കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Wednesday 10 October 2018 12:03 pm IST

ശ്രീനഗര്‍: കശ്മീരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 263 മുനിസിപ്പല്‍ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നു രാവിലെ ആരംഭിച്ചത്. 1,029 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. 

ജമ്മുവിലെ 214 വാര്‍ഡുകളിലേക്കും കശ്മീരിലെ 49 വാര്‍ഡുകളിലേക്കുമാണു തെരഞ്ഞെടുപ്പ്. 65 സ്ഥാനാര്‍ഥികള്‍ ഇതിനോടകം തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കശ്മീരിലെ 56 വാര്‍ഡുകളില്‍ ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പു നടക്കുന്നില്ല.

544 പോളിങ് സ്റ്റേഷനുകളാണു സജ്ജമാക്കിയിട്ടുള്ളത്. നാലു ഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20നാണ് വോട്ടെണ്ണല്‍. നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുന്നതിനാല്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പലയിടങ്ങളിലും പോരാട്ടം.

ആദ്യ ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടന്നത്. കശ്മീരിലെ ഏഴ് മുനിസിപ്പാലിറ്റികളിലേക്കും ജമ്മുവിലെ 15 മുനിസിപ്പാലിറ്റികളിലേക്കും ലഡാക്കിലെ രണ്ടിടത്തേക്കുമാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. അഭൂതപൂര്‍വമായ സുരക്ഷയാണ്  തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുള്ളത്.   ആദ്യ ഘട്ടത്തില്‍ 321 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 1204 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. 2005 ലാണ് ജമ്മുകശ്മീരില്‍ ഇതിനു മുന്‍പ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.