ദുരന്ത നിവാരണം: ഭിന്നശേഷിക്കാര്‍ക്കുള്ള പരിശീലനം തുടങ്ങി

Thursday 11 October 2018 10:02 pm IST

 

കണ്ണൂര്‍: ദുരന്തസാഹചര്യങ്ങളെ നേരിടാന്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന ചതുര്‍ദിന ശില്‍പശാല കണ്ണൂരില്‍ അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. ശരിയായ പരിശീലനത്തിലൂടെ ദുരന്തവേളകളിലെ അപകടനിരക്ക് കുറയ്ക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തങ്ങള്‍ എപ്പോള്‍ എവിടെ വേണമെങ്കിലും സംഭവിക്കാമെന്നാണ് ഇക്കഴിഞ്ഞ നാളുകളിലുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും നമ്മെ ബോധ്യപ്പെടുത്തിയത്. അത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാനും ദുരന്തത്തിന്റെ ആഘാതം പരമാവധി കുറയ്ക്കാനുമാണ് നാം ശ്രമിക്കേണ്ടത്. ദുരന്തവേളകളില്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ എന്ന നിലയില്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലനം ഏറെ പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരമൊരു പരിശീലനം കേരളത്തിലാണ് ആദ്യമായി നടപ്പിലാക്കുന്നതെന്നും പദ്ധതി താമസിയാതെ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) ഡയരക്ടര്‍ ഡോ.പി.ടി.ബാബുരാജ് അധ്യക്ഷത വഹിച്ചു. ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെടുന്ന ഭിന്നശേഷിക്കാര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കുന്നതെന്നും ഇവരെ ഉപയോഗിച്ച് ബാക്കിയുള്ളവര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ കെ രാജീവന്‍, കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം.സജീവന്‍, പരിശീലന പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.സി.അനില തുടങ്ങിയവര്‍ സംസാരിച്ചു. 

കാഴ്ചാപരിമിതിയുള്ളവര്‍ക്കു വേണ്ടിയുള്ള പരിശീലനമാണ് ആദ്യദിവസം നല്‍കിയത്. ബ്രെയിലിയില്‍ തയ്യാറാക്കിയ പരിശീലന ലഘുലേഖകള്‍ ഇവര്‍ക്ക് ലഭ്യമാക്കി. വരുംദിനങ്ങളില്‍ ഭിന്നശേഷിക്കാരിലെ മറ്റു വിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഐയുസിഡിഎസ് ശില്‍പശാല സംഘടിപ്പിക്കുന്നത്.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.