ന്യൂദല്‍ഹി: ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളും ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് സംവിധാനവുമായി (ഐ.പി.പി.ബി) ബന്ധിപ്പിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് സഹമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. ഐപിപിബിയില്‍ ഇതുവരെ 12 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഈ അക്കൗണ്ടുകളിലാകെ 13 കോടി രൂപയിലധികം നിക്ഷേപമുണ്ട്. ലോക തപാല്‍ ദിനമായ ഇന്നലെ ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് 221 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തപാല്‍ വകുപ്പ് നടത്തുന്നുണ്ട്. ഇതുവരെ 15 ലക്ഷം പാസ്സ്പോര്‍ട്ടുകളാണ് ഇതുവഴി അനുവദിച്ചത്. ഇതിനു പുറമേ യുണീക് ഐഡന്റിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് 13,352 ആധാര്‍ എന്റോള്‍മെന്റ് ആന്റ് അപ്ഡേഷന് സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ സെന്ററുകള്‍ വഴി 21 ലക്ഷത്തിലധികം ആധാര്‍ എന്റോള്‍മെന്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തപാല്‍ വകുപ്പിന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന കോര്‍പറേറ്റ് ബ്രോഷറും അദ്ദേഹം പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: