കുടുംബശ്രീ മുഖേന വായ്പ നല്‍കിയത് 1,401 പേര്‍ക്ക് മാത്രം

Sunday 14 October 2018 2:41 am IST

ആലപ്പുഴ: പ്രളയബാധിതര്‍ക്ക് കുടുംബശ്രീ മുഖേന നടപ്പാക്കിയ പുനരുജ്ജീവന വായ്പാ പദ്ധതി പ്രകാരം ഇതുവരെ വായ്പ നല്‍കിയത് 1,401 പേര്‍ക്ക്. 1,44,750 പേരാണ് വായ്പക്ക് അപേക്ഷിച്ച സാഹചര്യത്തിലാണിത്. മഹാപ്രളയം കേരളത്തെ വിഴുങ്ങയിട്ട് രണ്ടുമാസമായിട്ടും ദുരിതബാധിതരെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്. 

 പദ്ധതി പ്രകാരം കുടുംബശ്രീയില്‍ അംഗമായ കുടുംബത്തിന് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വരെയാണ് വായ്പ ലഭ്യമാകുന്നത്. ആകെ ലഭിച്ച അപേക്ഷകളില്‍ 19,205 അപേക്ഷകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ സിഡിഎസിന് കൈമാറിയത്. ബാങ്കുകള്‍ക്ക് 16,218 അപേക്ഷകള്‍ സമര്‍പ്പിച്ചു. ഇതിന്‍പ്രകാരം 73.47 കോടി രൂപയാണ് ബാങ്കുകള്‍ അനുവദിച്ചത്. 

 സംസ്ഥാനത്തെ സഹകരണ-വാണിജ്യ ബാങ്കുകളുമായി സഹകരിച്ചാണ് പുനരുജ്ജീവന വായ്പാ പദ്ധതി നടപ്പാക്കുന്നത്. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. 1.44 ലക്ഷം പേര്‍ക്ക് 957 കോടി രൂപയാണ് ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പ്രളയം തകര്‍ത്ത ക്ഷീര വികസനമേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ 22 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി.

പ്രളയം ബാധിച്ച 50 ബ്ലോക്കുകളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പശു വളര്‍ത്തലിന് സബ്‌സിഡി നിരക്കില്‍ ധനസഹായം നല്‍കുന്നതാണ് പദ്ധതി. പശുക്കളെ വാങ്ങുന്നതിന് പശു ഒന്നിന് 33,000 രൂപ നിരക്കില്‍ ധനസഹായം നല്‍കും. 1,200 ക്ഷീര കര്‍ഷകര്‍ക്ക് ഒരു പശുവിനെയും, 900 പേര്‍ക്ക് രണ്ടു പശുവിനെയും വാങ്ങുവാനുള്ള സഹായം നല്‍കുന്നതാണ് ഈ പദ്ധതി. 1,500 ക്ഷീര കര്‍ഷകര്‍ക്ക് പശു വളര്‍ത്തലിനുള്ള ആവശ്യാധിഷ്ഠിത സഹായം എന്ന നിലക്ക് 50,000 രൂപ വരെ സഹായം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.