മട്ടന്നൂര്‍: പ്രകൃതി സൗന്ദര്യം കനിഞ്ഞരുളിയ പാലുകാച്ചിപ്പാറയിലും പുരളി മലയിലും മഴ മാറി നിന്നപ്പോള്‍ സന്ദര്‍ശനത്തിനെത്തിയത് നിരവധി സഞ്ചാരികള്‍. വിനോദ സഞ്ചാരികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും പ്രകൃതിയെ അടുത്തറിയാന്‍ സാധിക്കുന്ന വൈവിധ്യങ്ങളുടെ കലവറയാണ് മാലൂര്‍ പഞ്ചായത്തിലെ പുരളി മലയും പാലുകാച്ചി മലയും. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലുകാച്ചിപ്പാറയുടെ സൗന്ദര്യം നുകരാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലക്ക് പുറത്തു നിന്നും ജനങ്ങള്‍ എത്തിച്ചേരുന്നുണ്ട്.
പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര് സങ്കേതമായി ഉപയോഗിച്ചിരുന്ന പുരളിമലയോട് ചേര്‍ന്ന പ്രദേശമാണിത്. കൊട്ടിയൂര്‍ തീര്‍ത്ഥാടനവുമായി ഐതിഹ്യബന്ധമുള്ള സ്ഥലമായതിനാല്‍ ഒട്ടേറെ സന്ദര്‍ശകര്‍ ഇവിടെയെത്തുന്നുണ്ട്. അടുത്തുതന്നെ കിടക്കുന്ന പുരളിമലയുടെ സവിശേഷതകള്‍ നിരവധിയാണ്. പുരളിമലയും സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വ സസ്യങ്ങളുടേയും പക്ഷികളുടേയും ആവാസ കേന്ദ്രമാണ് പുരളിമല. മലകളും താഴ്വാരവും കടലും അടക്കം നാലു വശത്തും പ്രകൃതിയൊരുക്കിയ അതിമനോഹരമായ കാഴ്ചയാണ് പുരളിമലയിലുള്ളത്. പ്രകൃതി രമണീയമായ പുരളി മലയില്‍ ഇക്കോ ടൂറിസം പദ്ധതിക്കായി 3.33 കോടി രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കി ജില്ലാ ടൂറിസം വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. മലയുടെ ഒരു ഭാഗത്തേക്ക് റോഡുപണിതതോടെ ഇപ്പോള്‍ പുരളി മലയില്‍ സഞ്ചാരികള്‍ക്ക് യാത്ര സുഗമമാക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ (ഡിടിപിസി) നേതൃത്വത്തിലാണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
പദ്ധതിപ്രകാരം റോപ് വേ, കളിസ്ഥലം, പോളി ഹൗസ്, ലൈറ്റിംഗ്, മഡ് ഹൗസ്, ലാന്‍ഡ് സ്കേപ്പിംഗ്, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, സണ്‍ സെറ്റ് വ്യൂ, വാച്ച് ടവര്‍ എന്നിവയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഏതാനും കിലോമീറ്റര്‍ അകലെയുള്ള മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുരളിമലക്കും പാലുകാച്ചി മലക്കും സാധിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: