ആ അവതാരം ആരാണ്? പിണറായിക്കറിയാം

Thursday 11 October 2018 3:00 am IST

അധികാരമേറ്റതിന്റെ അന്നോ, പിറ്റേന്നോ? ഏതായാലും 48 മണിക്കൂറിനുള്ളിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആ വീരവാദം- ''അധികാരത്തിന്റെ ഇടനാഴികളില്‍ 'അവതാരങ്ങളൊന്നും' കയറി ഇറങ്ങേണ്ട.'' ഇടനിലക്കാരെ ഉദ്ദേശിച്ചായിരുന്നു അതെന്ന് പലരും ധരിച്ചു. പാണന്മാര്‍ സ്തുതിച്ചു. അതേ 'അവതാരങ്ങള്‍' തന്നെയാണ്, ബ്രൂവറിയും മദ്യശാലകളും ഒക്കെ നേടിയെടുക്കാന്‍ കളിച്ചത്. 

എസ്എന്‍സി ലാവ്‌ലിനെക്കാള്‍ വന്‍ അഴിമതിയാണ് ഈ മദ്യശാല-ഫാക്ടറിക്കാര്യങ്ങളില്‍ അധികാരക്കസേരയിലിരുന്ന് നടത്തിയത്. ''വന്‍ അഴിമതിയും നടപടിക്രമക്കേടും നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയാണ് മുഖ്യപ്രതി,''യെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് അടിസ്ഥാനരഹിതമാണോ എന്നറിയാന്‍ വേണ്ടത് അന്വേഷണമാണ്. നടപടി റദ്ദാക്കല്‍ പ്രഖ്യാപനത്തോടെ അങ്ങനെ ഒരു അന്വേഷണ ആവശ്യം കോണ്‍ഗ്രസില്‍നിന്ന് ഇനി ഉണ്ടാകാനിടയില്ല. കാരണം, ഒത്തുതീര്‍പ്പ് അവിടെയാണ്. 

മുഖ്യമന്ത്രി പിണറായി വിജയനറിയാം ആ 'അവതാരം' ആരാണെന്ന്. അന്വേഷണം നടന്നാല്‍ അത് പുറത്തുവരും. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവിന്റെ താല്‍പര്യമാണ് ഗൗരവതരം. കോണ്‍ഗ്രസ് പിളര്‍ത്തി, വീണ്ടും കോണ്‍ഗ്രസിലെത്തി, അരുണാചല്‍ മുഖ്യമന്ത്രിയായി, പിന്നീട് പുതുച്ചേരി ഗവര്‍ണറായി, ഇപ്പോള്‍ രാജ്യസഭാംഗമായ കോണ്‍ഗ്രസ് നേതാവ് മുകുത് മിതിയുടെ ദല്‍ഹി മേല്‍വിലാസത്തിലാണ് മദ്യശാലയ്ക്ക് അപേക്ഷ വന്നത്. വെറും 10,000 രൂപ മൂലധനമുള്ള കമ്പനി ശ്രീ ചക്രയാണ് ബിയര്‍ നിര്‍മാണ കമ്പനിക്ക് അപേക്ഷ നല്‍കി ഭൂമി നേടിയെടുത്തത്. ഇതിനെല്ലാം രഹസ്യക്കളികള്‍  നടത്തിയത് 'ഇടനാഴിയിലെ അവതാര'മാണ്. അതാരാണെന്ന്, കോണ്‍ഗ്രസോ പ്രതിപക്ഷ നേതാവോ ആരോപണത്തില്‍നിന്ന് പിന്‍മാറിയാലും കണ്ടെത്തുകതന്നെ വേണം. ജനങ്ങളെ അതറിയിക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് കഴിയും, അല്ല ഗവര്‍ണര്‍ക്ക് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമുണ്ട്. കാരണം, ഏറെ 'സ്ട്രാറ്റജിക് സംസ്ഥാനമായ' അരുണാചലിന് ബന്ധമുള്ള ഇടപാടാണിത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയേയും എക്‌സൈസ് മന്ത്രിയേയും പ്രതിയാക്കി സമര്‍പ്പിച്ച ആരോപണ പത്രം ഗവര്‍ണര്‍ അങ്ങനെ ചവറ്റുകുട്ടയില്‍ എറിയരുതല്ലോ. 

