ഉപതെരഞ്ഞെടുപ്പ്: നാലു ജില്ലകളില്‍ ബിജെപിക്ക് ഉജ്ജ്വല മുന്നേറ്റം

Friday 12 October 2018 2:16 pm IST
കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാത്രം വിജയിക്കുന്ന സീറ്റിലാണ് തലസ്ഥാനത്തെ നാവായിക്കുളത്ത് ബിജെപി വിജയം.

കൊച്ചി: ഇരു മുന്നണികളേയും അമ്പരപ്പിച്ച്, തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി സിപിഎം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചു വിജയിച്ചു. തിരുവനന്തപുരത്തെ നാവായിക്കുളത്താണ് ഈ വിജയം. തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്നിലാക്കി ചില സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തി. ഇടുക്കി വണ്ടന്‍ മേട്ടില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 20 വോട്ടിനാണ് വിജയം പോയത്. 

പത്ത് ജില്ലകളിലെ 20 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍  13 വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. ആറിടത്ത് യുഡിഎഫും ഒന്നില്‍ ബിജെപിക്കുമാണ് വിജയം. കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാത്രം വിജയിക്കുന്ന സീറ്റിലാണ് തലസ്ഥാനത്തെ നാവായിക്കുളത്ത് ബിജെപി വിജയം. യമുനാബിജു 421 വോട്ട് നേടി ഒന്നാമതെത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലക്ഷ്മി ഗോപാലകൃഷ്ണന് 319 വോട്ടും സിപിഎം സ്ഥാനാര്‍ത്ഥി പത്മാരാമചന്ദ്രന് 387 വോട്ടും കിട്ടി.

പാലക്കാട്ടെ കിഴക്കഞ്ചേരി പഞ്ചായത്ത് ഇളംങ്കാവ് വാര്‍ഡ് ബിജെപി രണ്ടാം സ്ഥാനത്ത്. ബ്രാക്കറ്റില്‍ 2015 ല്‍ നേടിയ വോട്ട്. 

സിപിഎം 661 (571), ബിജെപി 448(196), കോണ്‍ഗ്രസ് 251 (596). എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. രാമകൃഷ്ണന്‍ 213 ഭൂരിപക്ഷം. 

തൃശൂര്‍ കൈപമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി 65 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇവിടെ ബിജെപിക്ക് എല്‍ഡിഎഫിനേക്കാള്‍ അഞ്ചുവോട്ടിന്റെ കുറവേ ഉള്ളു. യുഡിഎഫ് -322, എല്‍ഡിഎഫ്.-257, ബിജെപി.- 252, സ്വതന്ത്രന്‍- 173. കഴിഞ്ഞ തവണ വിജയിച്ച സിപിഎം സ്ഥാനാര്‍ഥിയെ അഴിമതിയെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.

ഇടുക്കി വണ്ടന്‍മേട് അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചു. ബിജെപി രണ്ടാം സ്ഥാനത്തെത്തി. 20 വോട്ടിനാണ് തോറ്റത്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. എല്‍ഡിഎഫ് സ്വതന്ത്രന്‍ അജോ വര്‍ഗിസാണ് വിജയിച്ചത്. 

കണ്ണൂര്‍ ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന നാലിടത്തും എല്‍ഡി എഫ് വിജയിച്ചു. തലശേരി നഗരസഭ ആറാം വാര്‍ഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. കെ.എന്‍. അനീഷിന് 475 വോട്ട് ഭൂരിപക്ഷം. ബിജെപിയിലെ ടി.എം. നിശാന്തിന് 205 വോട്ട്, കോണ്‍ഗ്രസിലെ  കുഞ്ഞികൃഷ്ണന് 188. 

സിപിഎം കോണ്‍ഗ്രസിന് വോട്ടു മറിച്ചു

പാലക്കാട്ടെ കിഴക്കഞ്ചേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു വിഭാഗം വോട്ടുകള്‍ സിപിഎമ്മിന് മറിച്ചു കൊടുത്തതായി ഭാരതീയ ജനതാ പാര്‍ട്ടി ആരോപിക്കുന്നു. സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ മൂന്നാം സ്ഥാനത്ത് എത്തിയെന്ന് ആ പാര്‍ട്ടി പരിശോധിക്കേണ്ടതാണ്. ഭാരതീയ ജനതാ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സദാചാരവും മൂല്യങ്ങള്‍ക്കും ഉള്ള വോട്ടാണ് മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയുടെ കോട്ടയായ കിഴക്കഞ്ചേരി പഞ്ചായത്തില്‍ നേടിയത്. 

രണ്ടുവര്‍ഷത്തിനിടെ നാലു വിജയം

നാവായിക്കുളത്തെ ബിജെപി വിജയം മികച്ച രാഷ്ട്രീയ സൂചനയാണെന്ന് ബിജെപി തിരുവനന്തപുരം അധ്യക്ഷന്‍ എസ്. സുരേഷ് പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിക്ക് വിജയിക്കാനായി. നഗരസഭയിലെ പാപ്പനംകോട്, ഊരൂട്ടമ്പലം,നൂലിയോട് വാര്‍ഡുകളിലാണ് മുമ്പ് ജയിച്ചത്. ഇപ്പോള്‍ നാവായിക്കുളത്തും വിജയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരാണ് വിജയത്തിന്റെ അവകാശികളെന്ന് സുരേഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.