അടിവച്ച് അടിവച്ച് രണ്ടാം ഹരിതവിപ്ലവം

Thursday 11 October 2018 2:59 am IST

ഇന്ത്യ സാമ്പത്തിക ശക്തിയായി മാറി കഴിഞ്ഞു. ഇതിന് അനുസൃതമായി നമ്മുടെ ഡിമാന്‍ഡ് പാറ്റേണ്‍ മാറുന്നു. പുത്തന്‍ സാങ്കേതിക ക്രമം വികസിക്കണം. ഇതിന് അനുയോജ്യമായ തരത്തല്‍ സമ്പദ്ഘടനയെ രൂപപ്പെടുത്തണം. ഭക്ഷ്യസുരക്ഷയല്ല,  ഭക്ഷ്യമിച്ചം മുന്നില്‍ കണ്ടുള്ള കാര്‍ഷിക മേഖലയെ വളര്‍ത്തിക്കൊണ്ടുവരണം. ഇതിന്റെ പ്രധാന ഘടകമാണ് വിലസ്ഥിരതാ ഫണ്ടിന്റെ രൂപീകരണവും ദേശീയ കാര്‍ഷിക വിപണി എന്ന ആശയവും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് പഞ്ഞി, കരിമ്പ്, ചണം ഇതര അസംസ്‌കൃത വിഭവങ്ങള്‍ ഇതിന്റെ എല്ലാം വിപണി നിയന്ത്രിക്കുന്നത് ഇടത്തട്ടുകാരാണ്. ഇത് കര്‍ഷകര്‍ക്ക് ഭീഷണിയായി നിലനില്‍ക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാംഹരിതവിപ്ലവം സാക്ഷാത്കരിക്കുന്നതിന് 13091 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.  ലാല്‍ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ആണല്ലോ ഒന്നാം ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത്. അന്ന് അദ്ദേഹം ഭരണവര്‍ഗ്ഗത്തിന്റെ ഇടയിലും കണ്ണിലെ കരടായി. നെഹ്രുവിന്റെ നയസമീപനം വന്‍കിട വ്യവയസായ മേഖലയില്‍ ഊന്നിയുള്ളതായിരുന്നു. അതായത് പഴയ സോവിയറ്റ് മോഡല്‍. ഈ നയത്തെ പല സാമ്പത്തിക വിദഗ്ദ്ധരും തള്ളിപറഞ്ഞതാണ്. ഈ വിദഗ്ദ്ധര്‍ ഉന്നയിച്ച വാദഗതി ഇന്ത്യ ഒരു കാര്‍ഷികരാജ്യം ആണ്, മഹാഭൂരിപക്ഷം വരുന്ന ജനതയും കൃഷിയെ ആണ് അവരുടെ ഉപജീവനമാര്‍ഗ്ഗമായി കാണുന്നത്, ഈ പശ്ചാത്തലത്തില്‍ കൃഷിക്കും അതുമായി ബന്ധപ്പെട്ട മേഖലകള്‍ക്കും ആണ് മുന്‍ഗണന നല്‍കേണ്ടത് എന്നൊക്കെയാണ്.

ഈ കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഫണ്ടുകള്‍ അനുസ്യൂതം പ്രവഹിക്കുന്നു. എന്നാല്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാറില്ല. കാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ ശരിയായി തയ്യാറാക്കുന്നതിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനും പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നു. അതായത് പ്രധാനപ്പെട്ട വിളകള്‍ എത്രമാത്രം വിസ്തൃതിയില്‍ ഉണ്ട,് അതിന്റെ കൃതമായ ഉല്‍പ്പാദം എത്ര, ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാണ്. 

കര്‍ഷകര്‍ നേരിടുന്ന പ്രധാന വിഷയം ജലസേചനത്തിന്റെതാണ്. 2015-17 കാലത്ത് 1.3 മില്യന്‍ ഹെക്ടര്‍ കൃഷിസ്ഥലത്ത് ജലസേചനം പ്രാവര്‍ത്തികമാക്കി. പ്രത്യേകിച്ച് ചെറുകിട ജലസേചന പദ്ധതികള്‍ക്ക്.  ഫലവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും ഉല്‍പ്പാദനം 42.3 ശതമാനത്തില്‍ നിന്ന് 52.8 ശതമാനം ആയി ഉയര്‍ന്നു. യുക്തിസഹജമായ രീതിയില്‍ ജലസമ്പത്ത് ഉപയോഗിച്ചത് മൂലമാണ് ഈ നേട്ടം കൈവരിച്ചത്. മഴ ലഭിക്കുന്ന പ്രദേശത്ത് 38000 ഹെക്ടര്‍ കൃഷി ഇടങ്ങള്‍ സംയോജിത കൃഷി സമ്പ്രദായത്തിന്റെ കീഴിലാക്കി. ഈ കാര്‍ഷികരീതി ഇതര മേഖലകള്‍ ആയ പച്ചക്കറി, കാലിവളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയുമായി ബന്ധിപ്പിച്ച് ഉല്‍പ്പാദന ക്ഷമതഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഇതുവഴി കര്‍ഷകന്റെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി. 

