ശരണം വിളിച്ച് ലക്ഷങ്ങൾ

Thursday 11 October 2018 3:00 am IST
"ഇരമ്പിയ സ്ത്രീശക്തി... ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ തകര്‍ക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നാമജപയാത്ര നയിച്ചെത്തിയ സ്ത്രീകള്‍ കോതമംഗലത്ത് റോഡ് ഉപരോധിക്കുന്നു"

സ്വാമി അയ്യപ്പന്റെ ചിത്രത്തിനു മുന്നില്‍ നിറഞ്ഞു കത്തിയ നിലവിളക്കുകള്‍... എല്ലാ നാവുകളില്‍ നിന്നും ഉയര്‍ന്നു കേട്ട ശരണം വിളികള്‍... വെയിലും മഴയും വകവയ്ക്കാതെ പ്രായഭേദമെന്യേ ആയിരക്കണക്കിനു ഭക്തര്‍ ദേശീയപാതകള്‍ ഉപരോധിച്ചപ്പോള്‍ ശബരിമല വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതു സര്‍ക്കാരിനുള്ള മുന്നറിയിപ്പായി, എന്തു വന്നാലും വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനുള്ള താക്കീതായി...

ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തിലാണ് കേരളത്തിലാകെ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചത്. ശരണമന്ത്രങ്ങള്‍ മുഴക്കി സ്ത്രീകളും അണി ചേര്‍ന്നപ്പോള്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ അയ്യപ്പ ഭക്തര്‍ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനമായി അത്. ശരണം വിളികളാല്‍ മുഖരിതമായപ്പോള്‍ മണ്ഡലകാലത്തിലേതുപോലെയായി ഇന്നലെ ദേശീയപാതകള്‍. യുവതികളെ ശബരിമലയില്‍ കയറ്റുന്നതിന് കോപ്പു കൂട്ടുന്ന സംസ്ഥാന സര്‍ക്കാരിന് യുവതികളുടെ  ശരണം വിളികള്‍ താക്കീതായി. 

ഇരുനൂറോളം കേന്ദ്രങ്ങളിലായിരുന്നു ഉപരോധ സമരം. സ്വാമി അയ്യപ്പന്റെ ചിത്രത്തിനു മുന്നില്‍ നിലവിളക്ക് തെളിച്ചായിരുന്നു പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. സമാധാനപരമായിരുന്നു ഒരു മണിക്കൂര്‍ ഉപരോധം.

തിരുവനന്തപുരത്തെ ഉപരോധം കേശവദാസപുരത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്തു. പഴവങ്ങാടിയിലെ ഉപരോധ സമരം ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തലസ്ഥാന നഗരിയില്‍ കഴക്കൂട്ടത്തും പാപ്പനംകോട്ടുമായിരുന്നു മറ്റ് ഉപരോധ വേദികള്‍. കൊല്ലത്ത് ആറിടത്തായിരുന്നു ഉപരോധം. ചിന്നക്കടയില്‍ ശബരിമല മുന്‍മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി ഉദ്ഘാടനം ചെയ്തു. 

കോട്ടയം ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, പൊന്‍കുന്നം, വൈക്കം, പാലാ എന്നിവിടങ്ങളിലായിരുന്നു ഉപരോധം. പാലാ കൊട്ടാരമറ്റത്ത് ഹിന്ദു മാര്‍ഗദര്‍ശകമണ്ഡല്‍ സംസ്ഥാന ജന.സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. സി.ഐ. ഐസക് മുഖ്യപ്രഭാഷണം നടത്തി. പൊന്‍കുന്നത്ത് അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്തു. വാഴൂര്‍ തീര്‍ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി. 

എറണാകുളം ജില്ലയില്‍ കലൂര്‍, വൈറ്റില, തോപ്പുംപടി, പിറവം, കോതമംഗലം, പട്ടിമറ്റം, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, കളമശ്ശേരി, ചെറായി എന്നിവിടങ്ങളായിരുന്നു ഉപരോധം. 

ഇടുക്കിയില്‍ തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, രാജാക്കാട്, കുമളി, ഏലപ്പാറ, മറയൂര്‍ എന്നിവിടങ്ങളിലായിരുന്നു ഉപരോധം. കട്ടപ്പനയില്‍ കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ട് പതിനൊന്നിടത്തും മലപ്പുറത്ത് ആറിടത്തും വയനാട്ടില്‍ നാലിടത്തും കണ്ണൂരില്‍ അഞ്ചിടത്തും കാസര്‍കോട്ട് അഞ്ചിടത്തും തൃശൂരില്‍ ഒന്‍പതിടത്തും ഉപരോധം നടന്നു.

സ്വന്തം ലേഖകര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.