അപ്പോള്‍, 'ഒന്നിക്കാനുള്ള' മുഖ്യമന്ത്രിയുടെ ആഹ്വാനം ആരോടായിരുന്നു? 

''നമ്മള്‍ ഒന്നിച്ചു നില്‍ക്കേണ്ട ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ ഒരുതരത്തിലുള്ള ആശയക്കുഴപ്പങ്ങളും ഉണ്ടാകാന്‍ പാടില്ല,'' എന്നാണ് മദ്യശാലയ്ക്ക് നല്‍കിയ അനുമതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞ യുക്തി. എന്നാല്‍ ഇതേ യുക്തി ശബരിമലക്കാര്യത്തില്‍ എന്താണ് ബാധകമാകാത്തതെന്ന ചോദ്യം നില്‍ക്കട്ടെ.

എന്താണ് ഈ ഒന്നിക്കല്‍. അതെ, അത് ഒത്തുതീര്‍പ്പുധാരണയാണ്. കോണ്‍ഗ്രസ്-സിപിഎം ഒത്തുതീര്‍പ്പ്. സോളാര്‍-സരിത കേസില്‍, ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍, ബാര്‍ കോഴക്കേസില്‍... എന്നിങ്ങനെ പല കേസുകളില്‍ കൂട്ടുകച്ചവടമാണല്ലോ അന്ന് നടത്തിയിരുന്നത്, ഇപ്പോള്‍ നടത്തുന്നത്. ആ ധാരണയുടെ തുടര്‍ച്ചയാണ് ഈ ഒന്നിച്ചു നില്‍ക്കല്‍. 

പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണം 'അടിസ്ഥാനരഹിതമാണെ'ന്ന് വിശദീകരിച്ച ശേഷമാണ് റദ്ദാക്കിയത്. അടിസ്ഥാനരഹിതമാണെങ്കില്‍ പിന്നെന്തിന് റദ്ദാക്കി? വിഷയത്തില്‍ ആഴത്തില്‍ പോയാല്‍ പിടിവീഴുമെന്ന് ഉറപ്പായപ്പോഴാണ് പിണറായിയുടെ ഈ തട്ടിപ്പ്. 'പവനായി ശവമായി' എന്നു പറയുംപോലെയാണ് കാര്യങ്ങള്‍.  ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട്, ബിജെപി- സംഘപരിവാര്‍ സംഘടനകള്‍ക്ക് അനുകൂലമാകാതിരിക്കാന്‍ 'ഒന്നിക്കണമെന്ന' ആഹ്വാനമാണ് പ്രത്യക്ഷത്തില്‍ മുഖ്യമന്ത്രിയുടേത്. വാസ്തവത്തില്‍ ചെന്നിത്തലയ്ക്കപ്പുറം അത് കോണ്‍ഗ്രസിനോടുള്ള ആഹ്വാനമാണ്. 

ഈ ഒത്തുതീര്‍പ്പുധാരണയ്ക്ക് പിണറായി ആദര്‍ശത്തിന്റെ പുകമറ ഉണ്ടാക്കി, രാഷ്ട്രീയ സ്വയം സംരക്ഷണവും ഉറപ്പാക്കി. ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി സഖ്യമെന്ന സിപിഎം ചര്‍ച്ച ഒടുങ്ങാത്തതിന്റെ അടിസ്ഥാന കാരണം കേരളത്തിലെ രാഷ്ട്രീയമാണ്. അവര്‍ക്ക് പൊതു ശത്രുവായി ഇവിടെ ബിജെപി ഉണ്ടെന്നു വന്നാല്‍ ധാരണ എളുപ്പമാകും. അങ്ങനെ, 'പൊതുശത്രുവായ ബിജെപി-സംഘപരിവാരത്തെ' നേരിടാന്‍ ഒന്നിക്കണമെന്നാണ് പിണറായിയുടെ ആഹ്വാനം. അതിലൂടെ താന്‍ നടത്തിയ വമ്പന്‍ അഴിമതി, സംസ്ഥാനത്തും പാര്‍ട്ടിയിലും ഒതുക്കിത്തീര്‍ക്കാമെന്നും ഇരട്ടബുദ്ധി (ചങ്കല്ല) പ്രവര്‍ത്തിക്കുന്നു.

കാവാലം ശശികുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.