ഈ പശ്ചാത്തലത്തിലാണ് കാര്‍ഷിക വിപണിയുടെ പ്രസക്തി. സംയോജിത കാര്‍ഷിക വിപണന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി 1190 കോടി രൂപ നീക്കിവച്ചിരിക്കുന്നു. മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ കര്‍ഷകര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു  ഇടത്തട്ടുകാരുടെ ചൂഷണം. ഇത് മനസ്സിലാക്കിയാണ് സമഗ്രസംയോജിത വിപണന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 55 ലക്ഷം ടണ്‍ ശേഷിയുള്ള ഗ്രാമീണ ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി കൂടാതെ ധാന്യങ്ങള്‍ സംഭരിക്കുന്നതിനുള്ള പശ്ചാത്തല സൗകര്യവികസനം, ഇതിന്റെ ഫലമായി ശേഖര ശേഷിയില്‍ ഉള്ളവിടവ് 16 ശതമാനമായി കുറയ്ക്കല്‍, ദേശീയ കാര്‍ഷിക വിപണിയിലൂടെ മൊത്ത വിപണികളെ വിപണന സംവിധാനങ്ങളുമായി സംയോജിപ്പിക്കല്‍ എന്നിവ നടപ്പാക്കി.  അതിലൂടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കി. ഒരു ഏകീകൃത വിപണി. 

മുന്‍കാലങ്ങളില്‍ ചിലര്‍ ഉന്നയിച്ചിരുന്ന വാദഗതി നമ്മുടെ കാര്‍ഷിക ഉല്‍പ്പനങ്ങളുടെ വില നിശ്ചയിക്കുന്നത് വന്‍കിട മുതലാളിമാര്‍ ആണെന്നും അവര്‍ കാര്‍ഷിക അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ താഴ്ന്ന വില മാത്രമേ നല്‍കൂ എന്നുമായിരുന്നു. അതിന് പ്രതിവിധി സര്‍ക്കാര്‍ കണ്ടെത്തണമെന്നും തുടര്‍ച്ചയായി വാദിച്ചിരുന്നു. അവര്‍ അന്ന് ഉന്നയിച്ച ഒരു വാദഗതി ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പനങ്ങള്‍ വിദേശ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ അവിടുത്തെ വ്യവസായ മുതലാളിമാര്‍ ഏറ്റവും കുറഞ്ഞ വില നല്‍കുന്നു എന്നതായിരുന്നു. കാരണം നമ്മുടെ വിലപേശല്‍ ശേഷി കുറവും അവരുടേത് ഉയര്‍ന്നതുമായിരുന്നു.  ദേശീയ വിപണിയിലും ഈ സ്ഥിതിവിശേഷം ആണെന്നുമാണ് അവര്‍ ഉന്നയിച്ച വാദം. മോദി സര്‍ക്കാര്‍ ഇതിന് ശശ്വത പരിഹാരം കണ്ടെത്തി. 10 സംസ്ഥാനളെ 250 മൊത്തവ്യാപാര കര്‍ഷക വിപണികളുമായി സംയോജിപ്പിച്ചു. ഇലക്ട്രോണിക് സംവിധാനം വഴി സംസ്ഥാന ഗവണ്‍മെന്റുകളും ആയി സഹകരിച്ച് പല കാര്‍ഷിക പരിഷ്‌കരണ നടപടികളും ആവിഷ്‌കരിച്ചു. അതായത് കര്‍ഷകരില്‍ നിന്ന് നേരിട്ട് അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക. സംസ്ഥാനം മുഴുവന്‍ ഒറ്റ ട്രെയ്ഡിംഗ് ലൈസന്‍സ് നല്‍കുക എന്നതായിരുന്നു പദ്ധതി. മറ്റൊരു നടപടിക്രമം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി അനുഭവിക്കുന്ന വിലയുടെ ചാഞ്ചാട്ടം തടയുക എന്നതാണ്. അതിനായി വിലസ്ഥിരതാ ഫണ്ടിന് രൂപം നല്‍കി. 

