അറ്റോര്‍ണീ ജനറലിന്റെ പ്രസ്താവനയോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കണം: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

Sunday 14 October 2018 2:34 am IST

കൊല്ലം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ നടത്തിയ പ്രസ്താവനയോട് മുഖ്യമന്ത്രി പിണറായി വിജയനോ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനോ പ്രതികരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയുടെ നാലാംദിവസത്തെ പ്രയാണംആരംഭിച്ച കൊല്ലം മാടന്‍നടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിശ്വാസികളുടെ സമരത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റ നിലപാടിന്റെ ദിശാസൂചികയാണ് അറ്റോര്‍ണി ജനറലിന്റെ വാക്കുകള്‍. സംസ്ഥാന വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് പ്രവര്‍ത്തിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം. അതിന് പിണറായി സര്‍ക്കാര്‍ തയാറാണോ എന്നതാണ് വിഷയം. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ അഭിപ്രായത്തെ മാനിക്കാന്‍ തയ്യാറായാല്‍  കൂടെ നില്‍ക്കാന്‍ തയാറാണെന്നും എന്‍ഡിഎ ചെയര്‍മാന്‍ കൂടിയായ ശ്രീധരന്‍പിള്ള പറഞ്ഞു.

ആചാരസംരക്ഷണത്തിനു മുന്നിട്ടിറങ്ങിയ ഹൈന്ദവവിശ്വാസികളെ ചതിച്ചവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസുമുണ്ട്. ശബരിമല യുവതീപ്രവേശനവിധിയെ ചരിത്രപരമായ വിധിയെന്നാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ട്വിറ്ററില്‍ കുറിച്ചത്. ആ അഭിപ്രായം മാറ്റിയിട്ടു വേണമായിരുന്നു സമരത്തിനിറങ്ങാന്‍. 

ദല്‍ഹിയില്‍ ഒരേ തൂവല്‍പക്ഷികളായി ഒന്നിച്ചു പറക്കാന്‍ തീരുമാനിച്ചവരുടെ സമ്മര്‍ദം കൊണ്ടാണ് കെപിസിസി ഇപ്പോള്‍ പ്രത്യക്ഷസമരത്തിനില്ലെന്ന് പറഞ്ഞ് പാതിവഴിയില്‍ പിന്മാറുന്നത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനില്ല. രാഷ്ട്രീയസമരത്തിനുമില്ല. ഭക്തകോടികളുടെ വിശ്വാസം സംരക്ഷിക്കാനുള്ള മഹത്തായ യജ്ഞമായാണ് ബിജെപി ഇതിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ.ജി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് തഴവ സഹദേവന്‍, എസ്‌ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.എ.അലി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, ഉപാധ്യക്ഷന്‍ ഡോ. പി.പി വാവ, ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍, സെക്രട്ടറിമാരായ ജെ.ആര്‍.പത്മകുമാര്‍, രേണു സുരേഷ്, രാജിപ്രസാദ്, സി. ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി  തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.