ചാരവൃത്തി: ബ്രഹ്മോസ് ജീവനക്കാരന്‍ വിവരങ്ങള്‍ ചോര്‍ത്തിയത് ഫേസ്ബുക്ക് വഴി

Wednesday 10 October 2018 11:09 am IST

മുംബൈ:  ചാരവൃത്തിയുടെ പേരില്‍ നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റില്‍ അറസ്റ്റിലായ എഞ്ചിനീയര്‍ നിഷാന്ത് അഗര്‍വാള്‍ പാക് സംഘവുമായി ബന്ധപ്പെട്ടത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയെന്ന് അന്വേഷണസംഘം. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധസേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാഗ്പൂര്‍ ബ്രഹ്മോസ് യൂണിറ്റിലെ സിസ്റ്റം എഞ്ചിനീയറായിരുന്നു നിഷാന്ത്. നേഹ ശര്‍മ, പൂജ രഞ്ജന്‍ എന്നീ പേരുകളിലുള്ള വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്.

യുപി-മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനകളുടെ സംയുക്ത നീക്കത്തില്‍ തിങ്കളാഴ്ചയാണ് ഇയാളെ പിടികൂടുന്നത്. ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്നും മെസഞ്ചര്‍ ചാറ്റുകളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ഡിആര്‍ഡിഒയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന നിഷാന്ത് മിസൈല്‍ സാങ്കേതിക വിദ്യ സംബന്ധിച്ച വിവരങ്ങളാണ് പാകിസ്ഥാന് കൈമാറിയത്. 

ഐഎസ്ഐക്ക് വിവരങ്ങള്‍ കൈമാറുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ മധ്യപ്രദേശില്‍ നിന്ന് പിടിയിലായ ആളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം ഇയാളെയും പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.