ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം

Friday 12 October 2018 3:21 am IST

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങി ഇന്ത്യ. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് രാവിലെ 9.30 ന്് കളി തുടങ്ങും. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ഉജ്വല വിജയം. രണ്ടാം ടെസ്റ്റിലും കോഹ്‌ലിപ്പട തങ്ങളുടെ റണ്‍ വേട്ട തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രാജ്‌കോട്ടിലെ അതേ ടീമുമായാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്. നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ മികച്ച ഫോമിലല്ല എന്നുള്ളത് വിന്‍ഡീസിന് തിരിച്ചടിയായേക്കും.

ഒന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായിലാണ് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും. കരിയറിലെ ആദ്യ ടെസ്റ്റില്‍ത്തന്നെ 154 പന്തില്‍ നിന്ന് 134 റണ്‍സ് നേടി തന്റെ മികവ് തെളിയിച്ച പൃഥ്വി ഇന്നും ഇന്ത്യന്‍ നിരയിലെ തിളങ്ങുന്ന താരമാകും എന്നാണ് വിലയിരുത്തല്‍. 

അതേസമയം, ടീമിലുണ്ടായിട്ടും കഴിഞ്ഞ കളിയില്‍ അവസരം ലഭിക്കാതിരുന്ന മയങ്ക് അഗര്‍വാളിനെ ഇത്തവണയും 12 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ രാജ്‌കോട്ടില്‍ ഒരു റണ്‍ പോലും എടുക്കാതെ പുറത്തായ കെ.എല്‍ രാഹുല്‍ ഇത്തവണയും ടീമിലുണ്ട്. മുഹമ്മദ് സിറാജിനെയും രണ്ടാം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), പൃഥ്വി ഷാ, കെ.എല്‍ രാഹുല്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്( വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ശാര്‍ദില്‍ ഠാക്കുര്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.