കൊല്ലം: സംസ്ക്കാരത്തേയും ആചാരാനുഷ്ഠാനങ്ങളേയും സംരക്ഷിക്കാനുള്ള ജനമുന്നേറ്റത്തെ ജാതിപറഞ്ഞ് ഭിന്നിപ്പിക്കാനുള്ള മാര്‍ക്സിസ്റ്റ് ശ്രമത്തിന് മറുപടിയായി എന്ഡിഎചെയര്മാന് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നയിക്കുന്ന ശബരിമല സംരക്ഷണയാത്ര മുന്നേറുന്നു.
സവര്‍ണജാഥയെന്ന ഹീനപ്രചാരണത്തിന്റെ മുനയൊടിക്കുംവിധം എല്ലാവിഭാഗം ജനങ്ങളും ചേര്‍ന്ന് നയിക്കുകയും നടത്തുകയും ചെയ്ത യാത്ര കൊല്ലത്തിന്റെ ആവേശമായി മാറി. യാത്രയുടെ ഇന്നലത്തെ പ്രയാണം ചവറയില്‍ നിന്നാണ് ആരംഭിച്ചത്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ജാതിചിന്തകള്‍ക്ക് അതീതമായി ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി എന്‍ഡിഎയുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന കാഴ്ചയ്ക്കും കൊല്ലം വേദിയായി.
യാത്രാനായകനായ എന്‍ഡിഎ ചെയര്മാന് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയെ പുഷ്പഹാരവും കിരീടവും അണിയിച്ചാണ് ജില്ലയിലേക്ക് പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചത്. എന്‍ഡിഎ നടത്തുന്ന ഈ സമരം കേരളത്തിന്റെ നാലതിരുകളില്‍ ഒതുങ്ങിനില്ക്കുന്നതല്ലെന്ന് യാത്രാനായകന് വ്യക്തമാക്കി. വരുംദിവസങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കും. അയ്യപ്പസ്വാമിയുടെ ഭക്തകോടികള്‍ പരപ്രേരണ കൂടാതെ പങ്കെടുക്കുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. ശബരിമലയുവതീപ്രവേശന വിഷയത്തില്‍ കേരളത്തിലെ വിശ്വാസികളായ സ്ത്രീസമൂഹത്തില്‍ ഹിതപരിശോധനനടത്താന് സംസ്ഥാനസര്‍ക്കാര്‍ തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ പട്ടികജാതിക്കാരെ വഞ്ചിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതാക്കിയ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം തെളിവുകളുടെ പിന്‍ബലത്തോടെ കെപിഎംഎസ് സംസ്ഥാനജനറല്‍ സെക്രട്ടറിടി.വി.ബാബു വിവരിച്ചത് കൈയടികളോടെയാണ് ജനസഹസ്രങ്ങള്‍ ഏറ്റുവാങ്ങിയത്. നൂറ്റാണ്ടുകളായി മലയരയന്മാര് കുടുംബപരദേവതയായി ആരാധിക്കുന്ന ശബരിമല അയ്യപ്പസ്വാമിയുടെ മുന്നില്‍ നാളിതുവരെ ആ വിഭാഗത്തിലുള്ള യുവതികള്‍ ദര്ശനത്തിനെത്തിയിട്ടില്ല എന്നത് ആര്‍ക്കും അന്വേഷിച്ചാല്‍ മനസ്സിലാകും. ഇത് ശബരിമലയുടെ ആചാരവിശുദ്ധിയാണ് കാണിക്കുന്നത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മൈസൂരിലെ ബിജെപിഎംപി പ്രസാദ്സിന്ഹ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് ജില്ലാപ്രസിഡന്റ് എ. സോമരാജന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, ശോഭാസുരേന്ദ്രന്, സെക്രട്ടറി രാജിപ്രസാദ്, പുഞ്ചക്കരി സുരേന്ദ്രന്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്കെ. പത്മകുമാര്‍, തഴവാ സഹദേവന്, പിഎസ്പി സംസ്ഥാന അധ്യക്ഷന്‍ പൊന്നപ്പന്, കല്ലട ദാസ്, കുഡുംബി അസോസിയേഷന് പ്രസിഡന്റ് ഓലയില്‍ ബാബു, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമ തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. യാത്ര ചിന്നക്കടയില്‍ സമാപിച്ചു. നാളെ യാത്ര കൊല്ലം ജില്ലയിലെ മാടന്നടയില് നിന്ന് തുടങ്ങി ചാത്തന്നൂരില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: