രണ്ടാം ടെസ്റ്റ് നാളെ ; ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത

Thursday 11 October 2018 3:02 am IST

ഹൈദരാബാദ്: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീം ഇന്നലെ രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. നാളെയാണ് ടെസ്റ്റ് ആരംഭിക്കുക.ആദ്യ ടെസ്റ്റില്‍ ഇന്നിങ്ങ്‌സ് വിജയം നേടിയ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. 

ബാറ്റ്‌സ്മാന്മാരായ ചേതേശ്വര്‍ പൂജാര, പൃഥ്വി ഷാ, കെ.എല്‍ രാഹുല്‍ എന്നിവര്‍ ബാറ്റിങ്ങ് പരിശീലനം നടത്തി. ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ബൗളിങ്ങ് പരിശീലനം നടത്തി. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ഇവര്‍ പരിശീലനം നടത്തിയത്.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കിയേക്കും. ദേശീയ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവരുന്ന മായങ്ക് അഗര്‍വാള്‍ കോഹ്‌ലിക്ക് പകരം ടീമിലെത്തിയേക്കും. 

ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായ്ക്ക് രണ്ടാം ടെസ്റ്റിലും അവസരം ലഭിക്കും. കെ.എല്‍. രാഹുലിനെ ഓപ്പണറായി നിലനിര്‍ത്തിയേക്കും. കോഹ്‌ലിക്ക് വിശ്രമം നല്‍കിയാല്‍ അജിങ്ക്യേ രഹാനെയാകും ടീമിനെ നയിക്കുക. ആദ്യ ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് കാര്യമായ വെല്ലുവിളിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തിയേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.