ തെറ്റായ സത്യവാങ്ങ്മൂലം വിധിക്ക് കാരണമായി? ദേവസ്വം ബോര്‍ഡിന്റെ നടവരവ് നിറഞ്ഞു കവിയുമെന്ന് സ്വപ്‌നം കാണുന്നു - ടൂറിസം സാധ്യതകള്‍ വരെ ആരായുന്ന ഒരാരാച്ചാര്‍ സമീപനം കൈവന്നു / ദര്‍ശനത്തെ പറ്റി ചിട്ടവട്ടങ്ങളെ പറ്റി ശരിയായ ദിശാബോധമില്ലാത്തിടത്തോളം ഇത്തരം തിരുമാനങ്ങള്‍ ഉരുത്തിരിയും' 

- വി.വിനോദ് കുമാര്‍, നറുകര

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.