രണ്ടാംഹരിത വിപ്ലവത്തിനായി പുത്തന്‍ സാങ്കേതിക ക്രമത്തിന് രൂപം നല്‍കിക്കഴിഞ്ഞു. അത്യന്താധുനിക സാങ്കേതിക ക്രമം കാര്‍ഷിക മേഖലയില്‍ പ്രയോഗിച്ച് കാര്‍ഷിക ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രം കേന്ദ്രം ആവിഷ്‌കരിച്ചിരിക്കുന്നു. ദീര്‍ഘകാല വായ്പാഫണ്ടിന് രൂപം നല്‍കി. 

കാര്‍ഷിക ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കണമെങ്കില്‍ കൃഷിക്കുള്ള വിത്ത് വളം തുടങ്ങിയവ ഗുണനിലവാരം ഉള്ളതായിരിക്കണം. ഇവിടെ ആധുനിക സാങ്കേതിക ക്രമത്തിന്റെ അനിവാര്യത സംജാതമാകുന്നു. മാത്രമല്ല കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും വേണം. ഉല്‍പ്പാദന വിപണന സമിതികള്‍ക്ക് അതിന്റെ ആക്ടിന് ഒരു പുനര്‍ അഖ്യാനം അനിവാര്യം. കര്‍ഷകന് സ്വന്തം ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാനുള്ള അവകാശം കൈവരണം. ഉല്‍പ്പന്നം വാങ്ങുന്ന ആളിന് നേരിട്ട് ഉല്‍പ്പാദകരില്‍ നിന്ന് വാങ്ങുന്ന ശൈലി ഉണ്ടാകണം. വിപണിയും ആകാം. കോണ്‍ട്രാക്ട് കൃഷി സമ്പ്രദായത്തിനുള്ള നിയമ അടിത്തറ വികസിപ്പിക്കണം. ചില സാഹചര്യങ്ങളില്‍ താങ്ങുവില കൃഷിയെ താറുമാറാക്കും.  

കാലം പിന്നിടുംതോറും കൃഷിഭൂമി തുണ്ടുവല്‍ക്കരിക്കപ്പെടുന്നു. 2010-11ലെ കാര്‍ഷിക സെന്‍സസ് പ്രകാരം 40 ശതമാനം കൃഷിഭൂമിയും അരഹെക്ടറില്‍ താഴെയാണ്. ഈ ചെറിയ ഭൂമിയില്‍ നിന്ന് കൃത്യമായ വരുമാനം ലഭ്യമാകാത്ത സാഹചര്യത്തില്‍ കാര്‍ഷകര്‍ ഇതര തൊഴില്‍ തേടും. മിക്ക സംസ്ഥാനങ്ങളിലും അയവില്ലാത്ത കടുത്ത പാട്ട വ്യവസ്ഥകാരണം കര്‍ഷകര്‍ ഭൂമി പാട്ടത്തിന് നല്‍കാന്‍ തയ്യാറല്ല. 

 ഇത്തരത്തിലുള്ള പ്രവണതകള്‍ക്കു തടയിടാനാണ് കാര്‍ഷിക പരിഷ്ഷകരണ പരിപാടികളുമായി മുന്നോട്ട് പോകുന്നത്. കാര്‍ഷിക മേഖല സങ്കീര്‍ണ്ണതയുടെ നടുവിലാണ് നില്‍ക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാഷ്ട്രീയ കൃഷിവികസന യോജന, കൃഷി ഉന്നതി പദ്ധതികള്‍, കാര്‍ഷിക സെന്‍സസ് പദ്ധതി, പ്രധാന കാര്‍ഷിക വിളകളുടെ ഉല്‍പ്പാദന ചെലവിനെക്കുറിച്ച് പഠിക്കുന്നതിനുള്ള സമഗ്ര പദ്ധതി, കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കായി സംയോജിത പദ്ധതി, സംയോജിത കാര്‍ഷിക വിപണന പദ്ധതികള്‍, കാര്‍ഷിക വിജ്ഞാനം കര്‍ഷകര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനുള്ള പദ്ധതികള്‍ ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തനപഥത്തിലേക്ക് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ആത്യന്തിക ഫലമാണ് രണ്ടാം ഹരിത വിപ്ലവം. 

ഡോ. കെ.ആര്‍ രാധാകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.