സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍

Thursday 11 October 2018 10:11 pm IST

 

ഇരിട്ടി: സ്‌കൂട്ടറില്‍ പ്രത്യേക അറകളുണ്ടാക്കി കര്‍ണ്ണാടകത്തില്‍ നിന്നും കടത്തുകയായിരുന്ന ലഹരി ഗുളികകളുമായി യുവാവിനെ ഇരിട്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണപുരം സ്വദേശി അബ്ദുല്‍റഹ്മാ(27)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ഇന്നലെ ഉച്ചയോടെ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് അബ്ദുല്‍ റഹ്മാന്‍ പിടിയിലാവുന്നത്. സ്‌കൂട്ടറിനകത്ത് പ്രത്യേക അറകളുണ്ടാക്കി അതില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഗുളികകള്‍. മുന്നൂറോളം നൈട്രോസന്‍ (നൈട്രോസപാം), സ്പാസ്‌മോ പ്രോക്‌സിവോണ്‍ എന്നിവയായിരുന്നു അറയ്ക്കകത്തുണ്ടായിരുന്നത്. ഇവയുടെ തൂക്കം ഇരുന്നൂറു ഗ്രാമോളം വരും. ഇത്തരം ഗുളികകള്‍ ഇരുപത് ഗ്രാമിലധികം രേഖകളില്ലാതെ കൈവശം വെക്കുന്നത് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവ ബംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വില്‍പ്പനക്കായി കടത്തുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടൈറ്റസിനെക്കൂടാതെ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ടി.സുധീര്‍, എം.കെ.സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.സി.ഷിബു, ടി.ഒ.വിനോദ്, എം.വിജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ വടകര നാര്‍കോട്ടിക് കോടതിയില്‍ ഹാജരാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.