ഒരു മന്ദസ്മിതത്തില്‍ കിടന്നുറങ്ങിയതിന്റെ ഓര്‍മയ്ക്ക്‌

Wednesday 10 October 2018 4:11 pm IST
കവിത ജനങ്ങളിലേക്കു വരാന്‍ മടിച്ച് വരേണ്യമായ ദന്തഗോപുരത്തില്‍ വസിക്കുന്നുവെന്നു തെറ്റിദ്ധരിക്കപ്പെട്ട കാലത്ത്, അത്തരം അബദ്ധങ്ങളുടെ ചില്ലുകൊട്ടാരത്തെ കല്ലെറിഞ്ഞുടച്ച് കാവ്യാംഗനയെ വായനക്കാരിലേക്കിറക്കിക്കൊണ്ടുവന്ന ജനകീയ കവി എന്ന നിലയിലുള്ള അംഗീകാരം മലയാളത്തില്‍ ആദ്യംനേടിയത് ചങ്ങമ്പുഴയാണ്.

ന്നലെ രാത്രിയില്‍ ഞാനൊരു പൂമൊട്ടിന്‍ മന്ദസ്മിതത്തില്‍ കിടന്നുറങ്ങി എന്ന് ആര്‍ക്കും മനസിലാകുംവിധം സര്‍വസാധാരണ പദങ്ങളിലൂടെ ഭാവസാന്ദ്രമായ ലോകം തീര്‍ക്കാന്‍ ചങ്ങമ്പുഴയ്ക്കല്ലാതെ മറ്റാര്‍ക്കാകുമെന്ന് തെല്ലാരഹന്തയോടെ നമ്മള്‍ പറഞ്ഞുപോകും. ഭാവനയുടെ കടലോളം തിങ്ങി വായനക്കാര്‍ക്ക് കഴിയാതിരുന്നത്് എഴുതിയ കവിയായി അവിശ്വാസത്തിന്റെ അതിശയാദരവുകള്‍ കൈമാറാന്‍ ഇങ്ങനെയൊരു കവിയേ നമുക്കുള്ളൂ. പൂമൊട്ടിന്‍ മന്ദസ്മിതത്തില്‍ കിടന്നുറങ്ങിയെണീറ്റെന്ന് വായനക്കാര്‍ക്കും തോന്നും. മലയാളികള്‍ ആദ്യമായി കാവ്യവസന്തത്തിന്റെ മലരണിക്കാടുകള്‍ തിങ്ങിയ മനസോടെ ആഹ്‌ളാദിച്ചത് ചങ്ങമ്പുഴക്കവിതകളിലൂടെയാണ്. കവിത മനസിലാക്കാന്‍ വിദ്യയുടെ പ്രത്യേക മേല്‍വിലാസങ്ങളൊന്നും വേണ്ടെന്ന് ചങ്ങമ്പുഴയുടെ ലളിതകോമള പദാവലികളിലൂടെ വായനക്കാര്‍ അറിയുകയായിരുന്നു . കവിതയിലൂടെ അസ്ഥിമാടങ്ങളെ സ്പന്ദിപ്പിക്കുകയും പിശാചിനെക്കൊണ്ടുപോലും പാടിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ അനശ്വര കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മദിനം  ഇന്ന്. 

കവിത ജനങ്ങളിലേക്കു വരാന്‍ മടിച്ച്  വരേണ്യമായ ദന്തഗോപുരത്തില്‍ വസിക്കുന്നുവെന്നു തെറ്റിദ്ധരിക്കപ്പെട്ട കാലത്ത്, അത്തരം അബദ്ധങ്ങളുടെ ചില്ലുകൊട്ടാരത്തെ കല്ലെറിഞ്ഞുടച്ച് കാവ്യാംഗനയെ വായനക്കാരിലേക്കിറക്കിക്കൊണ്ടുവന്ന ജനകീയ കവി എന്ന നിലയിലുള്ള അംഗീകാരം മലയാളത്തില്‍ ആദ്യംനേടിയത് ചങ്ങമ്പുഴയാണ്.  പദങ്ങളുടെ ലളിത ലാവണ്യംകൊണ്ട് പ്രകൃതിയുടേയും മനുഷ്യന്റേയും അനന്തഭാവങ്ങള്‍ കോറിയിട്ട് സാധാരണക്കാരുടെ വികാരസാമ്രാജ്യത്തിന്റെ കാവല്‍ക്കാരനായി മാറുകയായിരുന്നു ചങ്ങമ്പുഴ. പ്രണയത്തിന്റെ വിലോല ഭാവങ്ങളും വിരഹത്തിന്റെ സങ്കടങ്ങളും സ്വാതന്ത്ര്യത്തിന്റെ ഉശിരും ദാരിദ്ര്യത്തിന്റെ നിസഹായതയുമെല്ലാം കൂട്ടിക്കെട്ടി സമൂഹത്തിന്റെ നാനാവിധ മാനങ്ങള്‍ അദ്ദേഹം എഴുതി. 

എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം എന്നു പാടി കാടും മേടും പുഴയും കാല്‍പ്പനികതയുടെ ആനന്ദോത്സവങ്ങളിലൂടെ അര്‍മാദിച്ച് കവിതകൊണ്ട് പുതിയ സ്ഥലകാലങ്ങള്‍ തീര്‍ത്ത ചങ്ങമ്പുഴയുടെ രമണന്‍ കേരളം മുഴുവന്‍ പ്രണയാശങ്ക പങ്കുവെച്ച രചനയാണ്. ഉറ്റ സുഹൃത്തായ കവി ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യ ഉള്ളുലച്ചുകൊണ്ട് എഴുതിയ പ്രണയ ബലിയാണ് രമണന്‍. ഈ ആധുനിക കാലത്ത് പ്രശസ്തരുടെപോലും ഒരു പുസ്തകം കൂടിയാല്‍ മൂവായിരത്തിലധികം കോപ്പി പോകാത്ത ഇന്നത്തെ കാലത്തെ അതിശയിപ്പിക്കുമാറ്  പതിറ്റാണ്ടുകള്‍ക്കു മുന്‍പ് രമണന്റെ ഒരു ലക്ഷം കോപ്പിയാണ് വിറ്റഴിഞ്ഞത്. കേരളത്തിന്റെ മുക്കിലും മൂലയിലും രമണന്‍ എത്തിയിരുന്നുവെന്നും അക്ഷരം അറിയുന്നവരെല്ലാം അതു വായിച്ചിരുന്നുവെന്നതും ചരിത്രത്തിന്റെ കാവ്യാത്മകമായൊരു വിരോധാഭാസമാകാം. അതുപോലെ കേരളംകൊണ്ടാടിയ ചങ്ങമ്പുഴയുടെ പ്രോലിറ്റേറിയന്‍ കവിതയാണ് വാഴക്കുല. ഒരു വാഴക്കുലയിലൂടെ അന്നത്തെ ജന്മിത്വ ക്രൂരതയാണ് കവി തുറന്നിട്ടത്.

ഭാഷയുടെ പരിചിത ഛന്ദസുകളുടെ ഉരുക്കഴിച്ച് വിപരീത സൗന്ദര്യത്തിന്റെ വൈരുധ്യ പദങ്ങളെ കൂട്ടിച്ചര്‍ത്ത് ചങ്ങമ്പുഴ കവിതയില്‍ തീര്‍ത്ത പ്രതീകങ്ങള്‍ അനവധിയാണ്. കവിയുടെ ഏറ്റവും മികച്ച രണ്ടു കൃതികളുടെ പേരുതന്നെ, സ്പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച് ഈ വിപരീത ഭംഗിയുടെ സൗരഭ്യം പരത്തുന്നുണ്ട്. ജീവിച്ചിരിക്കേ തന്നെ പ്രതീക്ഷകളുടെ ശവമാടം ചുമക്കേണ്ടി വരുന്ന മനുഷ്യന്റെ തീവ്ര നിരാശയുടേയും വേദനയുടേയും കനലുകളെ വായനക്കാരിലേക്കു കോരിയിടാന്‍ ഇത്തരം പദങ്ങള്‍ ഇങ്ങനെ തലതിരിച്ചിടണമെന്ന് ചങ്ങമ്പുഴയ്ക്കറിയാമായിരുന്നു.

1911 ഒക്ടോബര്‍ 10ന് കൊച്ചിയിലെ ഇടപ്പള്ളിയില്‍ ജനിച്ച ചങ്ങമ്പുഴ, എഴുത്തിന്റേയും പ്രായത്തിന്റേയും യൗവന ഉച്ചിയില്‍ 1948 ജൂണ്‍ 17ന് 36ാം വയസില്‍ മരിക്കുകയായിരുന്നു.കവിത എല്ലാവരുടേയുമായ സാര്‍വജനീനമെന്ന്  മലയാളത്തെ ബോധ്യപ്പെടുത്തിയ ആദ്യ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.